-->
മകനെ കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് ഗായിക ശ്രേയ ഘോഷാല്‍. മകനെ സെറ്റില്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞെന്നും ആ നിമിഷം എന്നും ഹൃദയത്തോട് ചേര്‍ത്തുവെക്കുമെന്നും ഗായിക പറഞ്ഞു.
‘ഉണ്ണിക്കണ്ണനായി കാണുന്നതു വരെ എന്റെ മകന്റെ മുഖത്തെ എല്ലാ ഭാവങ്ങളും എനിക്ക് അറിയാമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ അന്ന് സെറ്റില്‍ വെച്ച് ദേവയാന്‍ എന്നെ അത്ഭുതപ്പെടുത്തി. മ്യൂസിക് വീഡിയോയില്‍ ദേവയാനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നില്ല. പക്ഷേ അവന്റെ അച്ഛന്‍ അവനെ ഉണ്ണിക്കണ്ണനായി ഒരുക്കി സെറ്റിലേക്ക് കൊണ്ടുവന്നു. അവനെ കണ്ടതും എന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമായി, സന്തോഷം കൊണ്ടു കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ നിമിഷം ശ്രീകൃഷ്ണശന്റ സാന്നിധ്യം ഞാന്‍ അനുഭവിച്ചു. എന്നും ആ നിമിഷം ഞാന്‍ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കും’ ശ്രേയ ഘോഷാല്‍ കുറിച്ചു.
ഷൂട്ടിനിടയില്‍ ഉണ്ണിക്കണ്ണനായി ദേവയാന്‍ വരുന്നതിന്റെ ദൃശ്യങ്ങളും ഗായകി പങ്കുവെച്ചു. വലിയ സ്വീകാര്യതയാണ് പോസ്റ്റിനു ലഭിക്കുന്നത്. ഗാന ചിത്രീകരണത്തിനിടയിലെ പിന്നാമ്പുറ കഥകള്‍ പങ്കുവെച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. യശോദയുടെ അയ്യിലിരിക്കുന്ന കണ്ണനെ പോലെയുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ക്യൂട്ട്, ആദ്യത്തെ ചിത്രം തന്നെ എന്നെ കരയിച്ചു, വിലമതിക്കാനാവാത്ത ചിരികള്‍ എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള കമന്റുകള്‍.
ശ്രേയ ഘോഷാലിന്റെ ഏറ്റവും പുതിയ വീഡിയോ ‘ഒ കനഹ രേ’ യുടെ ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളാണ് ഗായിക പങ്കുവെച്ചത്. ഗോപിക കണ്ണനോട് പരിഭവങ്ങളും പരാതികളും പങ്കുവെക്കുന്ന രീതിയിലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അമ്മ എന്ന നിലയിലുളള എന്റെ യാത്രയില്‍ പ്രധാന പങ്കുവഹിച്ച ഗാനമാണിത് എന്ന കുറിപ്പോടെയാണ് ശ്രേയ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്. ഒരു ദിവസത്തിനുളളില്‍ രണ്ട് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്.