Saturday, March 14, 2026 Last Updated 22 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 08.37 AM

യുഎസിന്റെ ദു:ഖകരമായ യാഥാര്‍ത്ഥ്യം: ഒറ്റയ്ക്ക് താമസിച്ച അയല്‍വാസിയുടെ മരണവിവരം പങ്കുവച്ച് ഇന്ത്യന്‍ പ്രവാസി

indian, man, emotional, note, neighbour, death, USA

വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പല ഇന്ത്യക്കാരും അവിടുത്തെ തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ ഒരു ഇന്ത്യന്‍ പ്രവാസി തന്റെ വൃദ്ധനായ അയല്‍ക്കാരനെ ഒറ്റയ്ക്ക് മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പങ്കുവച്ച വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. യുഎസ് പോലുള്ള രാജ്യങ്ങളില്‍ പോലും മനുഷ്യന്‍ നേരിടുന്ന ഏകാന്തത വീഡിയോയ്ക്ക് പിന്നാലെ വലിയ ചര്‍ച്ചയായി. വിദേശത്ത് ഒറ്റപ്പെടലിന്റെ കഠിനമായ യാഥാര്‍ത്ഥ്യം ഈ സംഭവം തുറന്നുകാട്ടിയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതി.

'യുഎസിന്റെ ദുഃഖകരമായ യാഥാര്‍ത്ഥ്യം' എന്ന വിശേഷണത്തോടെയാണ് യുവാവ് തന്റെ വീഡിയോ പങ്കുവച്ചത്. സച്ചിന്‍ സിന്ധു എന്ന ഉപയോക്താവാണ് തന്റെ അയല്‍ക്കാരന്റെ മരണത്തെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചത്. കുടുംബമില്ലാതെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധനായ അയല്‍ക്കാരന്റെ ഹൃദയഭേദകമായ മരണത്തെ സച്ചിന്‍ തന്റെ വീഡിയിയോയിലൂടെ വിവരിക്കുന്നു. ക്ലിപ്പില്‍, സച്ചിന്‍ വികാരഭരിതനായി ഇങ്ങനെ പറയുന്നു, 'എനിക്ക് നിങ്ങളോട് വളരെ വേദനാജനകമായ ഒരു കാര്യം പങ്കുവയ്ക്കണം. എന്റെ വീടിനടുത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ എന്റെ വളരെ പ്രിയപ്പെട്ട ഒരു സുഹൃത്ത് താമസിച്ചിരുന്നു, ഷഫര്‍ എന്നായിരുന്നു പേര്. അദ്ദേഹത്തിന് വയസ്സ് 80. ഇവിടെ, അദ്ദേഹത്തിന് ആരുമില്ലായിരുന്നു. ഭാര്യയോ കുട്ടികളോ അദ്ദേഹത്തോടൊപ്പം താമസിക്കുന്നില്ല. അദ്ദേഹത്തെ നന്നായി അറിയാവുന്ന ഒരേയൊരു വ്യക്തി ഞാന്‍ മാത്രമായിരിക്കും. ഒരു ദിവസം മുഴുവന്‍ അദ്ദേഹത്തിന്റെ വാക്ക് കേള്‍ക്കാതെയും രാവിലെ മുതല്‍ ഒരു ഫോണ്‍ കോളും ഇല്ലാതെയും കടന്നുപോയി. രാത്രി 8 മണിയോടെ, എന്റെ കൈവശമുണ്ടായിരുന്ന സ്‌പെയര്‍ കീകള്‍ ഉപയോഗിച്ച് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.'

അയല്‍ക്കാരന്റെ കിടപ്പുമുറിയില്‍ കയറിയപ്പോള്‍ അയാള്‍ കട്ടിലില്‍ നിര്‍ജീവമായി കിടക്കുന്നത് കണ്ടതെങ്ങനെയെന്നും സച്ചിന്‍ വിവരിക്കുന്നു. 'ഞാന്‍ ഉടന്‍ തന്നെ 911 എന്ന നമ്പറില്‍ വിളിച്ചു. പോലീസ് എത്തി, അന്വേഷണം ആരംഭിച്ചു, പിന്നീട് അയാള്‍ മരിച്ചതായി പ്രഖ്യാപിച്ചു,' അയാള്‍ വീഡിയോയില്‍ വൈകാരികമായി പറയുന്നു. അത്തരം നിമിഷങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്ന സാംസ്‌കാരിക വ്യത്യാസങ്ങളെക്കുറിച്ചുള്ള ദുഃഖവും നിരാശയും അയാളുടെ ശബ്ദ വ്യത്യാസത്തില്‍ പ്രതിഫലിക്കുന്നു. തനിക്ക് യുഎസില്‍ ഏറ്റവും ഇഷ്ടപ്പെടാത്ത കാര്യം ഇവിടെ കുടുംബം എന്ന വ്യവസ്ഥയോട് യഥാര്‍ത്ഥ ബോധമില്ല എന്നതാണെന്നും. മാതാപിതാക്കള്‍ കുട്ടികളോടൊപ്പമോ കുട്ടികള്‍ മാതാപിതാക്കളോടൊപ്പമോ താമസിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയില്‍, മുതിര്‍ന്നവരെ പരിപാലിക്കുകയും അവരുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കട്ടി. പക്ഷേ ആ സംസ്‌കാരം ഇവിടെയില്ല. അതുകൊണ്ടാണ് പല പ്രായമായവരും ഒറ്റപ്പെട്ട് ജീവിക്കുകയും ആരുമറിയാതെ മരിക്കുകയും ചെയ്യുന്നത്. നാളെ ആരും കാണാന്‍ വന്നില്ലെങ്കില്‍, ശവസംസ്‌കാരം ഞാന്‍ തന്നെ നടത്തുമെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നു.

വീഡിയോ വൈറലായതോടെ കുടുംബ ബന്ധങ്ങളെക്കുറിച്ച് സച്ചിന്‍ പറഞ്ഞ കാര്യങ്ങള്‍ സമൂഹ മാധ്യമ ഉപയോക്താക്കളെയും ഏറെ സ്പര്‍ശിച്ചു. കുടുംബത്തിനുവേണ്ടി ഒന്നിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്. 'നിങ്ങള്‍ വീട്ടില്‍ നിന്ന് വളരെ അകലെ താമസിക്കുന്നുണ്ടെങ്കില്‍ പോലും, നിങ്ങളുടെ കുടുംബവുമായി ബന്ധം നിലനിര്‍ത്തുക. എല്ലാ ദിവസവും നിങ്ങളുടെ മുതിര്‍ന്നവരോട് സംസാരിക്കുക.' അദ്ദേഹം പറയുന്നു. വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തോളം പേരാണ് കണ്ടത്. നിരവധി പേരാണ് വൈകാരികമായ കുറിപ്പുകളുമായെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW