-->
മുൻ ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യ റായ് ബച്ചൻ അന്നുമിന്നും ഫാഷൻ ലോകത്തിന്റെ രാജ്ഞിയാണ്. ദേശീയ അന്തർദേശീയ ഫാഷൻ റാമ്പ് വേദികളിൽ ഐശ്വര്യയുടെ ചലനമുണ്ടാക്കുന്ന വൈബ് ഒന്ന് വേറെ തന്നെയാണ്. താരം റാമ്പിലേക്ക് എത്തുന്നത് തന്നെ ഒരു അപ്സരസിനെപ്പോലെയാണ്. കണ്ണിമ ചിമ്മാതെ ആ കാഴ്ച കാണാൻ ക്യാമറ കണ്ണുകളെല്ലാം കാത്തിരിക്കാറുണ്ട്.
ഇപ്പോഴിതാ ആഗോള സൗന്ദര്യ ബ്രാൻഡിന്റെ മുഖമായി നിരവധി ഹോളിവുഡ് താരങ്ങൾക്കൊപ്പം റാംപിൽ ഇറങ്ങിയ ഐശ്വര്യ റായ് പാരീസ് ഫാഷൻ വീക്കിൽ കൊടുങ്കാറ്റായി മാറുകയാണ് സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ബ്ലാക്ക് ഔട്ട്‌ഫിറ്റിലാണ് താരം റാമ്പിൽ എത്തിയത്. ഡയമണ്ട് ടാസൽ ഡ്രോപ്പ് ഷെർവാണിയാണ് താരം ധരിച്ചത്. റാമ്പില്‍ ഐശ്വര്യയെത്തുന്ന നിമിഷം ആരുമൊന്ന് നോക്കിപ്പോകും. എലഗന്റ് ലുക്കില്‍ ബ്ലാക്ക് ഔട്ട്ഫിറ്റിലെത്തുന്ന താരം റാമ്പിനെ കീഴടക്കുന്നുണ്ട്.
വജ്ര അലങ്കാരങ്ങൾ ഉള്ള ബ്ലാക്ക് ഷേർവാണിയ്ക്കൊപ്പം ഒരു ലെംഗ്തി കോട്ടും താരം ധരിച്ചിട്ടുണ്ട്.10 ഇഞ്ച് ഡയമണ്ട് കഫുകൾ, സങ്കീർണ്ണമായ എംബ്രോയ്ഡറി, രാജകീയ വിശദാംശങ്ങൾ, കോട്ടിന്റെ സ്ലീവിലെ വജ്ര അലങ്കാരങ്ങള്‍, പിന്നിൽ പാളികളുള്ള ഡയമണ്ട് സ്കല്ലോപ്പുകള്‍ എന്നിങ്ങനെ എല്ലാം ട്രഡീഷണല്‍ ലുക്കിന് ഹൈ ഫാഷന്‍ ഇമേജ് നല്‍കുന്നുണ്ട്. മരതകവും വജ്രവും പതിച്ച മൃഗ ബ്രൂച്ചുകൾ താരത്തിന്റെ ലുക്കിനെ കൂടുതൽ ആകർഷകമാക്കി. ഒപ്പം തന്റെ സിഗ്നേച്ചർ സ്റ്റൈലായ റെഡ് ലിപ്സ് കൂടിയായപ്പോൾ ഐശ്വര്യയ്ക്ക് ഒരു ബോൾഡ് ടച്ച് വന്നു.