Wednesday, March 11, 2026 Last Updated 19 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 21 Nov 2025 04.03 PM

‘ഞങ്ങൾ ആരുടെയും വീട്ടിലേക്ക് ബലപ്രയോഗത്തിലൂടെ കടന്നുകയറിയില്ല, ക്ഷണിക്കപ്പെടാതെ പങ്കെടുത്തില്ല, ആരെയും അനാദരിച്ചില്ല...’ പോസ്റ്റുമായി ആദിലയും നൂറയും

മലബാർ ഗോൾഡ് ഡയറക്ടര്‍ ഫൈസൽ എകെ മലബാറിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ ലെസിബിയന്‍ കപ്പിള്‍സും ബിഗ് ബോസ് മത്സരാര്‍ത്ഥികളുമായിരുന്ന ആദിലയും നൂറയും പങ്കെടുത്തതും അതിനു പിന്നാലെ വന്ന വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതാണ്. ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് പങ്കിടുകയാണ് നൂറയും ആദിലയും.
Adila and Noora, Malabar Gold Director Faisal AK Malabar
Adhila and Noora on Faisal Ak malabar issue (Image Source: Instagram)

മലയാളം ബിഗ് ബോസ് മത്സരാര്‍ത്ഥികളായി എത്തി പ്രേക്ഷകരുടെയും ജനങ്ങളുടെയും മനസ്സിലിടം നേടിയ ലെസിബിയന്‍ കപ്പിള്‍സാണ് ആദില നസ്രിനും നൂറ ഫാത്തിമയും. അതു​വരെ സമൂഹം വേറൊരു കണ്ണിലൂടെ കണ്ടിരുന്ന ഇവര്‍ സീസൺ 7നിലേക്ക് വളരെ നെഗറ്റീവ് ഇമേജുമായി കയറുകയും ആളുകളുടെ സ്നേഹവും പിന്തുണയും നേടി പുറത്തേക്ക് വരുകയുമാണ് ചെയ്തത്. ബിഗ് ബോസ് കഴിഞ്ഞതോടെ ഇരുവരും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്. ഫോട്ടോഷൂട്ടുകളും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലാണ് ഇവര്‍ രണ്ടാളും.
കഴിഞ്ഞ ദിവസം മലബാർ ഗോൾഡ് ഡയറക്ടര്‍ ഫൈസൽ എകെ മലബാറിന്റെ ഗൃഹപ്രവേശന ചടങ്ങിലും ആദിലയും നൂറയും എത്തിയതും സോഷ്യൽ മീഡിയയിൽ നിറഞ്ഞതാണ്. എന്നാൽ അതിന് ശേഷം ഇരുവരേയും അപമാനിച്ച് കൊണ്ട് ഫൈസൽ എകെ രംഗത്ത് വന്നു. ആദിലയും നൂറയും പങ്കെടുക്കുന്നത് സംബന്ധിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും സമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും ജീവിക്കുന്നവരെ സ്വീകരിച്ചതിന് ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാണ് ഫൈസൽ എകെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. പക്ഷേ ഫൈസൽ എകെയ്ക്ക് എതിരെ രൂക്ഷ വിമർശനങ്ങള്‍ നിറഞ്ഞ് പോസ്റ്റ് ചര്‍ച്ചകളില്‍ പെട്ടതോടെ ഫൈസല്‍ പിന്നീട് ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
ഇപ്പോഴിതാ നിശബ്ദമായി ഇതിനെ നേരിട്ടിരുന്ന നൂറയും ആദിലയും മൗനം വെടിഞ്ഞ് തങ്ങളുടെ നിലപാട് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ്. ക്ഷണിച്ചിട്ടാണ് ​പോയതെന്നും ആത്മാർത്ഥമായ ആതിഥ്യമര്യാദയോടെയാണ് തങ്ങളോട് പെരുമാറിയതെന്നും തങ്ങളുടെ സാന്നിധ്യം ഒരു പ്രശ്നമാണെന്നോ തങ്ങൾ ആവശ്യമില്ലാത്തവരാണെന്നോ തോന്നിയില്ലെന്നും പിന്നീട് വന്ന പോസ്റ്റ് നിരാശജനകമായിരുന്നുവെന്നുമാണ് ആദിലയും നൂറയും കുറിച്ചത്.
