-->
നമ്മുക്കറിയാം നമ്മുടെ നാട്ടില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ വന്‍ ചിലവാണ്. എന്നാല്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്ക് ഫര്‍ണിച്ചറുകളും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും കൊണ്ടുപോകാനായി ഒരു കുടുംബം ചെലവഴിച്ചത് 4.5 ലക്ഷം രൂപ. സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍ ഒരു ട്രക്കില്‍ നിന്നും കുടുംബം വോള്‍വര്‍ഹാംപ്ടണിലെ അവരുടെ വീട്ടിലെത്തിയ ഫര്‍ണിച്ചറുകളും മോട്ടോര്‍സൈക്കിളും ഇറക്കുന്നത് കാണാം.
400 ജിബിപി (ഗ്രേറ്റ് ബ്രിട്ടന്‍ പൗണ്ട്), അതായത് ഏകദേശം 4.5 ലക്ഷം രൂപയാണ് സാധനങ്ങളെല്ലാം കൂടി ഇന്ത്യയില്‍ നിന്നും യുകെയില്‍ എത്തിക്കാന്‍ ചെലവായത് എന്ന് വീഡിയോയില്‍ പറയുന്നുണ്ട്. പഞ്ചാബ് ലൈസന്‍സ് പ്ലേറ്റുള്ള കറുത്ത നിറത്തിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് ദൃശ്യങ്ങളില്‍ ഉള്ളത്. 40 ദിവസത്തെ യാത്രയ്ക്ക് ശേഷമാണത്രെ ഈ സാധനങ്ങളെല്ലാം ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തിയത്. സോഫാ സെറ്റ്, ഡൈനിംഗ് ടേബിള്‍, കസേരകള്‍, ബെഡ്ഡ് തുടങ്ങിയ വസ്തുക്കളാണ് ബുള്ളറ്റിനൊപ്പം വണ്ടിയില്‍ ഉള്ളത്.
യുകെയില്‍ സ്ഥിരതാമസമാക്കിയ കുടുംബമാണ് തങ്ങളുടേത്. കര്‍ത്താപ്പൂരില്‍ നിന്നാണ് ഫര്‍ണിച്ചറുകള്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയിലെ ഫര്‍ണിച്ചറുകളുടെ ഗുണനിലവാരം മെച്ചപ്പെട്ടതാണ്, അതിനാലാണ് സാധനങ്ങള്‍ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നത് എന്നും വീഡിയോയില്‍ പറയുന്നുണ്ട്. എന്തായാലും, ബുള്ളറ്റ് പ്രേമികള്‍ക്ക് ഒരാള്‍ ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ട് വരെ ബുള്ളറ്റ് കൊണ്ടുപോയത് ഇഷ്ടപ്പെട്ടിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കിയത്.