-->
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച കണ്ണന്‍ ഗോപിനാഥന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച ശേഷമാണ് മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു കോണ്‍ഗ്രസ് പ്രവേശനം.
ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് നിരവധിപേരുമായി സംസാരിച്ചുവെന്നും കോണ്‍ഗ്രസാണ് ഒരു ബദലായി തോന്നിയതെന്നും അംഗത്വം സ്വീകരിച്ചശേഷം കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു. രാജ്യത്തെ സേവിക്കാന്‍ കോണ്‍ഗ്രസിലെ അവസരം വിനിയോഗിക്കുമെന്നും പറഞ്ഞു. പൗരന്മാരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തന മേഖല എവിടെയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞു.
കോണ്‍ഗ്രസിനെ ബദലായി തോന്നിയതുകൊണ്ടാണ് ആ പ്രസ്ഥാനം തെരഞ്ഞെടുത്തത്. കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ ദേശദ്രോഹിയായി ചിത്രീകരിക്കുകയാണ്. രാജ്യം ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നത്. ഇനിയും മിണ്ടാതിരിക്കാനാവില്ലെന്നും പറഞ്ഞു. തിരുത്തല്‍ ശബ്ദമാകാന്‍ കോണ്‍ഗ്രസിനെ വേദിയാക്കുമെന്നും ദേശീയ തലത്തിലോ കേരളത്തിലോപ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ താന്‍ തുറന്ന് കാട്ടിയപ്പോള്‍ ഭീഷണിപ്പെടുത്തി തന്നെ നിശബ്ദനാക്കാന്‍ നോക്കി. കേസുകളെടുത്ത് സമ്മര്‍ദ്ദത്തിലാക്കി. ഭീഷണികളെ തുടര്‍ന്നും ഭയപ്പെടില്ലെന്നും ഐ എ എസ് പദവി രാജിവച്ചത് എംഎല്‍എയാകാനല്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. നീതിക്കായി പോരാടുന്ന ഒരേയൊരു പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതുകൊണ്ടാണ് കണ്ണന്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്തതെന്നും വിഭജന അജണ്ടകള്‍ക്കെതിരെയാണ് കണ്ണന്റെ പോരാട്ടമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.