-->
മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് സുകുമാരൻ ഇന്ന് നാല്പത്തിമൂന്നാം ജന്മദിനത്തിന്റെ നിറവിലാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളത്തിലെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറാണ്. അഭിനേതാവ് എന്നതിലുപരി ഒരു സംവിധായകനായും നിർമ്മാതാവായും വിതരണക്കാരനുമൊക്കെയായി പൃഥ്വി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ മുഴുവന്‍ ചുമതലയും ഭാര്യ സുപ്രിയ മേനോനാണ്. മലയാളത്തിന്റെ പവര്‍ കപ്പിള്‍സാണ് പൃഥ്വിയും സുപ്രിയയും.
ഇപ്പോഴിതാ പൃഥ്വിയുടെ ജന്മദിനത്തില്‍ സ്നേഹത്തില്‍ ചാലിച്ച ആശംസകളും കുടുംബചിത്രങ്ങളും പങ്കിടുകയാണ് സുപ്രിയ മേനോന്‍. തന്റെ എക്കാലത്തെയും മികച്ച പങ്കാളിയെ എന്നും സ്നേഹിക്കുന്നു എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. ‘‘പിയ്ക്ക് ജന്മദിനാശംസകള്‍...സിനിമയിലെയും യാത്രയിലെയും ഒഴിവു സമയത്തിലെയും മികച്ച അനുഭവങ്ങൾക്കൊപ്പം, ഒരു മികച്ച വർഷം ആശംസിക്കുന്നു... എന്റെ ജീവിതത്തിലെ എക്കാലത്തെയും യാത്രാ പങ്കാളിക്ക്, ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സുപ്രിയയുടെ ആശംസ. ഒപ്പം പി ആന്‍ഡ് എസ്, ജന്മദിനാശംസകൾ, ഔവര്‍ ഫേവറൈറ്റ്സ്, ഡാഡാ ലവ്... എന്നീ ഹാഷ് ടാഗുകളും സുപ്രിയ നല്‍കിയിട്ടുണ്ട്. പൃഥ്വിയുടെ ഒറ്റയ്ക്കുള്ള ചിത്രത്തിനൊപ്പം സുപ്രിയയും പൃഥ്വിരാജും ഒരുമിച്ചുള്ള ചിത്രങ്ങളും, അച്ഛനും മകള്‍ അലംകൃതയും നടന്നു പോകുന്ന ചിത്രവും, സുപ്രിയയും പൃഥ്വിയും നടക്കുന്ന ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.
ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത ‘വാസ്തവം’ എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാള നടനാണ് പൃഥ്വിരാജ്. പിന്നീട് അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, ആടുജീവിതം എന്നീ ചിത്രങ്ങളിലൂടെയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം പൃഥ്വി നേടിയിരുന്നു. മലയാളത്തില്‍ രണ്ടു സിനിമകള്‍ മാത്രമാണ് താരം അഭിനയിച്ചതായി ഇക്കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. എമ്പുരാന്‍ എന്ന സിനിമ സംവിധാനവും ചെയ്തിരുന്നു താരം.
ബോളിവുഡില്‍ തന്റെ രണ്ടാമത്തെ സിനിമയായ സർ സമീൻ എന്ന ചിത്രത്തില്‍ കജോളിനൊപ്പം താരം അഭിനയിച്ചു. ഇനി വരാനിരിക്കുന്നത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളായ വിലായത്ത് ബുദ്ധയും ഖലീഫയും രാജമൗലി ചിത്രവുമാണ്.
അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. ജി.ആർ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ വർക്കുകള്‍ തുടങ്ങും മുൻപേ സച്ചി യാത്രയായി. ആ സിനിമ ജയൻ നമ്പ്യാരാണ്. മാസും ആക്ഷനും പ്രണയവും എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്നറാണ് സിനിമയെന്നാണ് വിലായത്ത് ബുദ്ധയുടെ ടീസർ നല്‍കുന്ന സൂചന. മറയൂരിലെ ചന്ദന കടത്തും തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിന്നെയുള്ളത് പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രമായ ഐ, നോബഡിയുമുണ്ട്. പതിനഞ്ച് വർഷങ്ങള്‍ക്ക് ശേഷം വൈശാഖ്- പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഖലീഫ’.
കൂടാതെ കരീന കപൂർ, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മേഘ്ന ഗുല്‍സാർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ‘ദായ്‌റ’യില്‍ പോലീസ് ഓഫീസറുടെ വേഷത്തിലും പൃഥ്വിരാജ് എത്തുന്നുണ്ട്.
വിപിൻദാസിന്റെ സംവിധാനത്തില്‍ 60 പുതുമുഖങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം ‘സന്തോഷ് ട്രോഫി’യുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. പ്രശസ്‍ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്.