Wednesday, March 11, 2026 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 14 Nov 2025 02.01 PM

ബീഹാറില്‍ എന്‍ഡിഎ യുടെ മുന്നേറ്റം 200 കടന്നു ; മഹാഗദ്ബന്ധന്‍ തകര്‍ന്നടിഞ്ഞു, കോണ്‍ഗ്രസിന് വലിയ തിരിച്ചടി

uploads/news/2025/11/810804/BJP.jpg

പാറ്റ്ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുത്തൊഴുക്കില്‍ തകര്‍ന്നടിഞ്ഞ് മഹാഗദ്ബന്ധന്‍. നരേന്ദ്രമോദിയും നിതീഷ്‌കുമാറും നയിച്ച എന്‍ഡിഎ സഖ്യത്തിന്റെ വന്‍ പടയോട്ടത്തില്‍ രാഹുല്‍ഗാന്ധിയും തേജസ്വീയും നയിച്ച എംജിബിയ്ക്ക് അടിതെറ്റി. ഏറ്റവും വലിയ വീഴ്ച സംഭവിച്ചത് കോണ്‍ഗ്രസിനായിരുന്നു. പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് കാര്യമായ ചലനം പോലും ഉണ്ടാക്കാനായില്ല.

എന്‍ഡിഎയുടെ മഹാമുന്നേറ്റമാണ് ബീഹാറില്‍ കണ്ടത്. വോട്ടെണ്ണല്‍ ഉച്ചയ്ക്ക് 2 മണി വരെയുള്ള നില പരിശോധിക്കുമ്പോള്‍ 243 സീറ്റുകളിലെ എന്‍ഡിഎ സഖ്യം 202 സീറ്റുകളില്‍ മുന്നിലുണ്ട്. എംജിബി വെറും 35 സീറ്റുകളില്‍ ഒതുങ്ങി. മറ്റുള്ളവര്‍ ആറ് സീറ്റുകളില്‍ മുന്നിലെത്തി.

91 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ നിതീഷ്‌കുമാറിന്റെ ജെഡിയു 81 സീറ്റുകളില്‍ ജയം നേടി. എല്‍ജെപി 21 സീറ്റുകളിലും എച്ചഎഎം നാലു സീറ്റുകളിലും വിജയിച്ചു കയറി. ആര്‍ജെഡിയ്ക്ക് 28 സീറ്റുകള്‍ കിട്ടിയപ്പോള്‍ കോണ്‍ഗ്രസിനാണ് കാര്യമായി തിരിച്ചടി കിട്ടിയത്. വെറും നാലു സീറ്റുകളിലാണ് അവര്‍ മുന്നിട്ടു നില്‍ക്കുന്നത്.

സിപിഐഎംഎല്‍ നാലു സീറ്റുകളിലും സിപിഐഎം ഒരു സീറ്റിലും മുന്നിലുണ്ട്. എന്‍ഡിഎയുടെ നേരോട്ടത്തില്‍ ആര്‍ജെഡി നേതാവും എംജിബിയുടെ ജീവനുമായിരുന്ന തേജസ്വീയ്ക്ക് പോലും രക്ഷയുണ്ടായില്ല. കുടുംബത്തിന്റെ സീറ്റായ രാഘോംപുരിയില്‍ തേജസ്വീ ഇഞ്ചോടിഞ്ച് പോരാട്ടത്തെ അഭിമുഖീകരിക്കുകയാണ്. ചിരാഗിന്റെ എല്‍ജെപി മത്സരിപ്പിച്ച 21 പേരും ലീഡ് ചെയ്യുകയാണ്. പാസ്റ്റല്‍വോട്ട് എണ്ണിയപ്പോള്‍ മുതല്‍ ലീഡ് നിലനിര്‍ത്തിയ എന്‍ഡിഎ സഖ്യം വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ഏറെ മുമ്പോട്ട് പോയി. ഒടുവില്‍ ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം നൂറും കടന്ന് കേവലഭൂരിപക്ഷവും കടന്ന് ഏറെ മുമ്പോട്ട് പോയി.

ആര്‍ജെഡിയുടെ ശക്തികേന്ദ്രങ്ങള്‍ പോലും ഇത്തവണ എന്‍ഡിയ്ക്ക് ഒപ്പം നിന്നു. എംജിബി വലിയ പ്രതീക്ഷവെച്ച ഇടങ്ങളില്‍ നിന്നെല്ലാം തിരിച്ചടി നേരിട്ടു. രണ്ടുഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ 2020 നെ അപേക്ഷിച്ച് പോളിംഗില്‍ വന്‍ വര്‍ദ്ധനവ് ഇത്തവണ ഉണ്ടായിരുന്നു. നവംബര്‍ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 64.7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

രണ്ടാംഘട്ടത്തില്‍ 67.14 ശതമാനം പോളിംഗും രേഖപ്പെടുത്തി. എക്സിറ്റ് പോളുകള്‍ ശരി വെയ്ക്കുന്ന നിലയിലാണ് ഫലം പുറത്തുവന്നത്. എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് പുറത്തുവന്ന എക്സിറ്റ് പോള്‍ സര്‍വേകളും. സ്ത്രീവോട്ടുകളുടെ അസാധാരണമായ ഉയര്‍ച്ചയാണ് എന്‍ഡിഎയ്ക്ക് അനുകൂല ഘടകമായതെന്നാണ് വിലയിരുത്തല്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW