-->
ചൈനയിലെ രണ്ട് കര്‍ഷകര്‍ തങ്ങള്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് രുചി ലഭിക്കാന്‍ പ്രയോഗിക്കുന്ന തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നല്ല എരിവുള്ള മുളകാണത്രെ മത്സ്യങ്ങള്‍ക്ക് ഇവര്‍ തീറ്റയായി നല്‍കുന്നത്. ഹുനാന്‍ പ്രവിശ്യയിലെ ചാങ്ങ്ഷയില്‍ ജിയാ ഷെംഗ് എന്ന 40കാരനും സുഹൃത്ത് കുവാങ്ങും ചേര്‍ന്നാണ് ഒരു കുളം നടത്തുന്നത്. 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഭീമന്‍ കുളത്തില്‍ 2,000ത്തിലേറെ മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. പലതരം മുളകുകള്‍ ദിവസവും ഇവയ്ക്ക് തീറ്റയായി നല്‍കുന്നെന്നും ഇതിലൂടെ ഇവ കൂടുതല്‍ രുചിയുള്ളതും തിളക്കമുള്ളതുമായി മാറുന്നെന്നും ജിയാംഗ് അവകാശപ്പെട്ടു. ചില ദിവസങ്ങളില്‍ 5,000 കിലോഗ്രാം മുളക് വരെ വേണ്ടി വരും.
കോണ്‍ പെപ്പര്‍, മില്ലറ്റ് പെപ്പര്‍ തുടങ്ങി മനുഷ്യര്‍ സാധാരണയായി ഉപയോഗിക്കുന്ന മുളക് ഇനങ്ങളാണ് മത്സ്യങ്ങള്‍ക്കും നല്‍കുന്നത്. ആദ്യമൊക്കെ മുളക് കഴിക്കാന്‍ മത്സ്യങ്ങള്‍ക്ക് മടിയായിരുന്നു. പിന്നീട് മുളക് മാത്രം തേടിപ്പിടിച്ച് കഴിക്കുന്ന സ്ഥിതിയായി. എരിവുള്ള ഭക്ഷണം കഴിച്ചാല്‍ മനുഷ്യര്‍ വെള്ളം കുടിക്കും എന്നാല്‍ വെള്ളത്തില്‍ കഴിയുന്നതിനാല്‍ മത്സ്യങ്ങള്‍ക്ക് അത് പ്രശ്‌നമല്ലെന്നാണ് ജിയാംഗിന്റെ വാദം മനുഷ്യരെ പോലെ നാവില്‍ രസ മുകുളങ്ങള്‍ മത്സ്യങ്ങള്‍ക്കില്ലെന്നും ഗന്ധത്തിലൂടെയാണ് അവ ഭക്ഷണം തിരഞ്ഞെടുക്കുന്നതെന്നും മുളകില്‍ ഏറെ വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ടെന്നും ജിയാംഗ് പറഞ്ഞു.
മുളകിലെ പോഷകഘടകങ്ങള്‍ മത്സ്യങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നെന്നും അത് അവയുടെ വളര്‍ച്ച വേഗത്തിലാക്കുകയും ചെതുമ്പലുകള്‍ക്ക് സ്വര്‍ണ തിളക്കം നല്‍കുന്നെന്നും പറയുന്നു. പ്രാദേശിക കര്‍ഷകരില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന മുളകുകള്‍ ആയതിനാല്‍ കൃഷി ലാഭകരമാക്കാമെന്നും ഇവര്‍ പറയുന്നു. കുളം വൈറലായതോടെ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇവിടേക്കെത്തുന്നത്.