-->
ബോഡി ഷെയ്മിംഗ് ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങളിലൂടെ പലരെയും അധിക്ഷേപിച്ച് സംസാരിക്കുന്ന ഒരു നര്‍ത്തകിയും നൃത്താദ്ധ്യാപികയുമാണ് കലാമണ്ഡലം സത്യഭാമ. നൃത്തത്തെക്കുറിച്ചുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുള്ള സത്യഭാമ പലപ്പോഴും പലരെയും അപമാനിച്ച് സംസാരിക്കാറുണ്ട്. മുന്‍പൊരിക്കല്‍ നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചും വിദ്വേഷ പരാമർശങ്ങള്‍ നടത്തിയും സത്യഭാമ സംസാരിച്ചിരുന്നു.
ആ പരാമര്‍ശങ്ങള്‍ വിവാദമായതോടെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് സത്യഭാമയ്ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ വന്നിരുന്നു. സിനിമ സീരിയല്‍ താരമായ സ്നേഹ ശ്രീകുമാറും ആ വിവാദ പരാമർശങ്ങളെക്കുറിച്ച് തുറന്ന് പ്രതികരിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം ഇതിനുള്ള മറുപടിയെന്നോണം സത്യഭാമ സ്നേഹയ്ക്കെതിരെ രംഗത്തെത്തി. സ്നേഹയ്ക്കെതിനെ അധിക്ഷേപങ്ങളും രൂക്ഷവിമർശനങ്ങളും കലാമണ്ഡലം സത്യഭാമ ഫെയ്സ് ബുക്ക് വീഡിയോയിലൂടെ പങ്കുവച്ചു. സ്നേഹയുടെ ശാരീരിക പ്രത്യേകതകള്‍ പറഞ്ഞ് ബോഡി ഷെയ്മിങ് നടത്തിയും വ്യക്തിപരമായും, കുടുംബത്തെയും ഉൾപ്പെടെ ആക്ഷേപിച്ചുമാണ് ഫേസ്ബുക്കില്‍ സത്യഭാമ വീഡിയോ പങ്കിട്ടത്. ‘‘പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വിഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തത്ക്കാലം ഇത് ഇരിക്കട്ടെ...’’ എന്നാണ് വീഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചത്. സ്നേഹയുടെയോ രാമകൃഷ്ണന്റെയോ രാമകൃഷ്ണന്റെയോ പേര് സത്യഭാമ പരാമർശിച്ചിട്ടില്ലെങ്കിലും ഫെയ്സ്‌ബുക്ക് വിഡിയോയിൽ സ്നേഹയുടെ ചിത്രം സത്യഭാമ പങ്കുവച്ചിട്ടുണ്ട്.
ഈ വിവാദപ്രസ്താവനയ്ക്കെതിരെയും അധിക്ഷേപത്തിനെതിരെയും സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്. സത്യഭാമ വ്യക്തിഹത്യ നടത്തിയെന്നും ഒരു കലാകാരി ഇത്രയും തരംതാണ് സംസാരിക്കാന്‍ പാടില്ലെന്നുമാണ് പ്രതികരണങ്ങള്‍.
ഇപ്പോഴിതാ ഈ വിവാദപ്രസ്താവനകള്‍ക്കിടയില്‍ സ്നേഹയുടെ അഭിനയ ജീവിതത്തെയും വൈവിധ്യമാർന്ന കഥാപാത്രങ്ങളെയും പ്രകീർത്തിച്ച് ‘കളം’ കോ-ഫൗണ്ടർ കല സാവിത്രി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധിക്കപ്പെടുകയാണ്. മോഹൻലാല്‍ നായകനായ ‘ഛായാമുഖി’ എന്ന നാടകത്തിലെ ഹിഡുംബി മുതല്‍ മിനിസ്ക്രീനിലെ ‘മറിമായം’ വരെയുള്ള സ്നേഹയുടെ കലായാത്രയെക്കുറിച്ചാണ് കുറിപ്പില്‍ കല സാവിത്രി പരാമർശിക്കുന്നത്.
കാലമെത്ര കഴിഞ്ഞാലും വേഷപ്രച്ഛന്നനായി എത്തുന്ന ഭീമസേനനെ ഗന്ധം കൊണ്ട് തിരിച്ചറിയുന്ന ഹിഡുംബി ഒരു തീവ്രപ്രണയിനിയാണെന്നും, യക്ഷഗാന കലാകാരന്മാരുടെ വേഗതയോടെ ഹിഡുംബിയുടെ ത്രിമാന സ്വഭാവങ്ങളെ അരങ്ങിലെത്തിക്കാൻ സ്നേഹയ്ക്ക് കഴിഞ്ഞുവെന്നുമാണ് കല സാവിത്രി കുറിക്കുന്നത്.
