-->
വ്യത്യസ്തയായ അവതരണശൈലിയിലൂടെ മലയാള കുടുംബപ്രേക്ഷകരുടെ മനസ്സിലിടം നേടിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. മലയാളവും ഇംഗ്ലീഷും കൂടിക്കലർന്ന സംസാരമാണ് രഞ്ജിനി മറ്റുള്ള അവതാരകരില്‍ നിന്ന് വേറിട്ട് നിര്‍ത്തിയത്. ആദ്യമൊക്കെ ഈ അവതരണശൈലിക്ക് വിമര്‍ശനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും പിന്നീട് അതേ അവതരണം ഹിറ്റായി മാറി. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറില്‍ മത്സരാര്‍ത്ഥികളോടുള്ള ഇടപെടലും വേറിട്ട അവതരണവുമൊക്കെയായി രഞ്ജിനി പതുക്കെ പ്രശസ്തയായി, ജനപ്രിയ അവതാരകയായി.
വർഷങ്ങളായി ടെലിവിഷനില്‍ മലയാളികള്‍ കണ്ടുകൊണ്ടിരിക്കുന്ന മുഖമാണ് രഞ്ജിനിയുടേത്. ഇന്ന് കേരളത്തിലെ ഏറ്റവും താരമൂല്യമുള്ള അവതാരകയാണ് താരം. ഒന്നാം സ്ഥാനക്കാരിയായി രഞ്ജിനി മാറിയത് വലിയൊരു ക്രൗഡിനെ നിയന്ത്രിക്കാനുള്ള താരത്തിന്റെ കഴിവ് കൊണ്ടാണ്. നിരവധി ടെലിവിഷൻ അവതാരകർ മലയാളത്തില്‍ ഉണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് രഞ്ജിനിയോടുള്ള ഇഷ്ടം ഒരുപടി മുകളിലാണ്.
താരത്തിന്റെ സ്വകാര്യ ജീവിതതവും ഇടയ്ക്കിടെ ചര്‍ച്ചകളില്‍ വരാറുണ്ട്. നാല്‍പ്പത്തിമൂന്ന് വയസിലും അവിവാഹിതയാണ് രഞ്ജിനി. അതുകൊണ്ട് താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ഗോസിപ്പുകളും പ്രചരിക്കാറുണ്ട്.
ഇപ്പോഴിതാ രഞ്ജിനിയുടെ വിവാഹത്തെക്കുറിച്ചും അത് വൈകുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനും അമ്മ സുജാത ഹരിദാസ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. രഞ്ജിനി അവതാരകയായ സരിഗമപ സീസണ്‍ 3 റിയാലിറ്റിഷോയില്‍ അതിഥിയായി കഴിഞ്ഞ ദിവസം അമ്മ എത്തിയിരുന്നു. സരിഗമപയുടെ ജഡ്ജസായ ദീപക് ദേവ്, ശ്വേത മോഹൻ, അല്‍ഫോണ്‍സ് തുടങ്ങിയവര്‍ അമ്മയോട് രഞ്ജിനി വീട്ടില്‍ എങ്ങനെയാണെന്ന് ചോദിച്ചു. മൂന്നുപേർക്കും നല്ലൊരു സൗഹൃദം രഞ്ജിനിയുമായുണ്ട്.
മോളെ കെട്ടിച്ച് വിടണമെന്ന് തോന്നിയിട്ടില്ലേയെന്ന് ചോദിച്ചപ്പോഴാണ് അമ്മ മറുപടി നല്‍കിയത്. ‘‘രഞ്ജിനിയെ കെട്ടിച്ച് വിടണമെന്ന് എനിക്ക് തോന്നിയിട്ടില്ല. സ്വഭാവം അനുസരിച്ച് ഭയങ്കര ബുദ്ധിമുട്ടാണ്. ആളുകള്‍ക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഞാൻ വിചാരിക്കുന്നതല്ല. എനിക്ക് അറിയാവുന്ന കാര്യമാണ്. ആരെങ്കിലും വിവാഹ ആലോചനയുമായി വരുമ്പോഴെ രഞ്ജിനി എങ്ങനെയുള്ള ആളാണെന്ന് ഞാൻ പറയും. മിസ് കേരള കഴിഞ്ഞപ്പോള്‍ മുതല്‍ വിവാഹ ആലോചനകള്‍ വരുന്നുണ്ട്. ഇപ്പോള്‍ ആരും വരാറില്ല. ഞങ്ങള്‍ അടുപ്പിക്കാത്തതല്ല. രഞ്ജിനിക്ക് താല്‍പര്യമില്ല. ഞങ്ങളുടെ വീട്ടിലെ മെയിൻ രഞ്ജിനിയാണ്. പുറത്ത് കാണുന്ന രഞ്ജിനിയല്ല. യഥാർത്ഥ രഞ്ജിനി...’’ അമ്മ സുജാത പറഞ്ഞു.
