-->
ഐസിസി വനിതാ ക്രിക്കറ്റ് ലോക കപ്പ് 2025 ന്റെ ഉദ്ഘാടന വേളയില്‍ ഗായിക ശ്രേയ ഘോഷാല്‍ ദേശീയഗാനം ആലപിക്കുന്ന വീഡിയോ ശ്രദ്ധനേടുന്നു. ഗുവാഹത്തിയിലെ ബര്‍സപര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുളള ഓപ്പണിങ് മത്സരത്തിനു മുന്നോടിയായാണ് ശ്രേയ ഘോഷാല്‍ ദേശീയഗാനം ആലപിച്ചത്.
ഇന്ത്യന്‍ ടീമിലെ കളിക്കാരെല്ലാം ശ്രേയ ഘോഷാലിനൊപ്പം ദേശീയഗാനം ഏറ്റുപാടുന്നത് കാണാം. ഇന്ത്യന്‍ ദേശീയപതാക ഉയര്‍ത്തിയാണ് കാണികള്‍ ദേശീയഗാനത്തിനൊപ്പം ചേര്‍ന്നത്. ഐസിസി തന്നെയാണ് ഔദ്യോഗിക പേജിലൂടെ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടത്.
വീഡിയോ പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം 33 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്. ഇത്ര ഭംഗിയില്‍ ഇതിനു മുന്‍പ് ദേശീയഗാനം കേട്ടിട്ടില്ല എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. മനോഹരമായ ദേശീയ ഗാനം ശ്രേയ ഘോഷാലിന്റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ കൂടുതല്‍ മനോഹരമായി തോന്നുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. രോമാഞ്ചം, കേള്‍ക്കാന്‍ തന്നെ എന്ത് രസമാണ്, ഏതൊരു ഇന്ത്യക്കാരനും കൂടെ പാടിപ്പോകും എന്നിങ്ങനെ പോകുന്നു കമന്റുകള്‍.