‘‘കണ്ണാടിയേക്കാൾ നന്നാണ് ചങ്ങാതി എന്ന് നാട്ടിലുള്ളവർ പറയാറില്ലേ, ചങ്ങാതി ആരെന്നു എങ്ങനെ അറിയാൻ അല്ലേ ?’
‘ഛായാമുഖി’ യിലെ നായിക ഹിഡുംബിയാണെന്നു ഞാൻ പറയും. ഹിഡുംബി എന്ന ദളിത് സ്ത്രീ... കാലമെത്രയോ കഴിഞ്ഞിട്ടും രൂപ വേഷഭൂഷാദികൾ മാറ്റി അജ്ഞാതവാസകാലത്തിലെ വലലനായി മാറിയിട്ടും ഗന്ധം കൊണ്ട് തിരിച്ചറിഞ്ഞാണ് ഹിഡുംബി ഭീമസേനന് മുന്നിൽ എത്തുന്നത്. ഗന്ധം കൊണ്ടു തിരിച്ചറിയുന്ന പ്രണയം... അത് ഹിഡുംബി ഒരു കാട്ടുപെണ്ണായതുകൊണ്ട് മാത്രം സാദ്ധ്യമാകുന്നതല്ല, അവളൊരു തീവ്രപ്രണയിനിയായതു കൊണ്ടുകൂടിയാണ്.
ഛായാമുഖി ‘അവളി’ൽ തുടങ്ങി ‘അവളി’ൽ അവസാനിക്കുന്ന ഒരു സ്ത്രീപക്ഷ രചനയാണ്. ‘അവൾ’ക്കൊപ്പമാണ് ആ കൃതി.
എന്തുകൊണ്ടിപ്പോൾ ഛായാമുഖിയിലെ ഹിഡുംബിയെക്കുറിച്ചു പറഞ്ഞു? അത് സ്നേഹയെ ഓർത്തതു കൊണ്ടാണ്. പ്രശാന്ത് നാരായണന്റെ, മോഹൻലാൽ അഭിനയിച്ച ഛായാമുഖിയിലെ ഹിഡുംബി സ്നേഹയായിരുന്നു.
ക്ലാസ്സിക്കൽ ആർട്സിൽ ബിരുദാനന്തര ബിരുദവും എം.ഫിലും ഉണ്ട് സ്നേഹയ്ക്ക്. ഓട്ടൻതുള്ളൽ, ഏറെ ഊർജ്ജം ആവശ്യമുള്ള ഒരു ക്ലാസ്സിക്കൽ തീയേറ്റർ ആർട്ടാണ്. ചടുലമായ ആ കലാരൂപത്തിൽ നിന്നും നാടകം എന്ന തീയേറ്റർ ആർട്ടിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന വ്യത്യാസത്തെ സ്നേഹ അതിന്റെ പരിപൂർണ്ണാർത്ഥത്തിൽ ആവാഹിച്ചിട്ടുണ്ട് ഹിഡുംബിയിൽ. ഹിഡുംബി ഒരു കാട്ടാളത്തിയാണ്. രാക്ഷസശരീരിയാണ്. മഹാബലവാനും ക്ഷാത്ര തേജസ്വിയും കുന്തീ സുതനുമായ ഭീമസേനന്റെ നായികയാണ്. ഭീമന്റെ പുത്രന് ജന്മം നൽകിയവളാണ്. ഇപ്പറഞ്ഞ കഥാപാത്രത്തിന്റെ ത്രിമാന സ്വഭാവങ്ങളിലേക്ക് എടുക്കേണ്ടവയെ ഒക്കെത്തന്നെയും ഹിഡുംബി എന്ന കഥാപാത്രത്തിന്റെ അരങ്ങുകാഴ്ചയിൽ അനുഭവിക്കാനാവണം.
സ്നേഹയുടെ ഹിഡുംബി ഇത്തരത്തിലൊക്കെ കാഴ്ചക്കാരെ ആനന്ദിപ്പിച്ചിട്ടുണ്ട്. ചലനങ്ങളിലെ ദ്രുതവേഗവും വഴക്കവും ഓട്ടൻതുള്ളൽ എന്ന കല നൽകുന്ന സംഭവനകളാണ്. യക്ഷഗാന കലാകാരൻമാർ നാടകത്തിലഭിനയിക്കുമ്പോൾ അവരുടെ ചലനങ്ങളിലെ വഴക്കവും വേഗതയും കാണാൻ എന്തു രസമാണല്ലേ. മൈസൂർ രംഗായണയിൽ കണ്ട ഒരു രാമായണം നാടകം ഓർമ്മ വരുന്നു. അതേപോലെ ധാർവാഡ് രംഗായണ അവതരിപ്പിച്ച പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത സ്വപ്നവാസവദത്തവും. ഒരു സംവിധായകൻ എപ്പോഴും ഇഷ്ടപ്പെടുന്നത് തന്റെ ആർട്ടിസ്റ്റുകളെയാണല്ലോ. അത്തരത്തിൽ പ്രശാന്തേട്ടൻ ഹൃദയത്തോടു ചേർത്തു പിടിച്ച ഒരു ആർട്ടിസ്റ്റായിരുന്നു സ്നേഹ.
