-->
കാന്താര 2 ഇറങ്ങിയതോടെ മലയാളത്തിലെ ജനപ്രിയ ഗായകന്‍ സന്നിധാനന്ദനും ഒരു പാന്‍ ഇന്ത്യന്‍ പരിവേഷമുള്ള പാട്ടുകാരനായിരിക്കുകയാണ്. കാരണം റിഷബ് ഷെട്ടി സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ സിനിമ കാന്താര 2 വിന്റെ മലയാളം വേര്‍ഷനില്‍ രണ്ടു പാട്ടുകള്‍ പാടിയാണ് സന്നിധാനന്ദന്‍ ലോക മലയാളികളെ വീണ്ടും വിസ്മയിപ്പിച്ചിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം ജഗമേ തന്തിരം, പാ രഞ്ജിത്ത് സംവിധാനം ചെയ്ത വിക്രംസിനിമ തങ്കലാന്‍, അല്ലു അര്‍ജുന്‍ നായകനായ പുഷ്പ ടു എന്നീ പാന്‍ ഇന്തന്‍ സിനിമകളുടെ മലയാള വേര്‍ഷനിലും സന്നിധാന്ദന്‍ മുമ്പ് പാടിയിട്ടുണ്ട്.
ലോകം കാത്തിരുന്ന ബ്രഹ്‌മാണ്ഡചിത്രം കാന്താര ചാപ്റ്റര്‍ ടുവിന്റെ മലയാള വേര്‍ഷനിലും പാടാന്‍ അവസരം കിട്ടിയ വിശേഷം പയുകയാണ് സന്നിധാനന്ദന്‍. ആര്‍ടിസ്റ്റ് കോര്‍ഡിനേറ്ററും മ്യുസിഷനും കൂടിയായ കെ.ഡി. വിന്‍സന്റ് ചേട്ടനാണ് കാന്താരയിലേക്ക് ആദ്യം പാടാന്‍ വിളിക്കുന്നത്. സിനിമയുടെ പേര് ആദ്യം പറഞ്ഞിരുന്നില്ല. ഒരു സിനിമ വരുന്നുണ്ട് എന്ന് മാത്രമേ പറഞ്ഞുള്ളൂ. സന്നിയുടെ ശബ്ദം ഒന്ന് പരിശോധിക്കണം. രണ്ട് പാട്ട് അയച്ചു തരാന്‍ വിന്‍സന്റ് ചേട്ടന്‍ പറഞ്ഞു. അങ്ങനെ ഓര്‍ഡിനറി സിനിമയിലെ വിദ്യാസാഗര്‍ സാറിന്റെ പാട്ടും ഷെര്‍ലോക്ക് ടോംസിലെ ബിജിപാല്‍ സാറിന്റെ പാട്ടും അയച്ചുകൊടുത്തു. പാട്ടുകള്‍ അയച്ചുകൊടുത്ത് നേരേ മൂകാംബികയിലേക്ക് തൊഴുവാന്‍ പോയി. തിരിച്ചുവുമ്പോള്‍ വിളിക്കുന്നു. നീ എവിടെയാണ് നേരേ സ്റ്റുഡിയോയിലേക്ക് വരാന്‍ പറഞ്ഞു. തൃശൂര്‍ ശ്രീ രാഗത്തില്‍ വന്നു. രാഗേഷാണ് ശ്രീ രാഗത്തിലെ സൗണ്ട് എന്‍ജിനീയര്‍. അങ്ങനെ ആദ്യം ഒരു പാട്ട് പാടി അയച്ചുകൊടുത്തു. ഇത് ആരോടും പറയരുതെന്നും ഇത് വോയ്‌സ് മാച്ചിങ്ങാണ് എന്നുംപറഞ്ഞു. രണ്ടിസം കഴിഞ്ഞ് കറക്ഷന്‍ ഉണ്ടെന്ന് പറഞ്ഞ് വീണ്ടും വിളിച്ചു. അപ്പോള്‍ ഫോണിലൂടെ കാന്താരയുടെ മ്യൂസിക് ഡയറക്ടര്‍ അജനീഷ് ലോക്‌നാഥ് സാര്‍ വിളിച്ച് തിരുത്തലുകള്‍ പറഞ്ഞുതന്നു. അങ്ങനെ വീണ്ടും പാടി അയച്ചുകൊടുത്തു. മൂന്നാമത് തിരുത്തലിനായി വിളിച്ചപ്പോള്‍ അവിടെ സംവിധായകന്‍ റിഷബ് ഷെട്ടിസാര്‍ ഉണ്ടായിരുന്നു. സാറും പാട്ടിന്റെ ഇമോഷനും മറ്റും പറഞ്ഞുതന്നു. പിന്നീട് വീണ്ടും ഒരു പാട്ടും കൂടി പാടണമെന്ന് പറഞ്ഞു. സന്തോഷ് വര്‍മസാര്‍ എഴുതിയ രണ്ടു പാട്ടുകള്‍ അങ്ങനെയാണ് കാന്താരയില്‍ പാടാനായതെന്ന് സന്നിധാനന്ദന്‍ പറയുന്നു.
40 ഓളം സിനിമകളില്‍ ഇതുവരെ പാടിയിട്ടുണ്ട്. നിരവധി ഭക്തിഗാനങ്ങളും നാടന്‍ പാട്ടുകളും പാടി. ' ' നിന്റെ ശബ്ദത്തിന് ഒരു പ്രത്യേകതയുണ്ട് ' നിന്റെ ശബ്ദത്തിനു പാടാന്‍ മാത്രമായുള്ള പാട്ടുകള്‍ ഒരു കാലത്ത് ഉണ്ടാകും' എന്ന് ശരത്ത് സാര്‍ പറഞ്ഞിട്ടുണ്ട്. പുള്ളിമാന്‍ എന്ന മണിചേട്ടന്റെ സിനിമയില്‍ ആണ് ഒരു മുഴുനീളന്‍ പാട്ട് ഞാന്‍ പാടുന്നത്. ആ പാട്ട് തരുന്നത് ശരത്ത് സാറാണ്. എന്നിലെ ഗായകനില്‍ ഒരു ഫോക്ക് എലമെന്റ് ആദ്യം കണ്ടെത്തുന്നത് ശരത്ത് സാറാണ്. ശരത്ത് സാറും ബിജിപാല്‍ സാറുമാണ് എന്നെ പ്ലേബാക്ക് സിംഗിങ്ങിലേക്ക് വരാന്‍ തുടക്കത്തില്‍ കൂടുതല്‍ സപ്പോര്‍ട്ട്‌ചെയ്തത്. എന്നാല്‍ മോഹന്‍ സിത്താര സാറിന്റെ നാലുവരികള്‍ പാടിയാണ് ഞാന്‍ സിനിമയിലെത്തുന്നത്.
വേടന്റെ പാട്ടും ഹാനുമാന്റെ പാട്ടും അങ്ങനെ എല്ലാ തരത്തിലുള്ള പാട്ടുകളും ഉണ്ടാകണം. എല്ലാതരം പാട്ടുകള്‍ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. എല്ലാതരം പാട്ടുകള്‍ കേള്‍ക്കുന്നവരും എന്റെ പാട്ടുകള്‍ കേള്‍ക്കുന്നുണ്ട്. എന്റെ പാട്ടുകള്‍ കേട്ട് അവര്‍ സന്തോഷിക്കുന്നു. എന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ഒരു ദൈവിക ചൈതന്യം കേള്‍വിക്കാര്‍ക്ക് കിട്ടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് സന്നിധാനന്ദന്‍ പറയുന്ന
- ധനേഷ്‌കൃഷ്ണ