Friday, March 13, 2026 Last Updated 39 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 21 Sep 2025 08.04 AM

ട്രെയിന്‍ യാത്രയ്ക്കിടയില്‍ എസി കോച്ചിലെ പുതപ്പുകള്‍ മോഷ്ടിക്കാന്‍ ശ്രമം: കുടുംബത്തെ കയ്യോടെ പൊക്കി അധികൃതര്‍

family, steal, bedsheet, train, journey

ട്രെയിന്‍ യാത്രകളിലെ ഗൗരവമുണര്‍ത്തുന്ന പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. സീറ്റ് തര്‍ക്കം, ടിക്കറ്റില്ലാതെ യാത്ര, ആള്‍തിരക്ക്, കയ്യേറ്റം, മോഷണം തുടങ്ങിയ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞദിവസം യാത്രക്കാരായ ഒരു കുടുംബം ട്രെയിനിലെ പുതപ്പുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത് അധികൃതര്‍ കൈയോടെ പിടികൂടിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഒഡീഷയിലെ പുരിക്കും ന്യൂഡല്‍ഹിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന പുരുഷോത്തം എക്‌സ്പ്രസിലെ ഫസ്റ്റ് എസി കോച്ചില്‍ ആണ് മോഷണശ്രമം നടന്നത്. ഇതേ കോച്ചിലെ യാത്രക്കാരായിരുന്ന ഒരു കുടുംബമാണ് തങ്ങള്‍ക്ക് ലഭിച്ച പുതപ്പുകള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആണ്. എക്‌സ് ഉപയോക്താവായ ബാപി സാഹു പങ്കുവെച്ച വീഡിയോയില്‍, ടിക്കറ്റ് എക്‌സാമിനര്‍മാരടക്കമുള്ള റെയില്‍വേ ജീവനക്കാര്‍ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയേയും പ്ലാറ്റ്‌ഫോമില്‍ വെച്ച് തടയുന്നതും റെയില്‍വേയുടെ പുതപ്പുകള്‍ ബാഗില്‍ നിന്ന് കണ്ടെടുത്ത് അവരെ ചോദ്യം ചെയ്യുന്നതും കാണാം. ഈ സമയം സ്ത്രീ മടിച്ച് മടിച്ച് ബെഡ്ഷീറ്റുകള്‍ ബാഗില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍, കൂടെയുള്ള പുരുഷന്മാര്‍ യാതൊരു വിശദീകരണവും നല്‍കാതെ മൗനം പാലിക്കുന്നതും വീഡിയോയിലുണ്ട്.

ഫസ്റ്റ് എസി കോച്ചില്‍ യാത്ര ചെയ്യുന്ന ചില യാത്രക്കാര്‍ ആ യാത്രയില്‍ ഉപയോഗിക്കാന്‍ മാത്രം നല്‍കുന്ന സാധനങ്ങള്‍ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കാറുണ്ടെന്ന് പോസ്റ്റിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. സംഭവത്തിന്റെ കൃത്യമായ തീയതി വ്യക്തമല്ല. യാത്രക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും വിവരങ്ങളില്ല. എങ്കിലും റെയില്‍വേയുടെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും യാത്രക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW