-->
കൊച്ചി: എഡിജിപി എംആര്‍ അജിത്കുമാറിനെതിരേയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം ആകാമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. പ്രോസിക്യൂഷന്‍ അനുമതി തേടി പരാതിക്കാരന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അറിയിച്ചു. വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധമെന്ന പരാമര്‍ശമാണ് കോടതി റദ്ദാക്കിയത്.
നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചീറ്റ് തിരുവനന്തപുരം വിജിലന്‍സ് കോടതി റദ്ദാക്കുകയും കേസുമായി മുന്നോട്ടുപോകാമെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.
വിജിലന്‍സ് കോടതിയുടെ വിധിക്കെതിരേ അജിത്കുമാര്‍ നേരത്തേ അപ്പീല്‍ നല്‍കിയിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്ന അജിത് കുമാറിന്റെ വാദം കോടതി ശരിവെച്ചു. അതേസമയം മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ കോടതി റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.