-->
മനുഷ്യനുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന മൃഗങ്ങളാണ് നായ്ക്കള്‍. പലരും തങ്ങളുടെ ഒരംഗത്തെപ്പോലെയാണ് അവയെ കാണുന്നത്. അതുകൊണ്ട് തന്നെ അവയുടെ വിയോഗവും ഒരുപക്ഷേ നമ്മെ ഏറെ തളര്‍ത്തിയെന്നുവരും. ഇത്തരത്തില്‍ ബെംഗളൂരുവിലെ ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ മരിച്ചുപോയ നായയുടെ ഫോട്ടോ, തന്റെ ഓട്ടോയില്‍ വച്ചിരിക്കുന്ന ചിത്രം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ആ മനുഷ്യന്, തന്റെ വളര്‍ത്തുമൃഗത്തോടുള്ള സ്‌നേഹം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ സ്പര്‍ശിച്ചുവെന്ന് അവരുടെ കുറിപ്പുകളില്‍ നിന്നും വ്യക്തം.
റെഡ്ഡിറ്റിലായിരുന്നു ഈ സ്‌നേഹ ബന്ധത്തിന്റെ കഥ പങ്കുവച്ചിരുന്നത്. എല്ലാ ദിവസവും തന്റെ മരിച്ച് പോയ നായയുടെ ചിത്രം കൊണ്ടുപോകുന്ന ഒരു ഓട്ടോ ഡ്രൈവറെന്ന തലക്കെട്ടോടെയാണ് 'ഇന്ത്യന്‍ പെറ്റ്‌സ്' എന്ന സബ്‌റെഡിറ്റിലില്‍ നിന്നും ചിത്രവും കുറിപ്പും പങ്കുവയ്ക്കപ്പെട്ടത്. ബെംഗളൂരുവില്‍ ഒരു വേനല്‍ക്കാല ഇന്റേണ്‍ഷിപ്പിനിടെയാണ് സംഭവം നടന്നതെന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി. ഞാന്‍ ഒരു ഓട്ടോ ബുക്ക് ചെയ്തു, അല്‍പ്പം വൈകുമെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു. ഞാന്‍ എത്തിയപ്പോള്‍, അയാള്‍ തെരുവ് നായ്ക്കള്‍ക്ക് കുറച്ച് നായ ബിസ്‌ക്കറ്റുകള്‍ കൊടുക്കുന്നത് ഞാന്‍ കണ്ടു. പാര്‍ലെജി അല്ല. പിന്നെ അതിലെ രസകരമായ ഭാഗം, അയാള്‍ തന്റെ ഓട്ടോയുടെ മുന്നില്‍ ഒരു നായയുടെ ചിത്രം ഒട്ടിച്ചിരുന്നു. ഒരു മാസം മുമ്പ് മരിച്ച് പോയ അദ്ദേഹത്തിന്റെ പ്രീയപ്പെട്ട വളര്‍ത്തുമൃഗമായിരുന്നു അത്. ആ സുന്ദരിക്കുട്ടിക്ക് നാല് മാസം മാത്രമേ പ്രായമുള്ളൂവെന്നും അദ്ദേഹം എഴുതി.
ഒരു നായ സ്‌നേഹി എന്ന നിലയില്‍ ആ പ്രവൃത്തി തന്നെ വളരെയധികം സ്പര്‍ശിച്ചുവെന്നും യാത്രക്കാരന്‍ കൂട്ടിച്ചേര്‍ത്തു. യാത്രയുടെ അവസാനം, നായ്ക്കള്‍ക്ക് കൂടുതല്‍ ബിസ്‌ക്കറ്റുകള്‍ വാങ്ങാന്‍ ഞാന്‍ അദ്ദേഹത്തിന് 100 രൂപ അധികമായി നല്‍കി. ആദ്യം അദ്ദേഹമത് നിരസിച്ചു, പക്ഷേ, അത് അദ്ദേഹത്തിനുളളതല്ലെന്നും മറിച്ച് അദ്ദേഹം ഭക്ഷണം നല്‍കുന്ന ആ കുട്ടികള്‍ക്കുള്ളതാണെന്നും തനിക്ക് നിര്‍ബന്ധിക്കേണ്ടിവന്നെന്നും അദ്ദേഹം എഴുതി. ഒടുവില്‍ യാത്രക്കാരന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം അത് വാങ്ങി. വളരെ ചെറിയൊരു യാത്രയായിരുന്നിട്ടും അത് തന്റെ മനസിനെ ഏറെ ആകര്‍ഷിച്ചെന്നും കുറിപ്പില്‍ പറയുന്നു. പോസ്റ്റ് വൈറലായതോടടെ നിരവധിപേരാണ് വൈകാരികമായ വലിയ പിന്തുണയോട് കൂടിയ കുറിപ്പുകളുമായി രംഗത്തെത്തിയത്.