-->
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ ലേലത്തിന് വെയ്ക്കുന്നു. സെപ്റ്റംബര്‍ 17-ന് അദ്ദേഹത്തിന്റെ 75-ാം ജന്മദിനത്തില്‍ ആരംഭിച്ച് ഒക്ടോബര്‍ 2 വരെ 1,300-ലധികം സമ്മാനങ്ങളാണ് ഓണ്‍ലൈന്‍ ലേലത്തിന് വെച്ചിരിക്കുന്നത്.
ഒരു കോടി മൂന്നു ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഭവാനി ദേവിയുടെ പ്രതിമയും 5.5 ലക്ഷം രൂപ വിലയുള്ള അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയും ലേലത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. പിഎം മെമന്റോസ് വെബ്‌സൈറ്റ് അനുസരിച്ച്, ഭവാനി ദേവി പ്രതിമക്ക് 1.03 കോടി രൂപയാണ് അടിസ്ഥാന വില, അതേസമയം രാമക്ഷേത്രത്തിന്റെ മാതൃകയ്ക്ക് 5.5 ലക്ഷം രൂപയും. 2024-ലെ പാരാലിമ്പിക് ഗെയിംസില്‍ മെഡല്‍ ജേതാക്കള്‍ ഉപയോഗിച്ച മൂന്ന് ജോഡി ഷൂസുകളും ലേലത്തിനുണ്ട്, ഓരോ ജോഡി ഷൂസിനും 7.7 ലക്ഷം രൂപ വീതം വിലയുണ്ട്.
ജമ്മു കാശ്മീരില്‍ നിന്നുള്ള ഒരു പഷ്മിന ഷാള്‍, രാം ദര്‍ബാറിന്റെ തഞ്ചാവൂര്‍ പെയിന്റിംഗ്, ഒരു ലോഹ നടരാജ പ്രതിമ, ഗുജറാത്തില്‍ നിന്നുള്ള ഒരു റോഗന്‍ കലാസൃഷ്ടി, കൈകൊണ്ട് നെയ്ത നാഗ ഷാള്‍ എന്നിവയും മറ്റ് സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തെ പ്രത്യേക ആകര്‍ഷണം, പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ പാരാ-അത്ലറ്റുകള്‍ സംഭാവന ചെയ്ത കായിക സ്മരണികകളാണ്.
'സ്ഥിരതയുടെയും മികവിന്റെയും' പ്രതീകമായാണ് ഇവയെ വിശേഷിപ്പിക്കുന്നത്. നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ലേലം പ്രഖ്യാപിച്ചു. ഇവിടെയാണ് ലേലത്തിനുള്ള സാധനങ്ങള്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 2019-ല്‍ ആദ്യ ലേലം നടന്നതുമുതല്‍, ഗംഗാ നദിയുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി ആരംഭിച്ച 'നമാമി ഗംഗ' പദ്ധതിക്ക് 50 കോടിയിലധികം രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്.