-->
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ഒരുക്കിയ കൂറ്റന്‍ ഊഞ്ഞാല്‍ പ്രവര്‍ത്തിക്കുന്നതിനിടെ തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ റായ്‌സെന്‍ ജില്ലയിലെ ഖണ്ഡേര ധാം ക്ഷേത്രത്തിലാണ് സംഭവം. ഇതോടെ ഊഞ്ഞാലില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി നിലവിളിക്കാന്‍ തുടങ്ങിയെങ്കിലും ഈ സമയം ആഘോഷത്തിന്റെ ഭാഗമായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്തോടെ എല്ലാ റൈഡര്‍മാരെയും സുരക്ഷിതമായി താഴെയിറക്കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തിന് പിന്നാലെ കൂറ്റന്‍ ഊഞ്ഞാല്‍ ഒരു ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്നതും ആളുകള്‍ അതിനുള്ളില്‍ ആളുകള്‍ പരിഭ്രാന്തരായി രക്ഷപ്പെടാനുള്ള വഴികള്‍ നോക്കുന്നതും കാണാം. മറ്റ് ചില വീഡിയോകളില്‍ പോലീസ് ഉദ്യോഗസ്ഥരും മറ്റ് ചില പ്രദേശവാസികളും കൂടി പാതിചാഞ്ഞ് നില്‍ക്കുന്ന ഊഞ്ഞാലിന് മുകളിലേക്ക് കയറി അതില്‍ കുടിങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും കാണാം.
'അത് കാലു കൊണ്ട് പ്രവര്‍ത്തിപ്പിച്ച ഒരു സ്വിംഗ് ആയിരുന്നു. ഒരു കൊളുത്ത് പൊട്ടിയതാണ് ഊഞ്ഞാല്‍ തകരാന്‍ കാരണമായത്. ഊഞ്ഞാല്‍ ഇപ്പോള്‍ സ്ഥലത്ത് നിന്ന് നീക്കം ചെയ്തു.' ദേവനഗര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. നവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് നൂറുകണക്കിന് സ്റ്റാളുകള്‍ സ്ഥാപിച്ചിരുന്നു. ആഘോഷത്തോടനുബന്ധിച്ച് ആയിരക്കണക്കിന് ആളുകള്‍ അപകടസമയത്ത് ക്ഷേത്ര പരിസരത്തുണ്ടായിരുന്നു. പോലീസുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ ഊഞ്ഞാലില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ക്ഷേത്ര പരിസരം സാധാരണ നിലയിലേക്ക് നീങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.