-->
ദോഹ: സംസ്‌കൃതി ഖത്തർ പന്ത്രണ്ടാമത് സി വി ശ്രീരാമൻ സാഹിത്യപുരസ്കാരം ജലീലിയോ ഏറ്റുവാങ്ങി.ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്‌ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തും സാഹിത്യ അക്കാദമി,JCB പുരസ്കാരങ്ങളുടെ ജേതാവുമായ എസ് ഹരീഷ് ജലീലിയോക്ക് പുരസ്‌കാരം സമ്മാനിച്ചു. 50000 രൂപയും ശിൽപ്പവും അടങ്ങുന്നതായിരുന്നു പുരസ്കാരം. ഇന്ത്യക്ക്പുറത്തുള്ള ലോകമലയാളി എഴുത്തുകാരുടെ 76-ലധികം ചെറുകഥകളിൽ നിന്നുമാണ്ജലീലിയോയുടെ 'ടിനിറ്റെസ്'എന്നകഥയ്ക്ക് പുരസ്‌കാരം ലഭിച്ചത്.കഥാകാരനും നോവലിസ്റ്റും സാഹിത്യ അക്കാദമി ജേതാവുമായ അശോകൻ ചെരുവിൽ ചെയർമാനും പ്രമുഖ ചെറുകഥാകൃത്തുക്കളായ അഷ്ടമൂർത്തിയും, എസ് സിത്താരയും അംഗങ്ങളുമായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.
സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അവാർഡ് കമ്മിറ്റി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി സി വി ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന്റെ നാൾവഴികളെ കുറിച്ചു സംസാരിച്ചു. എസ്.ഹരീഷ് മുഖ്യപ്രഭാഷണം നടത്തി. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച രണ്ടോ മൂന്നോ കഥാകൃത്തുക്കളിൽ ഒരാളായി ഗണിക്കപ്പെടേണ്ട സി. വി. ശ്രീരാമന്റെ പേരിലുള്ള ഈ പുരസ്കാരം ലോകമെമ്പാടുമുള്ള പ്രവാസി എഴുത്തുകാർ ആഗ്രഹിക്കുന്ന അംഗീകാരമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീരാമന്റെ കഥകളുടെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും പ്രഭാഷണത്തിൽ ഹരീഷ് വിശദീകരിച്ചു.
അവാർഡ് ജേതാവ് ജലീലിയോ മറുപടി പ്രഭാഷണം നടത്തി.2026 ലേക്കുള്ള സംസ്കൃതി മെംബർഷിപ്പ് വിതരണോൽഘാടനവും
എസ്. ഹരീഷ് നിർവ്വഹിച്ചു.2014 മുതൽ 2024 വരെ സി വി ശ്രീരാമൻ സാഹിത്യപുരസ്കാരത്തിന് അർഹമായ കഥകളുടെ സമാഹാരം എസ് ഹരീഷ് ജലീലിയോക്ക് നൽകി പ്രകാശനം ചെയ്തു.കൊറിയയിൽ നടക്കുന്ന World Masters Athletic Meet-ലേക്ക് യോഗ്യത നേടിയ സംസ്കൃതി ഖത്തർ ഫിറ്റ്നസ് ഫ്രൈഡേ ട്രെയിനർ കെ ജെയ്‌സണ് കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്‌ടർ ഇ എം സുധീർ സംസ്കൃതിയുടെ ആദരവ് നൽകി.
വനിത വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് സാന്നിധ്യം വഹിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും സെക്രട്ടറി ബിജു പി മംഗലം നന്ദിയും പറഞ്ഞു.
സുപ്രസിദ്ധ കാഥികൻ കെടാമംഗലം സദാനന്ദന്റെ ശിഷ്യനായ സൂരജ് സത്യനും സംഘവും അവതരിപ്പിച്ച ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' കഥാപ്രസംഗം സദസ്സിന്റെ മനംകവർന്നു.സൂരജ് സത്യന്റെ സംഘത്തിൽ ആലപ്പി ഋഷികേശ്(ഹാർമോണിയം) ഗസൽ സോമൻ (തബല) എൻ മുരളി (കീബോർഡ്) എന്നിവർ അകമ്പടിവാദ കരായിരുന്നു.
ഷഫീക്ക് അറക്കൽ