-->
ജോലി മേഖലകളില്‍ തങ്ങള്‍ക്കുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളും അവഗണനകളുമെല്ലാം ആളുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മൂന്ന് മാസത്തെ പ്രൊബേഷന്‍ അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ നിരാശ വെളിപ്പെടുത്തി യുവാവ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള യുവാവാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. താന്‍ ചോരയും നീരും നല്‍കിയാണ് ആ റോളില്‍ ജോലി ചെയ്തത് എന്നിട്ടും തന്റെ ടീമിനെ പിരിച്ചുവിടാന്‍ 10 മാസമായി ആലോചനയുണ്ട് എന്ന് സ്ഥാപകനില്‍ നിന്നും അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് യുവാവ് പറയുന്നത്.
ഒഴിവാക്കണമെന്ന് നേരത്തെ തന്നെ പദ്ധതിയിട്ടിരുന്ന തസ്തികകളിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ജീവനക്കാരെ നിയമിക്കുന്നത് എന്തിനാണ് എന്നാണ് യുവാവിന്റെ ചോദ്യം. ജീവന്‍ എന്ന യുവാവാണ് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പിലെ ഇത്തരം സംസ്‌കാരത്തെ കുറിച്ചും ജീവനക്കാരെ ഒന്നും സംഭവിക്കാത്തതുപോലെ പിരിച്ചുവിടുന്നതിനെ കുറിച്ചുമാണ് യുവാവിന്റെ പോസ്റ്റ്. ജനുവരി 30 നാണ് തന്നെ പിരിച്ചുവിടുന്നത്, തന്റെ പ്രൊബേഷന്‍ പൂര്‍ത്തിയാകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇതെന്നും യുവാവ് പറയുന്നു.
ഈ റോളിലേക്ക് തന്റെ ചോരയും നീരും നല്‍കി. രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെ ദിവസം ജോലി ചെയ്തുവെന്നും യുവാവ് കുറിക്കുന്നു. എന്നാല്‍, അതേസമയം കഴിഞ്ഞ ദിവസം സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍ 910 മാസമായി ഈ ടീമിനെ പിരിച്ചുവിടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി സമ്മതിച്ചു. അങ്ങനെയാണെങ്കില്‍ ആ ടീമിലേക്ക് എന്തിനാണ് ആളുകളെ ജോലിക്കെടുക്കുന്നത് എന്നാണ് യുവാവിന്റെ ചോദ്യം. ധാര്‍മ്മികമായ അധപ്പതനമാണ് ഇത് കാണിക്കുന്നതെന്നും യുവാവ് പറയുന്നു.
പിരിച്ചുവിട്ടപ്പോള്‍ ഒന്നരമാസത്തെ ശമ്പളം വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. അതിന് നന്ദിയുണ്ടാവണമെന്നാണ് പറയുന്നത്. എന്നാല്‍, തന്റെ കരിയറിലെ ഗ്യാപ്പിന് ആരാണ് ഉത്തരം പറയുക? മാനസികമായിട്ടുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ആരാണ് ഉത്തരം പറയുക? 2026 ല്‍ ജോലി സുരക്ഷ എന്നത് ഒരു മിഥ്യയാണ്. ഇങ്ങനെ ജോലിക്കെടുത്ത് ഉടന്‍ പിരിച്ചുവിടുന്നതിനെതിരെ നാം ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഇവിടെ ഒന്നും മാറില്ല എന്നും യുവാവ് പറയുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയത്. ആവശ്യം കഴിഞ്ഞുകഴിയുമ്പോള്‍ വലിച്ചെറിയപ്പെടുന്നവരാണ് തങ്ങള്‍ എന്നറിയുന്നത് വലിയ വേദനയും പേടിയുമുണ്ടാക്കുന്ന കാര്യമാണ് എന്നാണ് പലരും പോസ്റ്റിന് കമന്റുകള്‍ നല്‍കിയിരിക്കുന്നത്.