-->
ഇന്ന് ഓരോ ജോലിമേഖലകളിലും ശാരീകമായും മാനസികമായും തൊഴിലാളികള്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. കുറഞ്ഞ ശമ്പളവും, അധിക സമയ ജോലിയും മാത്രമല്ല അത്യാവശ്യത്തിന് അവധി ലഭിക്കാതിരിക്കുന്നതും മറ്റൊരു പ്രധാന പ്രശ്‌നമാണ്. ഇത്തരത്തില്‍ നിരവധി ആളുകള്‍ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ എട്ടുദിവസത്തെ ലീവിന് അപേക്ഷിച്ചതോടെ ജോലി നഷ്ടമായ അനുഭവം പങ്കുവയ്ക്കുകയാണ് ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യുന്ന റബേക്ക എന്ന യുവതി.
മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരോട് കൊറിയന്‍ കമ്പനികളുടെ തൊഴിലാളി വിരുദ്ധ സമീപനമാണെന്നും യുവതി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി. തൊഴിലിടത്തിലെ വലിയ സമ്മര്‍ദവും കുറഞ്ഞ ശമ്പളവും റബേക്കയെ മാനസികായി തളര്‍ത്തിയിരുന്നു. ലോഗ് ഓഫ് ചെയ്യുന്നതിനു 15 മിനിറ്റ് മുന്‍പ് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കുന്നതാണ് മേലുദ്യോഗസ്ഥന്റെ രീതി. ഓരോ പതിനഞ്ചു മിനിറ്റു കൂടുമ്പോള്‍ ടെക്‌സ്റ്റ് മെസേജ് അയയ്ക്കും. മാനസികമായി തളര്‍ന്നതിനാല്‍ 8 ദിവസത്തെ അവധിക്ക് അപേക്ഷിക്കുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി. എന്നാല്‍ അവധി അനുവദിച്ചില്ലെന്നു മാത്രമല്ല, റബേക്കയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
മിക്ക കൊറിയന്‍ കമ്പനികളും അഞ്ചുദിവസത്തെ അവധി മാത്രമാണ് നല്‍കുന്നത്. എല്ലാകാര്യങ്ങള്‍ക്കും ആദ്യം മുതല്‍ തന്നെ അതിരുകളിടണമെന്നും അല്‍പം മൃദുവായി പെരുമാറിയാല്‍ ആളുകള്‍ തലയില്‍ കയറുമെന്നും യുവതി പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയതോടെ യുവതിയുടെ അവസ്ഥയില്‍ സഹതാപമുണ്ടെന്നാണ് പലരും കമന്റ് ചെയ്തത്. 'ഇത് അനുഗ്രഹമായി കണ്ടാല്‍ മതി. നിങ്ങള്‍ക്ക് ഇതിലും മികച്ച ജോലി ലഭിക്കും.' എന്നാണ് വിഡിയോയ്ക്കു താഴെ ഒരാള്‍ കമന്റ് ചെയ്തത്. 15 മിനിറ്റു കൂടുമ്പോള്‍ ഇങ്ങനെ സന്ദേശമയയ്ക്കാന്‍ അയാള്‍ക്കു ഭ്രാന്താണോ എന്നായിരുന്നു ഒരാളുടെ ചോദ്യം.