-->
കൊച്ചി : ആനക്കൊമ്പ് കൈവശംവയ്ക്കാന്‍ മോഹന്‍ലാലിന് ലൈസന്‍സ് നല്‍കണമെങ്കില്‍ സര്‍ക്കാര്‍ ഇനി പുതിയ വിജ്ഞാപനം ഇറക്കണം. വന്യജീവികളുടെ ശരീരഭാഗങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അതു പരസ്യമാക്കി ലൈസന്‍സ് സമ്പാദിക്കാന്‍ വനംവകുപ്പ് നല്‍കിയ സമയപരിധി 2003 ല്‍ അവസാനിച്ചു. മോഹന്‍ലാലിനു മാത്രമായി ഇനി വിജ്ഞാപനമിറക്കാന്‍ കഴിയില്ല.
മോഹന്‍ലാലിനു മാത്രം ലൈസന്‍സ് നല്‍കാന്‍ വിജ്ഞാപനമിറക്കിയതാണു കോടതി റദ്ദാക്കിയത്. ഈ വിഷയത്തില്‍ വിജ്ഞാപനമിറക്കണോ എന്നതു സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്. വന്യജീവികളുടെ ശരീരഭാഗങ്ങള്‍ സൂക്ഷിക്കുന്നതു നിയമലംഘനമാണ്. എന്നാല്‍, കാലങ്ങളായി കൈവശം സൂക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുന്നുണ്ട്.
മാലയിലെ പുലിപ്പല്ല് ലോക്കറ്റിനേപ്പറ്റി നടന്‍ സുരേഷ് ഗോപിയ്ക്കു വനംവകുപ്പ് നോട്ടീസ് നല്‍കും. ഇതേ കുറ്റത്തിനു റാപ്പര്‍ വേടനെതിരേ കേസുമെടുത്തിട്ടുണ്ട്. പുതിയ വിജ്ഞാപനമിറക്കിയാല്‍ ഇവര്‍ക്കെല്ലാം നിയമനടപടിയില്‍നിന്നു നിന്നു രക്ഷപെടാന്‍ അവസരമാകും.
മോഹന്‍ലാലിനും വേടനും രണ്ടുനീതി എന്ന വിമള്‍ശനമുയരുന്നുണ്ട്. അതിനാല്‍, കോടതി വിധി സര്‍ക്കാരിനും ആശ്വാസമാണ്. മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ 2011 ഡിസംബര്‍ 21 ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ടു ജോടി ആനക്കൊമ്പുകള്‍ കണ്ടെടുത്തതാണു കേസിന് ആധാരം. ആദായ നികുതി വകുപ്പ് ഈ കേസ് വനം വന്യജീവി വകുപ്പിന് കൈമാറി.
കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ 2015 ഡിസംബര്‍ 2നു കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. മോഹന്‍ലാല്‍ ആയിരുന്നു കേസിലെ ഒന്നാം പ്രതി. സമാനമായി വേടനെ കഞ്ചാവ് കൈവശം വച്ച കേസില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ പുലിപ്പല്ല് ഉണ്ടായിരുന്നു. പോലീസ് കേസ് എടുക്കാന്‍ വനംവന്യജീവി വകുപ്പിന് കേസ് കൈമാറി. വന്യജീവികളുടെ ശരീരഭാഗങ്ങള്‍ കൈവശംവയ്ക്കുന്നതിന് നേരത്തെ പൂര്‍ണനിരോധനമുണ്ടായിരുന്നു. 2003- ലെ ഭേദഗതി പ്രകാരം അനുമതി വാങ്ങി കൈവശംവയ്ക്കാം.
ഇത്തരം വസ്തുക്കള്‍ ലഭിച്ചതിനെക്കുറിച്ചു കൃത്യമായ വിവരവും തെളിവുകളും സത്യവാങ്മൂലവും സര്‍ക്കാരിനു നല്‍കുമ്പോഴാണു ലൈസന്‍സ് അനുവദിക്കുന്നത്. എന്നാല്‍, ഇവ വ്യാപാരംചെയ്യുന്നത് നിയമവിരുദ്ധമാണ്. മൃഗങ്ങളുടെ വേട്ടയാടലും വില്‍പ്പനയും തടയാനാണു നിയമം.