-->
കണ്ണൂര്‍: കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തി കെ റെയില്‍ പദ്ധതിയില്‍ മാറ്റം വേണ്ടി വരുമെന്നും ഇക്കാര്യം ആലോചനയിലാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തിന്റെ അര നൂറ്റാണ്ട് മുന്നില്‍ കണ്ടുളള വികസന പദ്ധതിയായിരുന്നു കെ റെയില്‍ എന്നും എന്നാല്‍ പദ്ധതിക്ക് പണം തടസ്സമായ സാഹചര്യത്തില്‍ പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരുമെന്നും പറഞ്ഞു.
കേരളത്തില്‍ കെ റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് നേരത്തേ വ്യക്തമാക്കിയ ഇ ശ്രീധരന്റെ അഭിപ്രായത്തോട് യോജിക്കുന്നതാണ് എം.വി.ഗോവിന്ദന്റെയും അഭിപ്രായം. നേരത്തേ കെ റെയിലിന്റെ ബദല്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും ആ പ്രൊപ്പോസല്‍ കേരള സര്‍ക്കാരിന് ഇഷ്ടമായെന്നും ശ്രീധരന്‍ അന്ന് വ്യക്തമാക്കിയിരുന്നു. കെ റെയിലിനേക്കാള്‍ ഉപകാരമുള്ളതാണ് ബദല്‍. നാട്ടുകാര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം'എന്നാണ് ഇ ശ്രീധരന്‍ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്.
പ്രൊപ്പോസലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച മുഖ്യമന്ത്രിയുമായി നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് അത് ബോധ്യമായെന്നും പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മെട്രോ മാന്‍ റെയില്‍വേയ്ക്ക് പദ്ധതി സമര്‍പ്പിച്ചത്. പദ്ധതിക്ക് പുതിയ സമീപനം സ്വീകരിക്കേണ്ടിവരുമെന്നും കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.