-->
ഓരോ രാജ്യക്കാര്‍ക്കും അവരുടേതായ ജീവിത രീതിയും സംസ്‌കാരവും ഉണ്ട്. അതുകൊണ്ട് തന്നെ ഒരു രാജ്യത്തിലെ ആളുകളുടെ ശീലങ്ങളും സ്വഭാവവും മറുനാട്ടുകാര്‍ ഇഷ്ടപ്പെടണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ല. മറ്റൊരു രാജ്യത്ത് ചെന്നാല്‍ അവരുടെ നിയമങ്ങളും ചട്ടങ്ങളും നാം പാലിക്കേണ്ടതുണ്ട്. ഇന്ത്യക്കാരെ സംബന്ധിച്ച് അവരുടെ പൗരബോധം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കാറുണ്ട്. അതില്‍ എപ്പോഴും ചര്‍ച്ചാവിഷയം ആവുന്ന ഒന്നാണ് ഇന്ത്യകാരുടെ ഉച്ചത്തിലുള്ള സംസാരവും പൊതു ഇടങ്ങളിലുള്ള ബഹളവും. ഈപ്പോഴിതാ ഈ പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ ഒരു യുവാവ്.
വീഡിയോയില്‍ ഒരു ക്ഷേത്ര പരിസരത്ത് നിന്ന് ഒരു കൂട്ടം ഇന്ത്യക്കാര്‍ ഉച്ചത്തില്‍ സംസാരിക്കുന്നതായി കാണാം. പിന്നാലെ എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ ഉച്ചത്തില്‍ ഇങ്ങനെ സംസാരിക്കുന്നതെന്നും എന്തുകൊണ്ടാണവര്‍ എവിടെ പോയാലും ബഹളമുണ്ടാക്കുന്നതെന്നും യുവാവ് ചോദിക്കുന്നു. മറ്റൊരു രാജ്യത്തെ സമാധാനത്തെയും സംസ്‌കാരത്തെയും ഇവര്‍ ബഹുമാനിക്കുന്നില്ല. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഇത് തനിക്ക് വളരെ നാണക്കേടുണ്ടാക്കുന്നുവെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.
'മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഇന്ത്യന്‍ ജനക്കൂട്ടത്തെ ഇഷ്ടപ്പെടാത്തതില്‍ അതിശയിക്കാനില്ല,' എന്നാണ് പോസ്റ്റിന് താഴെ എഴുതിയിരിക്കുന്നത്. പിന്നാലെ യുവാവിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. 'അവര്‍ പരസ്പരം സംസാരിക്കാറില്ല, പരസ്പരം ആക്രോശിക്കുകയാണ് ചെയ്യുക' ഒരാള്‍ അഭിപ്രായപ്പെട്ടു. 'ഞാന്‍ ഒരു കുന്നിന്‍ പ്രദേശത്താണ് താമസിക്കുന്നത്, വര്‍ഷം മുഴുവനും ഞങ്ങള്‍ക്ക് വിനോദസഞ്ചാരികളെ ലഭിക്കുന്നു, ഇന്ത്യക്കാരും വിദേശികളുമായ വിനോദസഞ്ചാരികള്‍ തമ്മിലുള്ള വ്യത്യാസം വളരെ വ്യത്യസ്ഥമാണ്,' മറ്റൊരാള്‍ പറയുന്നു.