-->
ബഹിരാകാശത്ത് എത്തുന്ന യാത്രികര്‍ക്ക് ആരോഗ്യദായകമായ ഭക്ഷണം നല്‍കുന്നതിനായി ചന്ദ്രനില്‍ മത്സ്യകൃഷിയുടെ സാധ്യത തേടി ശാസ്ത്രജ്ഞര്‍. തെക്കന്‍ ഫ്രാന്‍സില്‍ ഡോ. സിറില്‍ പ്രസിബൈലയുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച് ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. സീ ബാസ് മത്സ്യത്തിന്റെ മുട്ട വിരിയിച്ച് അതിനെ ചന്ദ്രനില്‍ വളര്‍ത്താനുള്ള സാധ്യതകളെ കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തുന്നത്.
ബഹിരാകാശ യാത്രികരെ ആരോഗ്യത്തോടെയും ശക്തരായും നിലനിര്‍ത്താന്‍ മത്സ്യം സഹായിക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. പ്രോട്ടീന്‍, ഒമേഗ-3 എന്നിവയ്ക്കൊപ്പം വിവിധ വിറ്റാമിനുകളും മത്സ്യത്തില്‍ ധാരാളമായി ഉണ്ട്. സീ ബാസ് മത്സ്യം എളുപ്പത്തില്‍ ദഹിക്കുകയും ചെയ്യും. ഭൂമിയില്‍ വെച്ച് സീ ബാസ് മത്സ്യത്തിന് ബീജസങ്കലനം നടത്തി, മുട്ടകള്‍ പിന്നീട് ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനാണ് പദ്ധതി. ചന്ദ്രനിലേക്കുള്ള യാത്ര സമയവും മീന്‍ മുട്ട വിരിയുന്ന സമയവും ഏകദേശം തുല്യമാണ്. ബഹിരാകാശ യാത്രക്കിടയോ ചന്ദ്രനില്‍ ഇറങ്ങിയതിനു ശേഷമോ മീന്‍ മുട്ട വിരിയാനുള്ള സാധ്യതയുണ്ട്.
അതിനാല്‍ ചന്ദ്രനില്‍ പ്രത്യേകം തയ്യാറാക്കുന്ന ടാങ്കുകളില്‍ നിറയ്ക്കുകയും പിന്നീട് ഇവയെ വളര്‍ത്താനും സാധിച്ചേക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. ഭൂമിയില്‍ ഉപയോഗിക്കുന്ന അക്വാകള്‍ച്ചര്‍ സംവിധാനങ്ങള്‍ക്ക് സമാനമായ രീതിയിലായിരിക്കും ചന്ദ്രനില്‍ മത്സ്യത്തെ വളര്‍ത്താന്‍ ശ്രമിക്കുക. ഇത്തരത്തില്‍ മത്സ്യത്തെ വളര്‍ത്തുകയായണെങ്കില്‍ ഏഴ് അംഗ സംഘത്തിന് ആഴ്ചയില്‍ രണ്ട് തവണ മത്സ്യം ഭക്ഷണം നല്‍കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. 16 ആഴ്ച നീണ്ടുനില്‍ക്കുന്ന ദൗത്യത്തിന് 200 മത്സ്യങ്ങളായിരിക്കും വേണ്ടി വരിക.