-->
എന്നും എപ്പോഴും ലൈംലൈറ്റില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മുന്‍ മിസ് വേള്‍ഡും അഭിനേത്രിയുമായ ഐശ്വര്യറായ് ബച്ചന്‍. പൊതുച്ചടങ്ങുകളിലും മറ്റും താരമെത്തിയാല്‍ പിന്നെ ക്യാമറക്കണ്ണുകള്‍ മറ്റൊന്നിനേയും തിരയാറില്ല. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊക്കെ ആരാധകര്‍ നിരവധിയാണ്. ഇക്കഴിഞ്ഞ ദിവസം താരം ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയില്‍ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
പരിപാടിയ്ക്കിടെ ഐശ്വര്യറായ് ബച്ചന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വണങ്ങി അനുഗ്രഹം തേടുന്നതും അതിനു പിന്നാലെ പ്രധാനമന്ത്രി ഐശ്വര്യയെ അനുഗ്രഹിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഇപ്പോഴിതാ പരിപാടിയില്‍ സംസാരിക്കവേ സ്നേഹത്തെക്കുറിച്ചും മനുഷ്യസേവനത്തെക്കുറിച്ചും ഐശ്വര്യ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജാതി എന്നത് മനുഷ്യവംശത്തിന്റേത് മാത്രമാണെന്നും, സ്നേഹമാണ് ഏക മതമെന്നും താരം പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി മോദി ഈ പ്രത്യേക അവസരത്തില്‍ പങ്കെടുത്തതിനും പ്രചോദനം നല്‍കുന്ന വാക്കുകള്‍ പങ്കുവെച്ചതിനും നന്ദി അറിയിച്ച താരം, സത്യസായി ബാബ എപ്പോഴും ഊന്നിപ്പറയാറുള്ള അഞ്ച് ‘ഡി’കളായ അച്ചടക്കം, സമർപ്പണം, ഭക്തി, ദൃഢനിശ്ചയം, വിവേചനം എന്നിവയെക്കുറിച്ചും തന്റെ പ്രസംഗത്തില്‍ സംസാരിച്ചു.
‘‘ഭഗവാൻ ശ്രീ സത്യസായി ബാബയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഈ ചരിത്രപരവും പവിത്രവുമായ അവസരത്തിൽ, എന്റെ ഹൃദയം ആഴമായ ഭക്തിയും നന്ദിയും കൊണ്ട് നിറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ദിവ്യ ജനനത്തിന് ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സാന്നിധ്യം, തത്വങ്ങൾ, പഠിപ്പിക്കലുകൾ, മാർഗനിർദേശം, അനുകമ്പ എന്നിവ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയങ്ങളിൽ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്നു.
ശ്രീ സത്യസായി ബാബയുടെ മൂല്യങ്ങൾ ഞാന്‍ എപ്പോഴും കൂടെ കൊണ്ടുനടന്നിരുന്നു. എന്റെ ആത്മീയ പഠനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഇന്ന് ഞാൻ ഇവിടെ നിൽക്കുമ്പോൾ, എല്ലാ വിനയത്തോടും സത്യസന്ധതയോടും കൂടി, അദ്ദേഹത്തിന്റെ ദിവ്യ സന്ദേശം ഞാൻ എപ്പോഴും എന്റെ ഹൃദയത്തോട് ചേർത്തുനിർത്തി ജീവിതത്തിൽ അത് പ്രായോഗികമാക്കിയിട്ടുണ്ടെന്ന് എനിക്ക് പറയാൻ കഴിയും. ഒരിക്കൽ ബാല വികാസ് വിദ്യാർത്ഥിയായിരുന്ന ഒരാള്‍ എപ്പോഴും ബാല വികാസ് വിദ്യാർത്ഥിയായിരിക്കും.
ഭഗവാൻ ശ്രീ സത്യസായി ബാബ പലപ്പോഴും അഞ്ച് ഡികളെക്കുറിച്ച് സംസാരിച്ചിരുന്നു. അർത്ഥവത്തായതും ലക്ഷ്യബോധമുള്ളതും ആത്മീയമായി ഉറപ്പിച്ചതുമായ ജീവിതത്തിന് ആവശ്യമായ അഞ്ച് അവശ്യ ഗുണങ്ങൾ - അച്ചടക്കം, സമർപ്പണം, ഭക്തി, ദൃഢനിശ്ചയം, വിവേചനം.
ഒരു ജാതി മാത്രമേയുള്ളൂ, മനുഷ്യത്വത്തിന്റെ ജാതി. ഒരു മതം മാത്രമേയുള്ളൂ, സ്നേഹത്തിന്റെ മതം. ഭാഷ ഒന്നേയുള്ളൂ, ഹൃദയത്തിന്റെ ഭാഷ, ദൈവം ഒന്നേയുള്ളൂ, അവൻ സർവ്വവ്യാപിയാണ്....
ഇന്ന് നമ്മോടൊപ്പം ഉണ്ടായിരുന്നതിനും ഈ പ്രത്യേക അവസരത്തെ ആദരിച്ചതിനും നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എല്ലായ്‌പ്പോഴും എന്നപോലെ ഇന്ന് ഞങ്ങളെ ആകർഷിക്കാൻ സ്വാധീനവും പ്രചോദനവും നൽകുന്ന നിങ്ങളുടെ ജ്ഞാനപൂർവമായ വാക്കുകൾ കേൾക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. നിങ്ങളുടെ ഇവിടത്തെ സാന്നിധ്യം ഈ ശതാബ്ദി ആഘോഷത്തിന് പവിത്രതയും പ്രചോദനവും നൽകുന്നു, യഥാർത്ഥ നേതൃത്വം സേവനമാണെന്നും മനുഷ്യസേവനം ദൈവസേവനമാണെന്നും സ്വാമിയുടെ സന്ദേശത്തെ ഓർമ്മിപ്പിക്കുന്നു...’’ ഐശ്വര്യ പറഞ്ഞു. ഐശ്വര്യയുടെ പ്രസംഗം ഐക്യത്തിന്റെയും സാർവത്രിക സ്നേഹത്തിന്റെയും ശക്തമായ സന്ദേശവും വഹിക്കുന്നതാണെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
ഐശ്വര്യ റായ് അവസാനമായി അഭിനയിച്ചത് മണിരത്നത്തിന്റെ 2023 ലെ ഇതിഹാസ ചരിത്ര ആക്ഷൻ-നാടകമായ പൊന്നിയിൻ സെൽവൻ 2 വിലാണ്. രവി മോഹൻ, കാർത്തി, തൃഷ കൃഷ്ണൻ, ജയറാം, പ്രഭു, ആർ. ശരത്കുമാർ, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, പ്രകാശ് രാജ്, റഹ്മാൻ, ആർ. പാർത്ഥിബൻ എന്നിവരുൾപ്പെടെയുള്ള പ്രഗല്ഭരായ അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിച്ചത്.