-->
ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയിട്ടുള്ള താരമാണ് ദിവ്യ ശ്രീധര്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് തന്റെ രണ്ടാം വിവാഹത്തിലൂടെയാണ്. നടനായ ക്രിസ് ഗോപാലകൃഷ്ണനെ വിവാഹം ചെയ്തതിന്റെ പേരില്‍ ദിവ്യ വലിയ തോതില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. അതൊങ്ങ് കെട്ടടങ്ങിയതിനു പിന്നാലെ ദിവ്യ വീണ്ടും സൈബര്‍ അറ്റാക്കില്‍ പെട്ടു. ഏറെ നാളായുള്ള ദിവ്യയുടെ സ്വപ്നം സഫലീകരിച്ചതിന് പിന്നാലെയാണ് ഇപ്പോഴുണ്ടായ ആക്രമണം.
ദിവ്യ ഗുരുവായൂര്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതാണ് ഇതിന്റെ കാരണം. വന്‍ സൈബര്‍ ആക്രമണമാണ് ഇതിലൂടെ ദിവ്യ നേരിട്ടത്. മോഹിനിയാട്ടത്തിന്റെ കോസ്റ്റ്യൂം ഇട്ട് കോപ്രായം കാണിക്കുകയാണെന്നായിരുന്നു വന്ന വിമര്‍ശനങ്ങളില്‍ ഏറെയും. നടി സുചിത്ര നായര്‍ അടക്കമുള്ളവര്‍ ദിവ്യയെ വിമര്‍ശിച്ച് രംഗത്തെത്തി.
ഇങ്ങനെ നൃത്തം ചെയ്ത് മോഹിനിയാട്ടം എന്ന കലയെ നശിപ്പിക്കരുത് എന്നാണ് ഭൂരിപക്ഷം പേരും ദിവ്യയുടെ നൃത്ത വീഡിയോയുടെ താഴെ കമന്റിട്ടത്.
ഇപ്പോഴിതാ ഇക്കഴിഞ്ഞ ദിവസം നൃത്ത അധ്യാപികയായ കലാമണ്ഡലം സത്യഭാമയും ദിവ്യക്കെതിരെ രംഗത്ത് വന്നതും അതിനു പിന്നാലെ നടന്ന കാര്യങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. താന്‍ അടുത്തിടെ ഗുരുവായൂരില്‍ ഒരു പ്രോഗ്രാം കാണാനിടയായെന്നും ദിവ്യ ശ്രീധര്‍ എന്ന താരം അവതരിപ്പിച്ച നൃത്തം മോഹിനിയാട്ടത്തെ അപമാനിക്കുന്നതാണെന്നുമാണ് കലാമണ്ഡലം സത്യഭാമ വിമര്‍ശിച്ചത്. ഫേസ്ബുക്കിലൂടെ ആയിരുന്നു സത്യഭാമയുടെ രൂക്ഷമായ വിമര്‍ശനം.
ഗുരുവായൂരില്‍ നൃത്തം അവതരിപ്പിക്കാന്‍ ചെല്ലുന്ന സാധാരണക്കാര്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ചും രൂക്ഷമായി പ്രതികരിച്ച അവര്‍ സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് അവരുടെ കഴിവ് നോക്കാതെ പ്രധാന സ്റ്റേജ് അനുവദിക്കുമെന്നും തങ്ങളെ പോലെയുള്ളവര്‍ക്ക് മൂത്രപ്പുരയ്ക്കും തൊഴുത്തിനുമൊക്കെ അടുത്താണ് സ്റ്റേജ് അനുവദിക്കുന്നതെന്നും സത്യഭാമ പറഞ്ഞു.
‘‘ക്ഷേത്രപരിപാടികളെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്. ഞാന്‍ ഈയിടയ്ക്ക് ഗുരുവായൂര് ഒരു പ്രോഗ്രാം കാണാനിടയായി. അതാരാണ് പഠിപ്പിച്ചതെന്നൊന്നും സത്യം പറഞ്ഞാല്‍ എനിക്കറിഞ്ഞു കൂടാ. ഒരു കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ വളരെയധികം അനാവശ്യങ്ങളും നെഗറ്റീവ് കമന്റുകളും കേട്ടിട്ടുള്ള കുട്ടിയാണത്, ദിവ്യ ശ്രീധര്‍. സോഷ്യല്‍ മീഡിയയില്‍ ദിവ്യ ശ്രീധര്‍ വലിയ സൈബര്‍ അധിക്ഷേപം നേരിട്ടപ്പോള്‍ പിന്തുണച്ചയാളാണ് ഞാന്‍. എനിക്ക് ദിവ്യയെ വളരെയധികം ഇഷ്ടമാണ്. ഞാന്‍ ദിവ്യയുടെ സീരിയലുകള്‍ കാണാറുണ്ട്. ദിവ്യയോട് വളരെ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഞാന്‍ ഇത് പറയുന്നത്. ദിവ്യ ഗുരുവായൂര്‍ സ്റ്റേജില്‍ അവതരിപ്പിച്ച നൃത്തം മോഹിനിയാട്ടത്തെ അവഹേളിക്കുന്നതാണ്. അങ്ങനെയാണ് എനിക്ക് തോന്നിയത്. ഇങ്ങനെയൊന്നും നൃത്തം അവതരിപ്പിക്കരുത്.
ദിവ്യ കളിച്ച നൃത്തത്തില്‍ കഥക് ഉണ്ട്. ഗുരുവായൂരിലെ ഇത്രയും വലിയ സ്റ്റേജില്‍ ദിവ്യയെ പോലൊരു നല്ല ആര്‍ട്ടിസ്റ്റ് മോഹിനിയാട്ടത്തെ ഇങ്ങനെ അധിക്ഷേപിക്കരുത്. മോഹിനിയാട്ടം വേഷത്തില്‍ ദിവ്യ കാണാന്‍ നല്ല ഭംഗിയുണ്ട്. ദിവ്യ കളിച്ചതില്‍ മോഹിനിയാട്ടത്തിന്റെ ഒന്ന് രണ്ട് സ്റ്റെപ്പ് ഉണ്ട്. കഥക്കിന്റെ ഒരു ശൈലിയുണ്ട്. ദിവ്യ കളിച്ചോ, പക്ഷേ മോഹിനിയാട്ടത്തിന്റെ വസ്ത്രം ഇട്ട് കളിക്കരുത്. അത് കേരളത്തിലെ ആര്‍ട്ടിസ്റ്റുകള്‍ ഒരിക്കലും അംഗീകരിക്കില്ല. ദിവ്യയോടിത് സ്‌നേഹം കൊണ്ട് പറയുകയാണ്.
ദിവ്യ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പറയുന്നത് കേട്ടു, ആറ് ദിവസം മാത്രമേ മോഹിനിയാട്ടം പഠിച്ചുള്ളൂ എന്ന്. ഇതൊക്കെ സ്റ്റേജില്‍ പറയാന്‍ പറ്റുമോ. ജനങ്ങള്‍ വിലയിരുത്തില്ലേ? കുഞ്ഞു കുട്ടികള്‍ തെറ്റു വരുത്തിയാല്‍ ആളുകള്‍ ക്ഷമിക്കും. മുതിര്‍ന്നവര്‍ സ്റ്റേജില്‍ കയറുമ്പോള്‍ ഒരുപാട് ശ്രദ്ധിക്കണം. നൃത്തത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിച്ച് കേരളത്തിന്റെ തനത് കലയായ മോഹിനിയാട്ടത്തെ അപമാനിക്കാതെ ആ വേഷത്തിന് റെസ്‌പെക്‌ട് നല്‍കി കളിക്കണം. എല്ലാ ആര്‍ട്ടിസ്റ്റുകളോടും ആയിട്ടാണിത് പറയുന്നത്.
ദിവ്യയ്ക്ക് പറ്റും. ദിവ്യയ്ക്ക് നല്ല ഭംഗിയുണ്ട്. വേഷ ഭംഗിയുണ്ട്. ദിവ്യ എന്തിനാണ് ഇങ്ങനെ കളിക്കുന്നത്. ഗുരുവായൂരിലെ മെയിന്‍ സ്റ്റേജ് വലിയ ആളുകള്‍ക്കാണ് കൊടുക്കുന്നത്. വലിയ ആളുകള്‍ ആരാണെന്ന് ചോദിച്ചാല്‍ പറയും സിനിമാ സീരിയല്‍ താരങ്ങളാണെന്ന്. ഇപ്പോള്‍ സീരിയല്‍ നടിയല്ലേ ഇങ്ങനെ കളിച്ചത്.
ഈയിടെ ഒരു വലിയ ക്ഷേത്രത്തില്‍ ഒരു സിനിമാ നടി വന്നു ചെയ്തത് കണ്ടാല്‍ സഹിക്കാന്‍ വയ്യ. ആള്‍ക്കാര് ഇതൊന്നും കണ്ടു പ്രതികരിക്കുന്നില്ല. ജനം പ്രതികരിക്കണം. ഞാന്‍ പ്രതികരിക്കും. എന്നെ കമന്റ് ബോക്‌സില്‍ വന്ന് എന്ത് പറഞ്ഞാലും എനിക്ക് വിഷയമില്ല. വലിയ ക്ഷേത്രങ്ങളില്‍ സിനിമാ സീരിയല്‍ താരങ്ങളെ ഒരു അഭിമുഖം വെച്ചിട്ട് കളിക്കാന്‍ അനുവദിക്ക്.
ഞങ്ങള്‍ക്ക് തൊഴുത്തിന്റെ അടുത്തും മൂത്രപ്പുരയ്ക്ക് അടുത്തും സ്റ്റേജ് തരും. നല്ല സ്റ്റേജ് നടികള്‍ക്കു മാത്രം. താരങ്ങള്‍ക്ക് എന്താ കൊമ്പുണ്ടോ. ഞങ്ങളൊക്കെ ചോര നീരാക്കി പഠിച്ചതാണ്. ഇത് അറിയാവുന്നവര്‍ക്കറിയാം...’ സത്യഭാമ വീഡിയോയില്‍ പറഞ്ഞു. ‘‘സീരിയൽ താരം ദിവ്യ ശ്രീധർ അവഹേളിച്ചത് കേരളത്തിന്റെ തനതു കലയായ മോഹിനിയാട്ടത്തെയും, പുണ്യമായ ഒരു കലാരൂപത്തെയും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സത്യഭാമ വീഡിയോ പങ്കിട്ടത്.
പതിവിനു വിപരീതമായി സത്യഭാമയുടെ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സാധാരണയായി സത്യഭാമ പറയുന്ന കാര്യങ്ങള്‍ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിടാറുണ്ട്. നെഗറ്റീവ് കമന്റുകളുടെ പെരുമഴയാണ് പലപ്പോഴും വീഡിയോയ്ക്ക് താഴെ വരാറുള്ളത്. എന്നാല്‍ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. പറഞ്ഞത് സത്യമാണെന്ന് പലരും കുറിക്കുകയും ചെയ്തു.
പക്ഷേ ഈ വിമര്‍ശനത്തിന് പിന്നാലെ ദിവ്യ സത്യഭാമയെ നേരിട്ടു കാണാന്‍ എത്തി. ഇരുവരും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കിട്ടു. ഗുരുവായൂരപ്പന്റെ നടയില്‍ ഒരു തവണ കൂടി ദിവ്യ മോഹിനീ വേഷം കിട്ടുമെന്നും ആ നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്നുവെന്നുമാണ് ഫേസ്ബുക്ക് കുറിപ്പില്‍ കലാമണ്ഡലം സത്യഭാമ കുറിച്ചത്. ‘‘ദിവ്യ ഇനി മുതൽ എനിക്ക് അന്യയല്ല എന്റെ സ്വന്തം മകളാണ്...വിഷ്ണുമായ സ്വാമിടെ അനുഗ്രഹം ഉണ്ടെങ്കിൽ ഗുരുവായൂരപ്പന്റെ നടയിൽ ഒരു തവണകൂടെ ദിവ്യ മോഹിനിവേഷം കെട്ടും...ആ നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു...
ദിവ്യയുടെ ഭർത്താവ് ഏതൊരു അമ്മമാരും ആഗ്രഹിക്കുന്ന, ഒരു മകന്റെ സ്ഥാനം നിറവേറ്റുന്ന,എന്നും എപ്പോഴും കപടമുഖങ്ങൾ കണ്ടും, അവരോടു ഏറ്റുമുട്ടിയും, ജീവിതം ധന്യ മാക്കുന്ന ഒരു പവര്‍ഫുള്‍ ജെന്റില്‍മാന്‍ ആണ്... ദിവ്യയേക്കാൾ ഭാഗ്യം ചെയ്തത് ദിവ്യയുടെ മക്കൾ ആണ്...അത്രമാത്രം സ്നേഹവും, കരുതലും ഞാൻ ആ വ്യക്തിയിൽ കാണുന്നു...’’ എന്നാണ് സത്യഭാമ കുറിച്ചത്. ഇതോടെ ഇവര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു.
ഏതെങ്കിലും ഒരു നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് പലരും കമന്റ് ബോക്‌സിലൂടെ ആവശ്യപ്പെട്ടത്. ‘നിങ്ങള്‍ തന്നെയല്ലേ ദിവ്യ മോഹിനിയാട്ടത്തെ അപമാനിച്ചത് എന്നു പറഞ്ഞ് പോസ്റ്റിട്ടത്...’ എന്ന് പലരും ചോദിക്കുന്നുണ്ട്. ദിവ്യ നിരപരാധിയാണെന്നും അവരെ പഠിപ്പിച്ച സ്ത്രീയാണ് കുറ്റക്കാരി എന്നും കമന്റുകളിലൂടെ സത്യഭാമ മറുപടി നല്‍കി. വിമര്‍ശനത്തിനുശേഷം ദിവ്യയും ഭര്‍ത്താവ് ക്രിസും തന്നെ വന്നു കണ്ടതായും സത്യഭാമ വ്യക്തമാക്കി.