Sunday, March 15, 2026 Last Updated 11 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 26 Sep 2025 08.20 AM

ടൂറിസ്റ്റുകളുടെയും അവര്‍ക്കൊപ്പമുള്ള മൃഗങ്ങളുടെയും എണ്ണം വര്‍ധിക്കുന്നു: നായ്ക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ഇറ്റലിയിലെ ഒരു നഗരം

italian,city, tax, dogs, tourist

ടൂറിസ്റ്റുകള്‍ക്കൊപ്പമെത്തുന്ന നായ്ക്കള്‍ക്കും വിനോദ സഞ്ചാര നികുതി ചുമത്താന്‍ തീരുമാനമെടുത്ത് ഇറ്റലിയിലെ ബോല്‍സാനോ നഗരം. അടുത്തിടെ വിനോദ സഞ്ചാരികളുടെയും അവര്‍ക്കൊപ്പമുള്ള മൃഗങ്ങളുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഇറ്റലിയിലും യൂറോപ്പിലും രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 2026 ജനുവരി മുതല്‍ പുതിയ നായ നികുതി നിലവില്‍ വരുമെന്നും നഗര ഭരണാധികാരികള്‍ അറിയിച്ചു.

സഞ്ചാരികളില്‍ പലരും തങ്ങളുടെ പ്രീയപ്പെട്ട വളര്‍ത്തുമൃഗവുമായാണ് ഇപ്പോള്‍ യാത്രകള്‍. ഇതോടെ പല നായകള്‍ക്കും പാസ്‌പോര്‍ട്ട് അടക്കമുണ്ട്. നായകളുമായി എത്തുന്ന ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്നതിനാണ് പുതിയ നികുതിയെന്ന് ബോല്‍സാനോ നഗര ഭരണാധികാരികള്‍ പറയുന്നു. സന്ദര്‍ശകരായ നായകളുടെ ഉടമകള്‍ ഒരു ദിവസത്തേക്ക് 1.50 യൂറോ (ഏകദേശം156 രൂപ) നികുതിയായി നല്‍കണം. ഡോലമൈറ്റ് മലനിരകളിലേക്കുള്ള കവാടമായ ബോല്‍സാനോയില്‍ നായകള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമാണ് പുതിയ നികുതി.

പുതിയ നിയമം ടൂറിസ്റ്റുകളെ മാത്രമല്ല ബാധിക്കുന്നത് ബോല്‍സാനോയിലെ നായ ഉടമകളും ഒരു നായയ്ക്ക് വര്‍ഷം 100 യൂറോ നികുതിയായി നല്‍കണം. തെരുവുകള്‍ വൃത്തിയാക്കുന്നതിനുള്ള ചെലവുകള്‍ക്കായും, നായകള്‍ക്കും അവയുടെ ഉടമസ്ഥര്‍ക്കും മാത്രമായി പുതിയ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനും വേണ്ടിയാണ് ഈ നികുതി എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ നായകളെ സാധാരണ നഗര പാര്‍ക്കുകളില്‍ നിന്ന് വിലക്കുമോ എന്നതിനെക്കുറിച്ച് അധികൃതര്‍ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഈ നിയമം പ്രദേശത്തിന് ദോഷകരമാകുമെന്നും നായകള്‍ക്കും വിനോദ സഞ്ചാരികളായ നായകള്‍ക്കും നികുതി ഏര്‍പ്പെടുത്തിയതിലൂടെ ബോല്‍സാനോ പ്രവിശ്യ സെല്‍ഫ് ഗോള്‍ അടിച്ചിരിക്കുകയാണെന്നും ദേശീയ മൃഗസംരക്ഷണ സംഘടനയായ എന്‍പിഎയുടെ പ്രതിനിധി കാര്‍ല റോക്കി ആരോപിച്ചു. അസംബന്ധവും ചെലവേറിയതുമായ ഡിഎന്‍എ പദ്ധതി പരാജയപ്പെട്ടതിന് ശേഷം, പൗരബോധം വളര്‍ത്തല്‍, കൃത്യമായ പരിശോധനകള്‍ നടത്തല്‍ , ജനങ്ങളെ ബോധവല്‍ക്കരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വീണ്ടും എളുപ്പവഴി തെരഞ്ഞെടുക്കയാണെന്നും അവര്‍ ആരോപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW