Friday, March 13, 2026 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 06 Nov 2025 10.56 AM

മിന്നല്‍ മുരളിയുടെ വേഗത്തില്‍ ഇമിഗ്രേഷൻ പൂര്‍‍ത്തിയാക്കി മോഹൻലാല്‍; ലാലേട്ടന് ആകെ വേണ്ടി വന്നത് വെറും 20 സെക്കൻഡ്; കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ വൈറല്‍

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വളരെ പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ കൊച്ചി എയര്‍പോര്‍ട്ടില്‍ വെറും 20 സെക്കന്റില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി നടന്നു വരുന്ന ലാലേട്ടന്റെ വീഡിയോയാണ് വൈറലായി മാറുന്നത്.
mohanlal, Fast Track Immigration Program & Travel Smart with CIAL
Mohanlal using fast track immigration in kochi airport (Image Source: Instagram)

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെക്കുറിച്ചുള്ള എല്ലാ വാര്‍ത്തകളും വളരെ പെട്ടെന്നാണ് തരംഗമായി മാറാറുള്ളത്. സിനിമാവിശേഷങ്ങള്‍ മാത്രമല്ല മോഹന്‍ലാലിന്റെ യാത്രാചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് നടന്നിറങ്ങി വരുന്ന മാസ് ലുക്കിലുള്ള ലാലേട്ടന്റെ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ലൈക്കും കമന്റുകളും വാരിക്കൂട്ടിയിട്ടുണ്ട്.
ഇ​പ്പോഴിതാ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടിക്രമങ്ങള്‍ പൂർത്തിയാക്കല്‍ വളരെ സിംപിളായി ചെയ്യുന്ന ലാലേട്ടന്റെ വീഡിയോയാണ് വൈറലായി മാറുന്നത്. ഈ നടപടികള്‍ പൂർത്തിയാക്കാൻ ലാലേട്ടന് ആകെ വേണ്ടിവന്നത് വെറും 20 സെക്കൻഡുകള്‍ മാത്രമാണ്. എയർപോർട്ട് അധികൃതർ തന്നെയാണ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’ അഥവാ എഫ്ടിഐ- ടിടിപി ആണ്. ഈ പ്രോഗ്രാം വഴി ദീർഘനേരം ക്യൂ നില്‍ക്കുന്നതില്‍ നിന്ന് യാത്രികർക്ക് മോചനം നേടാനാവും.
ഫിംഗര്‍ ഐഡന്റിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്ന മോഹന്‍ലാല്‍ സെക്കന്റുകള്‍ക്കിപ്പുറം ഗേറ്റ് തുറക്കുന്നത് കാണാം. ട്രോളി സ്യൂട്ട്കേസുമായി ബ്ലാക്ക് ഔട്ട്ഫിറ്റില്‍ സ്വതസിദ്ധമായ കുസൃതി ചിരിയോടെ താങ്ക്സ് പറഞ്ഞ് നടന്നു നീങ്ങുന്ന മോഹന്‍ലാലിനെയും വീഡിയോയില്‍ കാണാം. ‘‘സിയാലിലെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ഇ-ഗേറ്റുകളിലൂടെയുള്ള ആയാസരഹിതമായ യാത്രയുടെ നിമിഷത്തിൽ മോഹൻലാലില്‍ നിന്ന് ഒപ്പിയെടുത്ത ഒരു സുഖനിമിഷം, ഒരു ചാരുതയുടെ സ്പർശം...സിയാലിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ പ്രോഗ്രാമിനും ട്രാവൽ സ്മാർട്ടിനും ഇപ്പോൾ എൻറോൾ ചെയ്യുക...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് കൊച്ചിന്‍ എയര്‍പോര്‍ട്ടിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഇമിഗ്രേഷന്‍ നടപടികള്‍ ഇത്രയും വേഗത്തിലും അനായാസകരവുമാക്കാൻ സഹായിക്കുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പാസ്‌പോര്‍ട്ട് സ്റ്റാംപിങ് അടക്കമുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കി ഇമിഗ്രേഷൻ നടപടികള്‍ ഈസിയാക്കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

മുന്‍പ് തന്നെ ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് യാത്രികര്‍ക്ക് വേണ്ടി സിയാല്‍ ‘ഡിജി യാത്രാ പ്രോഗ്രാം’ ചെയ്തിരുന്നു. ഇപ്പോള്‍ ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം’ വന്നതോടെ രാജ്യാന്തര യാത്രികര്‍ക്കും ഇമിഗ്രേഷൻ നടപടികള്‍ 20 സെക്കൻഡില്‍ പൂർത്തിയാക്കാനാവും.
ഈ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യം പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള കവാടങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള നാല് ബയോമെട്രിക് ഇ-ഗേറ്റുകള്‍ വഴിയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശികള്‍ക്കും ഈ സൗകര്യത്തിനായി അപേക്ഷിക്കാനാവും. അതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി അപേക്ഷ സമർപ്പിക്കാം.
വെബ് പോര്‍ട്ടലില്‍ ആവശ്യപ്പെടുന്ന പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അപ്ലോഡ് ചെയ്ത ശേഷം കൊച്ചി വിമാനത്താവളത്തിലോ അല്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഫോറിൻ റീജിയണല്‍ രജിസ്ട്രേഷൻ ഓഫീസിലോ ആയി ബയോമെട്രിക് എൻറോള്‍മെന്റ് നടത്താം. ഈ നടപടിക്രമങ്ങളെല്ലാം വണ്‍ ടൈം രജിസ്‌ട്രേഷനാണ്, അത് പൂർത്തിയാക്കിയ യാത്രികർക്ക് മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ ചെയ്തത് പോലെ സ്‌മാർട്ട് ഗേറ്റുകള്‍ ഉപയോഗിച്ച്‌ ഇമിഗ്രേഷൻ നടപടികള്‍ വെറും സെക്കൻഡുകള്‍ക്കുള്ളില്‍ നടത്താം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW