-->
പല തലമുറകള്‍ക്ക് ഏറെ പ്രിയപ്പെട്ടൊരു പേരാണ് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയുടേത്. അഞ്ച് പതിറ്റാണ്ടിലധികമായി സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ചിത്രയുടെ ശബ്ദസൗന്ദര്യം ആസ്വദിക്കാത്ത മലയാളികളില്ലെന്നു തന്നെ പറയാം. ജീവിതത്തിൽ അലിഞ്ഞുപോയൊരു സ്വരമാണത്.
മലയാളത്തില്‍ മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ആസാമീസ്, ബംഗാളി, ഒഡിയ, തുളു, പഞ്ചാബി, രാജസ്ഥാനി, ഇംഗ്ലീഷ്, ലാറ്റിൻ, അറബി എന്നീ ഭാഷകളിലായി 30,000-ത്തോളം പാട്ടുകൾ കെ.എസ്. ചിത്ര പാടിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷന്‍, മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തുടങ്ങി ഒട്ടേറെ ബഹുമതികളാണ് ചിത്ര സ്വന്തമാക്കിയിട്ടുള്ളത്.
നിറഞ്ഞ ചിരിയോടെ ചിത്ര തന്റെ വിശേഷങ്ങളും അനുഭവങ്ങളും പങ്കിടുമ്പോള്‍ മലയാളികളത് ഒരു കുഞ്ഞ് പറയുന്ന വിശേഷങ്ങള്‍ പോലെ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ട് താരത്തിന്റെ അഭിമുഖങ്ങള്‍ക്കും കുഞ്ഞു വര്‍ത്തമാനങ്ങള്‍ക്കും ആരാധരേറെയാണ്.
ഇപ്പോഴിതാ രഞ്ജിനി ഹരിദാസിനൊപ്പമുള്ള ചിത്രയുടെ ക്യൂട്ട് ചാറ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ അവതാരക ആയി എത്തിയപ്പോള്‍ മുതല്‍ ചിത്രയ്ക്ക് രഞ്ജിനിയോട് ഒരു അടുപ്പവും സ്നേഹവുമൊക്കെയുണ്ട്. മംഗ്ലീഷ് പറയുന്ന ആ സംസാര രീതിയും പെരുമാറ്റരീതിയും ചിത്ര ഏറെ ആസ്വദിച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലെ പുതിയ ചാറ്റ് ഷോ ആയ ‘ദ ഗ്രീന്‍ റൂമില്‍’ ആദ്യ അതിഥിയായി എത്തിയത് രഞ്ജിനിയുടെ സ്വന്തം പൂച്ച ചേച്ചിയെ ആണ്. തന്റെ ഇഷ്ടങ്ങളെക്കുറിച്ചാണ് ചിത്ര ഷോയില്‍ സംസാരിച്ചത്.
‘‘പാട്ട് കഴിഞ്ഞാല്‍ സിനിമ കാണാനാണ് ഇഷ്ടം. എന്നാല്‍ കത്തിക്കുത്ത് ഒക്കെയുള്ള സിനിമകളോട് താല്‍പര്യമില്ല. എനിക്ക് സിനിമ കാണാന്‍ ഇഷ്ടമാണ്. ഫീല്‍ ഗുഡ് മീവീസ് ആണ് ഇഷ്ടം, ഹൊററും ഇഷ്ടമാണ്. എന്നാല്‍ രക്തവും കത്തിക്കുത്തും കാണിക്കുന്ന സിനിമകളോട് താല്‍പര്യമില്ല. അത്തരത്തിലുള്ള സീനുകളൊന്നും ഇഷ്ടമല്ല. കൂടാതെ പാരാനോര്‍മലായിട്ടുള്ള ചിത്രങ്ങളും പ്രേതപ്പടങ്ങളും ഇഷ്ടമാണ്.
ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണ്. എന്നാല്‍ പാചകത്തില്‍ നിന്നും മാറി നില്‍ക്കും. മസാലയുടെ മണം മൂക്കിന് പ്രശ്‌നമുണ്ടാക്കുന്നതാണ് അതിന് കാരണം. മൂക്കടപ്പും ജലദോഷവും വന്നുപെട്ടാല്‍ റെക്കോര്‍ഡിങ്ങും ഷോകളുമെല്ലാം അവതാളത്തിലാകും. സ്റ്റേജ് ഷോകള്‍ക്കായി പോകുമ്പോള്‍ സമയം കിട്ടുമ്പോഴെല്ലാം അടുത്തുള്ള സ്ഥലങ്ങളും കാണാന്‍ പോകും...’’ നിറചിരിയോടെ ചിത്ര പറഞ്ഞു.
തന്നെ ചിത്ര വഴക്കു പറഞ്ഞതിനെക്കുറിച്ച് രഞ്ജിനിയും മനസ്സ് തുറക്കുന്നുണ്ട്. ‘‘നീളം കുറഞ്ഞ ഉടുപ്പിടുന്നതിന്റെ പേരില്‍ ചിത്ര ചേച്ചി എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ച് റിഹേഴ്സലില്‍ ഇരിക്കുമ്പോഴൊക്കെ ചേച്ചി എനിക്ക് മെസേജ് അയക്കും. ‘ലെഗ്സ് ഡൗണ്‍’ എന്നായിരിക്കും മെസേജ്. എന്റെ ലൈഫില്‍ എന്നെ കല്യാണം കഴിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹമുള്ളത് ചിത്ര ചേച്ചിക്കാണ്. അമ്മയ്ക്ക് പോലും അത്രയും ആഗ്രഹമില്ല...’’ രഞ്ജിനി പറഞ്ഞു.
