-->
പാറ്റ്‌ന: ആകാംഷയോടെ ഉറ്റുനോക്കിയ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വന്‍ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ ചിരി വിരിഞ്ഞത് നിതീഷ്‌കുമാറിന്റെയും ചിരാഗ് പസ്വാന്റെയും മുഖത്ത്. ചരിത്രത്തിലെ വമ്പന്‍ വിജയങ്ങളില്‍ ഒന്നാണ് എന്‍ഡിഎ നേടിയത്. 101 സീറ്റുകളില്‍ മത്സരിച്ച ജെഡിയു 84 സീറ്റുകളില്‍ മുന്നേറ്റം തുടര്‍ന്നപ്പോള്‍ ബിജെപി 80 സീറ്റുകളുമായി തൊട്ടടുത്തുണ്ട്. എല്‍ജെപി 21 സീറ്റുകളില്‍ മുന്നില്‍ കടന്നപ്പോള്‍ കുടുംബത്തിന്റെ തട്ടകമായ രാഘോപുരി തേജസ്വീയാദവിനെ സ്വീകരിച്ചെങ്കിലും തേജ് പ്രതാപിനെ മഹുവ കൈവിട്ടു.
മുന്‍കാലങ്ങളില്‍, തേജസ്വി യാദവിന്റെ പിതാവും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവും അമ്മ റാബ്രി ദേവിയും വിജയിച്ച സീറ്റില്‍ ഇത്തവണയും തേജസ്വീ മുന്നേറുകയാണ്. 2015 മുതല്‍ തേജസ്വി ഈ സീറ്റിനെ പ്രതിനിധീകരിക്കുന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം 38,000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സീറ്റ് നേടി. രഘോപൂര്‍ ആര്‍ജെഡിയുടെ ശക്തികേന്ദ്രമാണ്. ഇത്തവണ ബിജെപി സതീഷ് കുമാര്‍ യാദവിനെ രാഘോപൂര്‍ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തു. 2010 ലെ തിരഞ്ഞെടുപ്പില്‍ ജെഡിയു സ്ഥാനാര്‍ത്ഥിയായി യാദവ് റാബ്രി ദേവിയെ പരാജയപ്പെടുത്തി. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും രഘോപൂരില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.
ആര്‍ജെഡിയുടെ ഏറ്റവും സുരക്ഷിതമായ സീറ്റായി കണക്കാക്കപ്പെടുന്നതിനാല്‍ രഘോപൂര്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും ചര്‍ച്ചാവിഷയമാണ്. ആര്‍ജെഡിയോട് തെറ്റിപ്പിരിഞ്ഞ് സ്വന്തംപാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനിറങ്ങിയ സഹോദരന്‍ തേജ് പ്രതാപ് യാദവ് മഹുവയില്‍ 5000 വോട്ടുകള്‍ക്ക് പിന്നിലാണ്. ചിരാഗ് പസ്വാന്റെ എല്‍ജെപി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ മുന്നിട്ട് നില്‍ക്കുന്നത്. സഞ്ജയ്കുമാര്‍ സിംഗാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ആര്‍ജെഡിയുടെ നിലവിലെ എംഎല്‍എ മുകേഷ് കുമാര്‍ രണ്ടാമത് എത്തിയപ്പോള്‍ തേജ് പ്രതാപ് വെറും 1500 വോട്ടുകള്‍ നേടി എഐഎംഐഎം സ്ഥാനാര്‍ത്ഥി അമിത്കുമാറിനേക്കാള്‍ പിന്നിലാണ്.
ആദ്യമായി തെരഞ്ഞെടുപ്പിന് ഇറങ്ങിയ നാടോടിഗായിക മൈഥിലി ഠാക്കൂറും മുന്നേറ്റത്തിലാണ്. അലിനഗറിലാണ് ഇവര്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് മൈഥലി ബിജെപിയില്‍ ചേര്‍ന്നത്. മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള നേതാവ് പിഷ്പംപ്രിയ പക്ഷേ ദര്‍ഭംഗയില്‍ പിന്നിലാണ്. ബീഹാറില്‍ ജയിച്ച ശേഷമേ മാസ്‌ക്ക് മാറ്റു എന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന പുഷ്ം ഏറെ പിന്നിലാണ്. 2020 ല്‍ ഇവിടെ ജയിച്ച സഞ്ജയ് സരോഗി ഇത്തവണയും ലീഡ് ചെയ്യുന്നു. വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ ഉമേഷ് സഹാനിയാണ് രണ്ടാമത്. ഉമേഷും സഞ്ജയ് യും തമ്മില്‍ 4,800 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്.
പട്നയിലെ മൊകാമ സീറ്റില്‍ ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) സ്ഥാനാര്‍ത്ഥിയും കൊലപാതക കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്നയാളുമായ അനന്ത് സിംഗ് മുന്നിലാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന എതിരാളിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സ്ഥാനാര്‍ത്ഥി വീണാ ദേവി സീറ്റില്‍ പിന്നിലാണ്. അനന്ത് സിങ്ങിന്റെ 'ബാഹുബലി'യായ സൂരജ്ഭാന്‍ സിങ്ങിന്റെ ഭാര്യയാണ് ദേവി. സിംഗ് ദേവിയേക്കാള്‍ ഏറെ മുന്നിലാണ്, എട്ട് റൗണ്ട് വോട്ടെണ്ണലിന് ശേഷം ലീഡ് വര്‍ദ്ധിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് കാണിക്കുന്നു.
ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി) അനുയായിയുടെ കൊലപാതക കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് അനന്ത് സിംഗ് നിലവില്‍ ജയിലിലാണ്. സിംഗ്, ദേവി എന്നിവര്‍ക്ക് ശേഷം മൊകാമയിലെ മികച്ച മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ജെഎസ്പിയുടെ പ്രിയദര്‍ശി പിയൂഷ് ഉള്‍പ്പെടുന്നു.