-->
റിമി ടോമി എന്നാല്‍ മലയാളികളെ സംബന്ധിച്ച് കംപ്ലീറ്റ് എന്റര്‍ടെയ്നറാണ്. പാട്ടു മാത്രമല്ല വേദികളില്‍ എനര്‍ജറ്റിക്കായ പെര്‍ഫോമന്‍സും കാഴ്ച്ചക്കാര്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞത് റിമിയുടെ സ്റ്റേജ് പരിപാടികളിലൂടെയാണ്. സ്റ്റേജ് പെർഫോമൻസുകളിലെ റിമി ടോമിയുടെ എനർജിയും, ഡാൻസും സംസാരവുമൊക്കെ കൈയടികള്‍ നേടിയിട്ടുണ്ട്. തഗ് മറുപടികളും സിറ്റ്വേഷൻ കോമഡികള്‍ കൊണ്ടും റിമി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ ഗായിക തന്റെ എല്ലാ വിശേഷങ്ങളും യാത്രാചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ ജന്മദിനത്തില്‍ രസകരമായ പോസ്റ്റും ചിത്രങ്ങളും പങ്കിടുകയാണ് റിമി ടോമി. തന്റെ ജന്മദിനത്തില്‍ സഹോദരങ്ങളുടെ മക്കള്‍ക്കൊപ്പം കേക്ക് മുറിയ്ക്കുന്ന വീഡിയോ പങ്കിട്ടാണ് റിമിയുടെ ബർത്ത്ഡേ പോസ്റ്റ്. പ്രായം വെറുമൊരു നമ്പറാണ് എന്നു പറഞ്ഞാലും ഉള്ളിലൊരു തേങ്ങലുണ്ടെന്നും കുഞ്ഞു മക്കള്‍ക്ക് ഒപ്പം കേക്ക് കട്ട് ചെയ്തിട്ടുണ്ട്, ഇനി എല്ലാവരുടെയും ആശംസകള്‍ പോന്നോട്ടേയ് എന്ന് പറഞ്ഞാണ് റിമിയുടെ പോസ്റ്റ്.
‘‘എന്തു വേഗത്തിലാണ് ഇശോയേ സമയം ഓടിപ്പോകുന്നത്. ഒരുപാട് ആഗ്രഹിച്ച ഇരിക്കണ ഒരു ദിവസം, എന്റെ കുഞ്ഞുങ്ങളുടെ കൂടെ നില്‍ക്കുന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. എന്നെ ഞാനാക്കിയ, 25 വർഷങ്ങളായി എന്നെ സ്നേഹിക്കുന്ന, കണ്ടോണ്ടിരിയ്ക്കുന്ന, നല്ലതും ചീത്തയും പറഞ്ഞുതന്ന് തെറ്റുകള്‍ തിരുത്തുന്ന നിങ്ങളുടെ ആശംസകള്‍ക്കായി കാത്തിരിയ്ക്കുന്നു...കമോണ്‍...
‘എയ്ജ് ഈസ് നോട്ട് എ നമ്പര്‍’ എന്നൊക്കെ പറഞ്ഞാലും ഉള്ളില്‍ ഒരു തേങ്ങലുണ്ട്. എന്നിരുന്നാലും, കഥകളുടെയും പുഞ്ചിരികളുടെയും ഓർമ്മകളുടെയും ശേഖരമാണ് ഈ 42 വർഷങ്ങള്‍. അതിനെല്ലാം ഞാൻ നന്ദിയുള്ളവളാണ്...’’ എന്നാണ് റിമി ടോമി കുറിച്ചിരിക്കുന്നത്. ഒപ്പം സഹോദരങ്ങളുടെ മക്കള്‍ റിമിക്ക് ഉമ്മ നല്‍കുന്നതും ബര്‍ത്ത്ഡേ വിഷ് നല്‍കുന്നതും വീഡിയോയില്‍ കാണാം.
താരത്തിന്റെ പോസ്റ്റിന് പതിവു പോലെ നിറയെ കമന്റുകളും വരുന്നുണ്ട്. ആരാധകര്‍ മാത്രമല്ല സഹതാരങ്ങളും സഹപ്രവര്‍ത്തകരുമടക്കം ഒരുപാട് പേര്‍ ആശംസകള്‍ കുറിക്കുന്നുണ്ട്. നമിത പ്രമോദ്, ലക്ഷ്മി നക്ഷത്ര, മീനാക്ഷി അനൂപ് എന്നിങ്ങനെ പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്.
മിനിസ്ക്രീനില്‍ അവതാരകയായി കരിയര്‍ ആരംഭിച്ച താരം ഗാനമേള വേദികളിലൂടെയാണ് ഗായിക എന്ന നിലയില്‍ കൈയടി നേടിത്തുടങ്ങിയത്. പിന്നീട് മീശാമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന പാട്ടിലൂടെ മലയാള സിനിമാ പിന്നണി ഗാനലോകത്തേക്ക് എത്തി. ആദ്യഗാനം സൂപ്പര്‍ഹിറ്റായ ശേഷം റിമിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഫാസ്റ്റ് നമ്പറുകളിലൂടെയും അടിപൊളി പാട്ടുകളിലൂടെയും പിന്നണി ഗാനരംഗത്ത് റിമി തന്റേതായ സ്ഥാനം നേടിയെടുത്തു. ആ സമയത്തും സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളും റിമി സജീവമായിരുന്നു.
ടെലിവിഷന്‍ ഷോകളാണ് റിമിയെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയങ്കരിയാക്കിയത്. വരുന്ന അതിഥികള്‍ക്ക് ഒരു പോസിറ്റീവ് എനര്‍ജി നല്‍കാറുള്ള റിമിയുടെ അവതരണശൈലിയും പതിയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങി. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലെ നായിക വേഷം ഉള്‍പ്പടെ ചില സിനിമകളിലും റിമി ടോമി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മലയാള ടെലിവിഷനിലും പിന്നണി ഗാനരംഗത്തും വിദേശവേദികളിലുമടക്കം റിമി സൂപ്പര്‍താരമാണ്.