എല്ലാത്തരം അഭിനയ സങ്കേതങ്ങളും അസാമാന്യമായി വഴങ്ങുന്ന നടിയാണ് സ്നേഹ. കളം തീയേറ്റർ ആന്റ് റപ്രട്ടറിക്കു വേണ്ടി പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത താജ്മഹൽ എന്ന നാടകത്തിലെ മുംതാസ് സ്നേഹ ആയിരുന്നു. ഒ.പി സുരേഷിന്റെ താജ് മഹൽ എന്ന കവിതയുടെ രംഗാവിഷ്കാരമാണ് അത്. മുംതാസിലേക്കുള്ള സ്നേഹയുടെ നാച്വുറലിസ്റ്റിക്കായ ആ പ്രവേശം, തുടക്കം മുതൽ കണ്ടു നിന്ന ഒരാളാണ് ഞാൻ. ശ്രീകുമാറായിരുന്നു ബാവൂട്ടിക്ക.
ഇതേ സ്നേഹ തന്നെ മറിമായം എന്ന ആക്ഷേപഹാസ്യപരമ്പരയിലെ മണ്ഡോദരിയെന്ന കഥാപാത്രമായും തിളങ്ങുന്നു. തന്നെത്തന്നെ ആവർത്തിക്കാതെ താൻ ഏറ്റെടുത്ത കഥാപാത്രത്തെ കാണികൾക്കു മുന്നിൽ പ്രദർശിപ്പിക്കാനുള്ള ആ മിടുക്ക് അത്ര നിസ്സാരമല്ല. അതൊരുപക്ഷേ സ്നേഹ അനുശീലിച്ച പൗരസ്ത്യ അഭിനയ പദ്ധതിയുടെ വിജയം കൂടിയാണ്.
ക്ഷോഭിപ്പിക്കാൻ വേണ്ടിയല്ല കലകളെ ഉപയോഗിക്കേണ്ടതെന്നൊരു നിരീക്ഷണമുണ്ടല്ലോ...കലകൾ വിശ്രാന്തിയെ തൃപ്തിപ്പെടുത്തുന്ന പ്രക്രിയയാണ്. ലഭ്യമാകുന്ന ആനന്ദാതിരേകമാണ് കലയുടെ നിർവ്വഹണലക്ഷ്യം...വ്യക്തിയെ തേജോവധം ചെയ്യാനുള്ള ഉപാധിയല്ല കല. വരേണ്യമെന്നും അധ:സ്ഥിതമെന്നുമുള്ള വേർതിരിവുകളില്ലതിന്. നമ്മുടെ മനോഭാവമാണ് നമ്മുടെ ഉയരത്തെയും വണ്ണത്തെയും നിർണ്ണയിക്കുന്നത്. മനോഭാവമാണ് പ്രധാനം എന്നർത്ഥം.
പ്രശാന്ത് നാരായണൻ എപ്പോഴും പറയാറുള്ളതുപോലെ ഒരു വരയെ ചെറുതാക്കാൻ, ആ വരയ്ക്കു മുകളിൽ വലിയൊരു വര വരയ്ക്കാൻ ശ്രമിക്കുകയാണ് വേണ്ടത് അല്ലാതെ അതിൽ നിന്നൽപ്പം മായ്ച്ചു കളയാൻ ശ്രമിക്കുകയല്ല.
വ്യക്ത്യാധിക്ഷേപം നടത്തുന്നത് കലയുടെ ധർമ്മമല്ല...സ്നേഹ ശ്രീകുമാർ ഒരു ഗംഭീര നടിയാണ്. മികച്ച സംവിധായകരുടെ കയ്യിലെത്തിയാൽ അതിഗംഭീരമായി ഇനിയും ഇതിലുമേറെ അരങ്ങിലോ അഭ്രപാളിയിലോ തിളങ്ങാൻ കഴിവുള്ള നടി...’’ എന്നാണ് കല സാവിത്രി കുറിച്ചിരിക്കുന്നത്. ഛായാമുഖിയിൽ മോഹൻലാലും സ്നേഹയും ഒരുമിച്ച് വേദിയിലെത്തിയ ചിത്രം പങ്കിട്ടാണ് കല സാവിത്രിയുടെ കുറിപ്പ്.