-->
സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ വാഹനപ്രേമം എല്ലാ ആരാധകര്‍ക്കും അറിയാവുന്ന കാര്യമാണ്. താരത്തിന്റെ ഗാരേജിലെ വാഹനങ്ങള്‍ ഏതാണെന്നും അതിന്റെ പ്രത്യേകതകള്‍ എന്താണെന്ന് പോലും ഓരോ ആരാധകര്‍ക്കും അറിയാം. ഇപ്പോള്‍ താരം തന്റെ ഗാരേജിലേക്ക് പുതുപുത്തന്‍ ഡിഫന്‍ഡര്‍ ഒക്ട എത്തിച്ചിരിക്കുകയാണ്. ദുല്‍ഖറിന്റെ ഗാരേജിലേക്ക് എത്തുന്നത് മോളിവുഡിലെ ആദ്യത്തെ ഒക്ടയാണ്.
സാധാരണ ഡിഫന്‍ഡറിനെക്കാള്‍ കൂടുതല്‍ ശക്തവും ഹാര്‍ഡ് കോര്‍ ഓഫ്-റോഡിംഗ് പ്രകടനത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന മോഡല്‍ ആണിത്. പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ വില ആരംഭിക്കുന്നത് 2.59 കോടി രൂപ മുതലാണ്. പുതിയ ഡിഫെന്‍ഡര്‍ ഒക്ടയുടെ ഹുഡിന് കീഴില്‍ 4.4 ലിറ്റര്‍, ട്വിന്‍-ടര്‍ബോ, മൈല്‍ഡ്-ഹൈബ്രിഡ് V8 എഞ്ചിനാണുള്ളത്. ഇത് 626 bhp പവറും 800 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഈ വാഹനത്തിന് വെറും 4 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
6D ഡൈനാമിക് സസ്‌പെന്‍ഷന്‍, പുനര്‍നിര്‍മ്മിച്ച ഷാസി, സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍, എസ്യുവിക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ടയറുകള്‍ എന്നിവയൊക്കെയാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിലെ മാറ്റങ്ങള്‍. അതിനൊപ്പം തന്നെ സാധാരണ ഡിഫെന്‍ഡറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒക്ടയ്ക്ക് 68mm വീതിയും 28mm ഉയരവും കൂടുതലാണ്. കൂടാതെ ഒരു മീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയുമുണ്ട്.
323 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. പുതിയ സവിശേഷതകളും മികച്ച പ്രകടനവും മികച്ച സാങ്കേതികവിദ്യയും കോര്‍ത്തിണക്കിയതിനാല്‍ ഏറ്റവും ദുഷ്‌കരമായ റോഡുകള്‍ പോലും എളുപ്പത്തില്‍ മറികടക്കാന്‍ ഡിഫെന്‍ഡര്‍ ഒക്ടയ്ക്ക് സാധിക്കും.