‘‘ഞങ്ങള്‍ കോയമ്പത്തൂരില്‍ ഒരു ഷോയ്ക്ക് പോയതായിരുന്നു. ഡോക്ടേര്‍സിന്റെ കോണ്‍ഫറന്‍സായിരുന്നു. വലിയൊരു റാംപ് കെട്ടിയിട്ടിട്ടുണ്ട്. രഞ്ജിനി ഒരു ചെറിയ സ്‌കേര്‍ട്ടുമിട്ട് റാംപിലേക്ക് നടന്ന് പോകുകയാണ്. റാംപിന്റെ ചുറ്റം ക്യാമറയും പിടിച്ച് കുറേ ആളുകള്‍ നില്‍പുണ്ടായിരുന്നു. എനിക്ക് ടെന്‍ഷനായിട്ട് ഇരിക്കാന്‍ പറ്റുന്നില്ല. ആദരിക്കുന്ന കൂട്ടത്തില്‍ എന്നെ ഒരു പൊന്നാട അണിയിച്ചിരുന്നു. അത് ഞാന്‍ രഞ്ജിനിക്ക് ഉടുപ്പിച്ചുകൊടുത്തു...’’ പൊട്ടിച്ചിരിച്ച് ചിത്ര പറഞ്ഞു.
താന്‍ ഏറ്റെടുത്ത പരിപാടികളില്‍ നിന്നും പിന്മാറുന്ന പതിവ് ചിത്രയ്ക്കില്ല. ഇത്രയും വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് ഏറ്റെടുത്ത പരിപാടിയില്‍ നിന്നും ചിത്രയ്ക്ക് പിന്മാറേണ്ടി വന്നിട്ടുള്ളതെന്ന് താരം പറഞ്ഞു. ‘‘ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍, തിരിഞ്ഞു നോക്കുമ്പോള്‍ ഞാനായിട്ട് ക്യാന്‍സല്‍ ചെയ്ത ഒരു പരിപാടി മാത്രമാണുള്ളത്. അതില്‍ എനിക്കിപ്പോഴും കുറ്റബോധമുണ്ട്. ഞങ്ങള്‍ പരിപാടിയ്ക്കായി പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. ട്രെയ്നിലാണ്. അതു കഴിഞ്ഞ് മൂകാംബികയ്ക്ക് പോകാന്‍ പ്ലാനിട്ടിരുന്നു. അതിനാല്‍ അമ്മയും കൂടെ വന്നിരുന്നു. അമ്മ, ചേച്ചി, ഞാന്‍, വിജയന്‍ ചേട്ടന്‍, ഞങ്ങളാണ് പോകുന്നത്. എറണാകുളത്ത് എത്തിയപ്പോഴേക്കും അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായി. ട്രെയ്നില്‍ വച്ചു തന്നെയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.
ഞങ്ങള്‍ക്ക് പോകേണ്ട സ്ഥലത്ത് എത്തിയിരുന്നില്ല. വേഗം അവിടെ ഇറങ്ങി. അമ്മയും കൊണ്ട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോയി. ബന്ധുക്കളെയൊക്കെ വിളിച്ച് അറിയിച്ചു. പിറ്റേന്ന് എനിക്ക് പാലക്കാട് പരിപാടിയുണ്ടായിരുന്നു. മമ്മിയുടെ കാര്യം 48 മണിക്കൂര്‍ കഴിഞ്ഞാലേ പറയാന്‍ പറ്റുള്ളൂ. അല്ലാതെ ഒന്നും പറയാനാകില്ല, ക്രിട്ടിക്കല്‍ ആണെന്ന് പറഞ്ഞു. ഞാനാണ് അന്ന് കൂടെ നില്‍ക്കുന്നത്. എനിക്ക് പിന്നെ പാടാന്‍ പറ്റില്ല. അത് മാത്രമാണ് എന്റെ ഓര്‍മയില്‍ ഞാനായിട്ട് ക്യാന്‍സല്‍ ചെയ്തിട്ടുള്ള പരിപാടി.
ബാക്കിയൊക്കെ എന്തെങ്കിലും നിവര്‍ത്തിയുണ്ടെങ്കില്‍ ഞാന്‍ പോകും. തിരെ വയ്യാതെ, തൊണ്ടയൊക്കെ അടഞ്ഞിരിക്കുമ്ബോഴും പോയി പാടിയിട്ടുണ്ട്. ആദ്യമേ പറയും ശബ്ദം അടഞ്ഞിരിക്കുകയാണ് പറ്റുന്നത് പോലെ പാടാമെന്ന്. പക്ഷെ കേള്‍വിക്കാര്‍ വളരെ അണ്ടര്‍സ്റ്റാന്റിംഗ് ആണ്. അവര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് തന്നിട്ടുണ്ട്...’’ കെ.എസ്.ചിരത പറയുന്നു.