-->
ബംഗലുരു: ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരത്തിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ആഭ്യന്തരക്രിക്കറ്റില്‍ ഇറങ്ങുന്നു. ബറോഡയ്ക്ക് വേണ്ടി താരം സയ്യിദ് മുസ്താഖ് അലി ട്രോഫിയില്‍ ഹൈദരാബാദില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നതായിട്ടാണ് വിവരം. ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത്ശര്‍മ്മ കഴിഞ്ഞിദിവസം വിജയ് ഹസാരേ ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി കളിക്കാനുള്ള സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഹര്‍ദികും വരുന്നത്.
പരിക്കേറ്റതിനെ തുടര്‍ന്ന് കളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഹര്‍ദികിന് ഏഷ്യാകപ്പ് ഫൈനലും തുടര്‍ന്ന് ഓസ്ട്രേലിയയില്‍ നടന്ന വൈറ്റ്-ബോള്‍ പരമ്പരയും നഷ്ടമായിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാണ്ഡ്യ ബെംഗളൂരുവില്‍ പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനുള്ള തീവ്രമായ പരിശീലന പരിപാടികളില്‍ ശ്രദ്ധ വെച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുമ്പ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കണമെന്ന് സെലക്ടര്‍മാരും ടീം മാനേജ്മെന്റും ആഗ്രഹിക്കുന്നു.
ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ തീവ്രമായ പുനരധിവാസ പരിപാടിയില്‍ പങ്കെടുക്കുന്ന ഹാര്‍ദിക് പൂര്‍ണ്ണ മത്സര ഫിറ്റ്‌നസിലേക്ക് അടുക്കുകയാണെന്ന് പറയപ്പെടുന്നു. പ്രതീക്ഷിച്ചതുപോലെ പുരോഗതി തുടര്‍ന്നാല്‍, നവംബര്‍ 26 ന് ഹൈദരാബാദില്‍ ആരംഭിക്കുന്ന ബറോഡയുടെ ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തിന് മുമ്പ് തന്നെ 32 കാരന് പങ്കെടുക്കാന്‍ കഴിയും. ബിസിസിഐയുടെ ശക്തമായ നിര്‍ദ്ദേശം പാലിച്ച രണ്ടാമത്തെ ഉന്നത ക്രിക്കറ്റ് കളിക്കാരനാണ് ഹര്‍ദിക്.
അതേസമയം ഹര്‍ദികും രോഹിതും കളിക്കാമെന്ന് അതാത് അസോസിയേഷനുകളെ അറിയിച്ചിട്ടുണ്ടെങ്കിലും വിരാട്‌കോഹ്ലി മൗനം തുടരുകയാണ്. എന്നാല്‍ വിരാട് കോഹ്ലി ഇതുവരെ ഒരു നീക്കവും നടത്തിയിട്ടില്ല. അദ്ദേഹം നിലവില്‍ കുടുംബത്തോടൊപ്പം ലണ്ടനിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബര്‍ 30, ഡിസംബര്‍ 3, ഡിസംബര്‍ 6 തീയതികളില്‍ റാഞ്ചി, റായ്പൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നടക്കും. തുടര്‍ന്ന് ഡിസംബര്‍ 9 ന് കട്ടക്കില്‍ അഞ്ച് മത്സരങ്ങളുള്ള ടി20 ഐ ലെഗിലേക്ക് നീങ്ങും.