‘‘ഫൈസൽ മലബാറിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് ഞങ്ങളെ ക്ഷണിച്ചു, ഞങ്ങള്‍ ബഹുമാനത്തോടും ആദരവോടെയും ആ ക്ഷണം സ്വീകരിച്ചു. ഞങ്ങളവിടെ പോയത് പണത്തിനോ, പബ്ലിസിറ്റിക്കോ, ഇന്‍ഫ്ലുവന്‍സ് ചെയ്യാനോ അല്ല. ഞങ്ങൾക്ക് രണ്ടുപേർക്കും വ്യക്തിപരമായി ക്ഷണം ലഭിച്ചതിനാലും അത് ദയയുള്ള ഒരു സ്ഥലത്തുനിന്നാണെന്ന് ഞങ്ങൾ വിശ്വസിച്ചതിനാലുമാണ് ഞങ്ങൾ പോയത്.
പരിപാടിയിൽ, ഞങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്തു, ഞങ്ങളുടെ പേരുകൾ വിളിച്ചു, ഫോട്ടോ എടുത്തു, ആത്മാർത്ഥമായ ആതിഥ്യമര്യാദയോടെയാണ് ഞങ്ങളോട് പെരുമാറിയത്. ഞങ്ങളുടെ സാന്നിധ്യം ഒരു പ്രശ്നമാണെന്നോ ഞങ്ങൾ ആവശ്യമില്ലാത്തവരാണെന്നോ ഒരു സൂചനയും ഒരിക്കലും അവിടെ ഉണ്ടായിരുന്നില്ല.
എന്നാൽ അടുത്ത ദിവസം, ‘രണ്ട് പെൺകുട്ടികളെ’ ക്ഷണിക്കുന്നത് ഒരു തെറ്റാണെന്നും ഞങ്ങളെ സ്വീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നുവെന്നും സൂചിപ്പിക്കുന്ന ഒരു പൊതു പ്രസ്താവന കണ്ടത് അങ്ങേയറ്റം നിരാശാജനകമായി.
ഒരു കാര്യം ഞങ്ങൾ വളരെ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു: ഞങ്ങൾ ആരുടെയും വീട്ടിലേക്ക് ബലപ്രയോഗത്തിലൂടെ കടന്നുകയറിയില്ല. ക്ഷണിക്കപ്പെടാതെ ഞങ്ങൾ പങ്കെടുത്തില്ല....ഞങ്ങൾ ഒരു സ്ഥലത്തെയും വ്യക്തിയെയും അനാദരിച്ചില്ല....ഞങ്ങൾ ആരാണെന്ന് ഞങ്ങള്‍ തെളിയിച്ചു. അന്തസ്സോടെയും സത്യത്തോടെയും ജീവിക്കുന്ന രണ്ട് മനുഷ്യർ.
ഞങ്ങളുടെ നിലനിൽപ്പ് കാലഹരണപ്പെട്ട ആശയങ്ങളെ വെല്ലുവിളിക്കുന്നുവെങ്കിൽ, അത് അനുവദിക്കുക...ഞങ്ങളുടെ സാന്നിധ്യം ആരെയെങ്കിലും അസ്വസ്ഥരാക്കുന്നുവെങ്കിൽ, അത് അവരുടെ പ്രതിഫലനമാണ്, ഞങ്ങളുടേതല്ല...
സ്നേഹം ഒരു ധാർമ്മിക കുറ്റകൃത്യമല്ല...സത്യസന്ധമായി ജീവിക്കുന്നത് ഒരു സാമൂഹിക ഭീഷണിയല്ല...ഞങ്ങളായിരിക്കുന്നതിന് ക്ഷമാപണം ആവശ്യമില്ല.
ഞങ്ങളോടൊപ്പം നിന്ന, സ്നേഹം കാണിച്ച, കാര്യങ്ങൾ അന്യായമായിരിക്കുമ്പോൾ ശബ്ദം ഉയർത്തിയ എല്ലാവർക്കും, ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ശക്തി നൽകി, നിങ്ങളുടെ ദയ ഏതൊരു വെറുപ്പിനേക്കാളും ഉച്ചത്തിൽ ഞങ്ങളിലേക്ക് എത്തി.
ഞങ്ങളെ വേദനിപ്പിച്ച ആദ്യ എഴുത്ത് നീക്കം ചെയ്തു, പുതിയൊരു സന്ദേശം പോസ്റ്റ് ചെയ്തു. തിരുത്തലിന് ഞങ്ങൾ നന്ദി പറയുന്നു, അത് എല്ലാവരെയും ഒരു ലളിതമായ സത്യം ഓർമ്മിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു: ജാതി, മതം, ലിംഗഭേദം അല്ലെങ്കിൽ സ്വത്വത്തിന്റെ ലെൻസിലൂടെയല്ല, ആളുകളെ മനുഷ്യരായി കാണുക...മനുഷ്യത്വവും ബഹുമാനവും എപ്പോഴും ഒന്നാമതായിരിക്കണം...സ്നേഹത്തോടും അഭിമാനത്തോടും സത്യസന്ധതയോടും കൂടി ഞങ്ങൾ ജീവിക്കും. ലോകം വിവേചനത്തിനുപകരം ദയയെ തിരഞ്ഞെടുക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു... നൂറ & ആദില...’’ എന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചത്. ഫൈസല്‍ ഇകെയുടെ പോസ്റ്റിനു പിന്നാലെ നിരവധി ആളുകള്‍ ഇവരെ രണ്ടാളെയും തങ്ങളുടെ വീടുകളിലേക്ക് ക്ഷണിക്കുകയും ഒപ്പമുണ്ടെന്ന് കാണിച്ച് പോസ്റ്റിടുകയും ചെയ്തിരുന്നു.

