-->
സിംഹം എന്ന് കേട്ടാൽ തന്നെ ഒരു രാജാകീയ ചിത്രമായിരിക്കും നമ്മുടെ മനസ്സിലേക്ക് ഓടി വരുന്നത്. റോയൽ ലൂക്കിലുള്ള ആ നടത്തം കണ്ടാൽ ആരായാലും ഒന്ന് നോക്കിയിരുന്നുപോകും. അതുകൊണ്ട് തന്നെയാണ് സിംഹം കാടിന്റെ രാജാവായി അറിയപ്പെടുന്നത്. ഇവയുമായി ബന്ധപ്പെട്ട് ഒട്ടനവധി ചിത്രങ്ങൾ വൈറലായിട്ടുണ്ടെങ്കിലും അടുത്തിടെ പുറത്തുവന്ന അതിസുന്ദരനയ ഒരു സിംഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കെനിയയിൽ നിന്നാണ് ഈ സിംഹത്തിന്റെ വരവ്. ചുരുണ്ട മുടിയുള്ള സടയുമായി നിൽക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങൾ സൈലന്റ് വിസ്‌പേഴ്‌സ് ഫോട്ടോഗ്രഫി എന്ന എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ആദ്യം വന്നത്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ കാംബിസ് പോർഗ്നാൻഡാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കെനിയയിലെ പ്രശസ്തമായ നാഷണൽ പാർക്കായ മസായി മാരയിൽ നിന്നുമാണ് എൻസൂരി - എം6 എന്ന് പേരിട്ടിരിക്കുന്ന ഈ സിംഹത്തെ ഫോട്ടോഗ്രഫർ കണ്ടത്.
മസായി മാരയിലെ ഏറ്റവും ഭംഗിയുള്ള സിംഹളിൽ ഒന്നാണ് എൻസൂരി എന്നാണ് ഫോട്ടോഗ്രഫർ കാംബിസിന്റെ വാക്കുകൾ. കാംബിസ് പങ്കുവെച്ച വീഡിയോ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് മാത്രം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 'ഞാൻ പകർത്തിയ ദൃശ്യങ്ങൾ ഇത്രയും കാഴ്ചക്കാരെ നേടിയതിൽ ഒരുപാട് സന്തോഷമുണ്ട്. എന്റെ മസായി സഹോദരൻ സാംവെൽ ഇഗാറോയോടും ഒരുപാട് നന്ദി പറയുന്നു. എൻസൂരിയുടെ ഈ ദൃശ്യങ്ങൾ പകർത്താൻ അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു.
വന്യമൃഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും തയ്യാറായി മുന്നോട്ടുവരണം എന്നാണ് എനിക്ക് പറയാനുള്ളത്. എൻസൂരി നിങ്ങളുടെ ഹൃദയത്തെ തൊട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്കറിയാവുന്ന ഏതെങ്കിലും മൃഗ സംരക്ഷണ സംഘടനകളുടെ ഭാഗമാവുക. നിങ്ങളാൽ കഴിയുനന സഹായം ചെയ്യുക,' കാംബിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സിംഹങ്ങളുടെ സാധാരണ കാണുന്ന സടയിൽ നിന്നും വ്യത്യസ്തമായി ചുരുണ്ട മുടിയുമായാണ് എൻസൂരി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാർലറിൽ പോയി കേർളി ഹെയർ റുട്ടീൻ ചെയ്തത് വന്നത് പോലെയുണ്ട് എന്നാണ് പലരും സിംഹത്തിന്റെ ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്.