-->
ഇന്ത്യന്‍ സംസ്‌കാരവും ജീവിത രീതിയുമെല്ലാം ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. ചില വിദേശികള്‍ ഇവ ജീവിതത്തില്‍ പകര്‍ത്താറുമുണ്ട്. ഇത്തരത്തില്‍ 'ഹാപ്പി ബെല്ലി ഫിഷ് ' എന്ന സംരംഭം നടത്തുന്ന റഷ്യന്‍ വനിതാ സംരംഭകയായ അനസ്‌തേഷ്യ ഷാരോവ, ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളില്‍ താമസം തുടങ്ങിയതിന് ശേഷം താന്‍ സ്വാഭാവികമായി പരിശീലിച്ച ചില ശീലങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ ഒരു പോസ്റ്റിലൂടെയാണ് ആദ്യമൊക്കെ തനിക്ക് വളരെ വിചിത്രമായി തോന്നിയതും എന്നാല്‍, ഇപ്പോള്‍ തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയതുമായ 11 ഇന്ത്യന്‍ ശീലങ്ങള്‍ പങ്കുവെച്ചത്.
റഷ്യയിലാണ് ഇവര്‍ ജനിച്ചതും വളര്‍ന്നതും, ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ദക്ഷിണാഫ്രിക്കയിലും ജര്‍മ്മനിയിലും അനസ്‌തേഷ്യ ഷാരോവ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ നിന്നും തനിക്ക് കിട്ടിയ ശീലങ്ങളെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ഈ ശീലങ്ങള്‍ ആദ്യം അസാധാരണമായി തോന്നിയെങ്കിലും ഇപ്പോള്‍ സാധാരണമായി അനുഭവപ്പെടുന്നുവെന്നും ഇവര്‍ തന്റെ സമൂഹ മാധ്യമ കുറിപ്പില്‍ പറയുന്നു.
അനസ്‌തേഷ്യ ഷാരോവ പങ്കുവെച്ച 11 ഇന്ത്യന്‍ ശീലങ്ങള്‍ ഇങ്ങനെയാണ്;
1. കാഴ്ച പരിമിതമായിട്ടുള്ള വളവുകളില്‍ വണ്ടി തിരിക്കുന്നതിന് തൊട്ടുമുമ്പ് ഹോണ്‍ അടിക്കുന്നത് ഇപ്പോള്‍ ഒരു ശീലമായി.
2. ചെറിയ കടകളില്‍ പ്രവേശിക്കുന്നതിന് മുമ്പ് പോലും പാദരക്ഷകള്‍ ഊരി വെക്കുന്നത് ഇപ്പോള്‍ ഒരു ശീലമായി.
3. മുടിയില്‍ എണ്ണയിടുന്നത് ദിനചര്യയുടെ ഭാഗമായി മാറി. മറ്റ് കുടുംബാംഗങ്ങളുടെ തലയില്‍ എണ്ണയിടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
4. എല്ലാ ദിവസവും വൈകുന്നേരം 5 മണിയോടെ, കൊതുകിനെ അകറ്റാന്‍ വീടിന് ചുറ്റും എന്തെങ്കിലും കത്തിച്ച് പുകയിടുന്നതും ഇന്ന് ജീവിതത്തിന്റെ ഭാഗം.
5. എല്ലാ സമയത്തും മേശപ്പുറത്ത് അച്ചാര്‍ സൂക്ഷിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ എപ്പോഴും കൈയ്യെത്തുന്ന ദൂരത്ത് അച്ചാര്‍ വെക്കുന്നത് ഇപ്പോള്‍ മറ്റൊരു ശീലമായി.
6. സംസാരിക്കുമ്പോള്‍ 'അച്ഛാ' എന്ന് പറയുന്നതും അതോടൊപ്പം തലയാട്ടുന്നതും ഇപ്പോള്‍ സംസാരത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു.
7. കുപ്പികളില്‍ ചുണ്ട് തൊടാതെ വെള്ളം കുടിക്കുന്നതും, സ്റ്റീല്‍ കുപ്പികളില്‍ വെള്ളം കൊണ്ടുനടക്കുന്നതുമാണ് മറ്റൊരു ശീലം.
8. എല്ലാ ഭക്ഷണ ശേഷവും പെരുംജീരകം അല്ലെങ്കില്‍ ഏലക്ക കഴിക്കുകയും അത് വഴി വായ് ശുദ്ധമാക്കുകയും ചെയ്യുന്നു.
9. ഹസ്തദാനത്തിന് പകരം ഇപ്പോള്‍ എല്ലാവരോടും കൈകൂപ്പി 'നമസ്‌തേ' പറന്നു.
10. ഷൂസ് ഇടുന്നതിന് മുന്‍പും ബാത്ത്‌റൂമില്‍ കയറുന്നതിന് മുന്‍പും തവളയോ പാമ്പോ ഉണ്ടോയെന്ന് പരിശോധിക്കുന്നതും ജീവിതത്തിന്റെ ഭാഗമായി.
11. പണമിടപാടുകള്‍ക്കായി വലത് കൈ മാത്രം ഉപയോഗിക്കാന്‍ ഇപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും അനസ്‌തേഷ്യ ഷാരോവ പറയുന്നു.
ഓണത്തിന് തിരുവനന്തപുരത്ത് എത്തിയ ഷാരോവ, പൂക്കളം ഒരുക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് തന്റെ 11 ശീലങ്ങളെ വിശദമാക്കിയത്. ഷാരോവയുടെ പോസ്റ്റ് ഇതിനോടകം 2.4 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. പലതരത്തിലുള്ള പ്രതികരണങ്ങളാണ് ഈ കുറിപ്പിന് ലഭിച്ചത്. ചില ആളുകള്‍ തമാശയോടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, മറ്റ് ചിലര്‍ ഈ ശീലങ്ങളെ 'അസാധാരണം' എന്ന് വിശേഷിപ്പിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. ഇതെല്ലാം കേവലം സാംസ്‌കാരിക വ്യത്യാസങ്ങള്‍ മാത്രമാണെന്നായിരുന്നു അവരുടെ വാദം.