അതു കേട്ട് രഞ്ജിനി പറഞ്ഞ മറുപടിയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ‘‘അമ്മ എന്നെ നാറ്റിക്കാൻ വന്നതാണോ? എന്തൊരു സീനാണിത്. ഞാൻ തന്നെ പറഞ്ഞ് നടന്നാല്‍ കുഴപ്പമില്ല. പക്ഷെ സ്വന്തം അമ്മ തന്നെ നാട്ടുകാരോട് ഇവളെ കെട്ടിച്ച് വിടാൻ ബുദ്ധിമുട്ടാണ്. ഇവളുടെ കൂടെ ആർക്കും ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞാലോ...? ഒരു കാര്യം പറയട്ടെ, എന്റെ ഒരു ബോയ്ഫ്രണ്ടിന്റെ അടുത്ത് അമ്മ പറഞ്ഞിട്ടുണ്ട്. മോനെ നിന്റെ ജീവിതം രക്ഷപ്പെടണമെങ്കില്‍ നീ അവളെ പ്രേമിക്കാൻ നില്‍ക്കരുത്. ഓടി രക്ഷപ്പെട്ടോ. കല്യാണം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കണമെന്ന തീരുമാനം ഞാൻ എടുത്തിട്ടില്ല. എനിക്ക് പേടിയാണ്. വലിയൊരു റെസ്പോണ്‍സിബിലിറ്റി അല്ലേ...’’രഞ്ജിനി പറഞ്ഞു. പൊട്ടിച്ചിരിയോടെയും കൈയടിയോടെയുമാണ് സദസ്സും ജഡ്ജസും രഞ്ജിനിയുടെ വാക്കുകള്‍ ഏറ്റെടുത്തത്.
അമ്മയുമായുള്ള ബോണ്ടിങ്ങിനെ കുറിച്ചും താരം മനസ് തുറന്നു. ‘‘ഞാൻ എന്റെ വീട്ടിലും അമ്മ അമ്മയുടെ വീട്ടിലുമാണ് താമസം. ഒരുമിച്ച് താമസിച്ചാല്‍ ഞങ്ങള്‍ അടികൂടും. തൊട്ടടുത്തുള്ള വീടുകളാണ്. ഡെയ്ലി വരും. അമ്മയെ ഞാൻ രാവിലെ ഒരു പ്രാവശ്യം വിളിക്കും രാത്രിയും ഒരു പ്രാവശ്യം വിളിക്കും. അടി കൂടിയാല്‍ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാലും വിളിക്കും. ആ ഒരു ബോണ്ടുണ്ട്. വർഷങ്ങളായി അങ്ങനെയാണ്.
രഞ്ജിനി എന്ന വ്യക്തി ഇന്ന് ഇവിടെ ഇങ്ങനെ നില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഏക കാരണം എന്റെ അമ്മ സുജാത ഹരിദാസാണ്. എന്റെ ഏറ്റവും വലിയ സപ്പോർട്ടും വിമർശകയും അമ്മ തന്നെയാണ്. ഞാൻ നോർമല്‍ രീതിയില്‍ പോകുന്ന കുട്ടിയല്ലാത്തതുകൊണ്ട് അതിന്റെ എല്ലാ തലവേദനകളും അമ്മ അനുഭവിച്ചിട്ടുണ്ട്...’’ രഞ്ജിനി പറയുന്നു.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോഴായിരുന്നു തന്റെ അമ്മയുടെ വിവാഹമെന്നും 22മത്തെ വയസിൽ താൻ ജനിച്ചുവെന്നും രഞ്ജിനി മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അച്ഛനെ കണ്ട ഓർമ തനിക്കില്ലെന്നും അമ്മയുടെ മുപ്പതാമത്തെ വയസിലാണ് അദ്ദേഹം മരിക്കുന്നതെന്നും രഞ്ജിനി പറഞ്ഞിരുന്നു. ഒരു സഹോദരനാണ് രഞ്ജിനിക്കുള്ളത്. വളരെ ചെറുപ്പത്തില്‍ തന്നെ താരത്തിന് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് രഞ്ജിനി ശരത്ത് പുളിമൂഡുമാഡനുമായി പ്രണയത്തിലായിരുന്നു. ശരത്തിനൊപ്പമുള്ള ചിത്രങ്ങള്‍ രഞ്ജിനി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ടായിരുന്നു. താനും ശരത്തും ഒരുപോലെയുള്ള ആളുകളാണെന്നാണ് രഞ്ജിനി പറഞ്ഞിട്ടുണ്ട്.
മോഡലിംഗും അവതരണവും, അഭിനയവും, വ്‌ളോഗുമൊക്കെയായി സജീവമാണ് രഞ്ജിനി ഹരിദാസ്. അവതരണം മാത്രമല്ല ഗസ്റ്റ് അപ്പിയറന്‍സായും ക്യാരക്ടര്‍ റോളിലൂടെയുമായി ബിഗ് സ്‌ക്രീനിലും രഞ്ജിനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിലും മത്സരിച്ചിരുന്നു. താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത് ഈ ഷോയിലൂടെയായിരുന്നു. തന്റെ ജീവിതകഥയും ഷോയിലൂടെ താരം പങ്കുവെച്ചിരുന്നു.