രൂക്ഷവിമര്‍ശനങ്ങള്‍ നിറഞ്ഞതോടെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ​ഫൈസല്‍ എകെ മലബാര്‍ തന്റെ ക്ഷമാപണം പങ്കിട്ടത്. തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള ക്ഷമയും വിനീതമായി അപേക്ഷിക്കുന്നു എന്നാണ് ഫൈസല്‍ എകെ കുറിച്ചത്.
‘‘ആദിലയും നൂറയും സംബന്ധിച്ച വിഷയത്തിൽ എന്റെ നിലപാട് വളരെ വ്യക്തമാണ്...
കോടതിയും ഗവൺമെന്റും അനുവദിച്ചിട്ടുള്ള അവരുടെ സ്വാതന്ത്ര്യം പൂർണ്ണമായും ബഹുമാനിക്കപ്പെടണമെന്നും അവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും ഞാൻ ഹൃദയപൂർവ്വം വിശ്വസിക്കുന്നു. അതിനാൽ, അവർക്ക് തങ്ങളുടെ ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാതെ, അവരെ തടസ്സപ്പെടുത്തുകയോ വിമർശിക്കുകയോ, അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ വിമർശിച്ച് ഹരാസ്മെന്റ് നടത്തുകയോ ചെയ്യുന്നത് ശരിയല്ല. ഏതൊരു മതത്തിൽ വിശ്വസിക്കുന്നവരായാലും, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിനിയമത്തിന്റെയും ബഹുമാനം ഏതൊരു മതപരിധിക്കും അതീതമായ ഒരു അടിസ്ഥാന മനുഷ്യനന്മയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ ഹൗസ്‌വാർമിംഗ് ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും എന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ല. അത് പ്രതീക്ഷിച്ചതിനുമപ്പുറം ചില നെഗറ്റീവ് പ്രതികരണങ്ങളും ഹരാസ്മെന്റും ഉയർന്നുവെന്നും, അത് ഇവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
അതുകൊണ്ടാണ് ഞാൻ വ്യക്തമായി പറയുന്നത്: അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശം എനിക്കൊന്നുമുണ്ടായിരുന്നില്ല...അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നു... അവർക്കെതിരായ അനാവശ്യ വിമർശനങ്ങളും ഹേറ്റ് ക്യാംപെയ്ൻകളും അവസാനിക്കണമെന്ന് ഞാൻ ഹൃദയപൂർവ്വം ആഗ്രഹിക്കുന്നു....അവർ സമാധാനത്തോടെ, ആരുടെയും ഭീഷണിയോ സമ്മർദ്ദമോ കൂടാതെ, സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അവസരം ലഭിക്കണം.
ഒരു മനുഷ്യനെന്ന നിലയിൽ, മനുഷ്യരുടെ സ്വാതന്ത്ര്യത്തെയും സുരക്ഷയെയും ബഹുമാനിക്കുക എന്നതാണ് ഏറ്റവും പ്രഥമമായ മൂല്യം.
ഈ വിഷയത്തെക്കുറിച്ച് എന്നോടു സംസാരിച്ച, കാര്യങ്ങൾ മനസ്സിലാക്കിയ, പിന്തുണച്ച എല്ലാ സുഹൃത്തുക്കൾക്കും ഹൃദയപൂർവം നന്ദി പറയുന്നു.
തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനുള്ള ക്ഷമയും ഞാൻ വിനീതമായി അപേക്ഷിക്കുന്നു....’’ എന്നാണ് ഫൈസല്‍ എകെ കുറിച്ചത്.

Ads by Google
Friday 21 Nov 2025 04.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW