-->
പാലക്കാട്: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട റെയ്ഡ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത് കേരളത്തില്‍ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം മുക്കാനാണെന്ന വിവാദ പ്രസ്താവനയുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപി. എല്ലാം കുത്സിതപ്രവര്‍ത്തിയാണെന്നും കേന്ദ്രമന്ത്രിയായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും സുരേഷഗോപി പറഞ്ഞു.
സ്വര്‍ണ്ണപ്പാളി വിവാദം മുക്കാനാണ് സിനിമാതാരങ്ങളെ ഈ ത്രാസില്‍ കയറ്റി അളക്കാന്‍ വിട്ടുകൊടുത്തിരിക്കുന്നതെന്ന് താന്‍ സംശയിക്കുന്നതായും ഇനിയും ഇത്തരം കഥകള്‍ വരുമെന്നും പാലക്കാട്ടെ മലമ്പുഴയില്‍ നടന്ന കലുങ്ക് സംവാദത്തില്‍ സുരേഷ്‌ഗോപി പറഞ്ഞു. ഈ സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയയാണ് ഇപ്പോള്‍ പോലീസിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
എന്നാല്‍ ശബരിമലവിഷയത്തില്‍ അയ്യപ്പന്‍ ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടവര്‍ അല്ലെന്നും തന്റെ മൂത്ത സഹോദരനായിട്ടാണ് താന്‍ അയ്യപ്പനെ കാണുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു. ചെമ്പ് - സ്വര്‍ണ്ണം - രസതന്ത്രം - വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും സുരേഷ്‌ഗോപി പറഞ്ഞു. നേരത്തേ മലയാളനടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. ഈ വിഷയത്തിലാണ് സുരേഷ്‌ഗോപിയുടെ പ്രതികരണം വന്നത്.