-->
ഓരോ തൊഴില്‍ മേഖലയിലും ശാരീകമായും മാനസികമായും നിരവധി സമ്മര്‍ദ്ദങ്ങള്‍ അവിടുത്തെ ജീവനക്കാര്‍ നേരിടുന്നുണ്ട്. ഇത്തരത്തില്‍ ജോലിസമ്മര്‍ദം കുറയ്ക്കാന്‍ തിങ്കളാഴ്ചകളെ അവധിദിവസമായി തിരഞ്ഞെടുക്കുന്ന രീതി ഇന്ത്യയില്‍ കൂടുന്നുണ്ടെന്നുള്ള കണക്ക് പുറത്തുവരുന്നത്. ഈ ബുദ്ധി പറഞ്ഞുകൊടുക്കുന്നതാകട്ടെ നിര്‍മിതബുദ്ധിയും. അതുമാത്രമല്ല, ഇന്‍ഡീഡിന്റെ 2025 വര്‍ക്‌പ്ലേസ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടുപ്രകാരം ഇന്ത്യയിലെ 71 ശതമാനം തൊഴിലാളികളും നിര്‍മിതബുദ്ധിയെ പല കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നവരാണ്.
പ്രശ്‌നപരിഹാരത്തിന്, ഭാവി ആസൂത്രണം ചെയ്യാന്‍, ആശയങ്ങളുടെ മികവുകൂട്ടാന്‍ എന്നിങ്ങനെയുള്ളതിനെല്ലാം അവര്‍ നിര്‍മിതബുദ്ധിയെ തേടിയെത്തുന്നു. പലര്‍ക്കും നിര്‍മിതബുദ്ധി വിശ്വസ്തനായ സഹപ്രവര്‍ത്തകനായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 14 തൊഴിലിടങ്ങളില്‍നിന്നായി 3872 പേര്‍ പങ്കെടുത്ത സര്‍വേയില്‍ 1288 തൊഴിലുടമകളും 2584 ജീവനക്കാരും ഉള്‍പ്പെടുന്നു. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വ്യത്യസ്തമായ കഴിവുകള്‍ ആര്‍ജിച്ച് പുതിയ തൊഴില്‍ തേടുന്നവര്‍ 68 ശതമാനം വരെയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ജോലിസമയത്തെയും വിശ്രമത്തെയും കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ടുപോകുന്നവരുമുണ്ട്.
എന്നാല്‍, ഇതെല്ലാം തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള അകല്‍ച്ചയ്ക്കും വഴി വെക്കുന്നുണ്ടെന്നാണ് വിവരം. 42 ശതമാനം തൊഴിലുടമകളും ഇക്കാരണത്താല്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനെക്കുറിച്ചുവരെ ചിന്തിക്കുന്നു. പക്ഷേ, മികച്ച പല മാറ്റങ്ങള്‍ക്കും നിര്‍മിത ബുദ്ധി കാരണമായെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ജോലികള്‍ കൂടുതല്‍ കാര്യക്ഷമമായെന്നു മാത്രമല്ല, തൊഴില്‍ജീവിതം സുഖമമായെന്നും ഇത് ഇന്ത്യയിലെ തൊഴില്‍ സ്വഭാവത്തെ മാറ്റുന്നുണ്ടെന്നും ഇന്‍ഡീഡിലെ ടാലന്റ് സ്ട്രാറ്റജി ഉപദേഷ്ടാവായ റോഹന്‍ സില്‍വസ്റ്റര്‍ പറഞ്ഞു.