-->
കാഠ്മണ്ഡു: നേപ്പാളിലെ പാര്‍ലമെന്റ് തന്നെ പിരിച്ചുവിടണമെന്നും ഭരണഘടന തിരുത്തിയെഴുതണമെന്നും ആവശ്യപ്പെട്ട് നേപ്പാളിലെ ജെന്‍സി പ്രതിഷേധക്കാര്‍. പ്രധാനമന്ത്രി കെ.പി. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കലാപത്തിലൂടെ പുറത്താക്കിയതിന് പിന്നാലെ തങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ആവശ്യങ്ങള്‍ ഇവര്‍ മുന്നോട്ടുവെച്ചു. ഭരണരംഗത്ത് സമൂലമായ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രാഷ്ട്രീയക്കാര്‍ കൊള്ളയടിച്ച സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജീവന്‍ നഷ്ടപ്പെട്ട എല്ലാവരെയും ഔദ്യോഗിക രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്നും, അവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായവും ആദരവും അംഗീകാരവും നല്‍കണമെന്നും പ്രസ്ഥാനം ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ പരിഹരിക്കാനും, കുടിയേറ്റം നിയന്ത്രിക്കാനും, സാമൂഹിക അനീതികള്‍ ഇല്ലാതാക്കാനും പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്നും സംഘാടകര്‍ ഉറപ്പുനല്‍കി. 'ഈ പ്രസ്ഥാനം ഒരു പാര്‍ട്ടിക്കോ വ്യക്തിക്കോ വേണ്ടിയുള്ളതല്ല, മറിച്ച് ഈ തലമുറയ്ക്കും രാജ്യത്തിന്റെ ഭാവിക്കും വേണ്ടിയുള്ളതാണ്. സമാധാനം അനിവാര്യമാണ്, എന്നാല്‍ ഒരു പുതിയ രാഷ്ട്രീയ വ്യവസ്ഥയുടെ അടിത്തറയില്‍ മാത്രമേ അത് സാധ്യമാകൂ,' പ്രതിഷേധക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിര്‍ദ്ദേശങ്ങള്‍ പ്രസിഡന്റും നേപ്പാളി സൈന്യവും ക്രിയാത്മകമായി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. പൊതുജനവിശ്വാസം നഷ്ടപ്പെട്ട നിലവിലെ ജനപ്രതിനിധി സഭ ഉടനടി പിരിച്ചുവിടുക. പൗരന്മാര്‍, വിദഗ്ദ്ധര്‍, യുവജനങ്ങള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെ ഭരണഘടനയില്‍ ഭേദഗതി വരുത്തുകയോ പൂര്‍ണ്ണമായി പുതുക്കിയെഴുതുകയോ ചെയ്യുക. ഇടക്കാലഘട്ടത്തിനു ശേഷം സ്വതന്ത്രവും നീതിയുക്തവും പൊതുജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയുള്ളതുമായ തിരഞ്ഞെടുപ്പുകള്‍ നടത്തുക.
നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന എക്‌സിക്യൂട്ടീവ് നേതൃത്വത്തെ സ്ഥാപിക്കുക. മൂന്ന് പതിറ്റാണ്ടിനിടെ കൊള്ളയടിച്ച സ്വത്തുക്കള്‍ അന്വേഷിക്കുക, നിയമവിരുദ്ധമായ സ്വത്തുക്കള്‍ ദേശസാല്‍ക്കരിക്കുക. വിദ്യാഭ്യാസം, ആരോഗ്യം, നീതി, സുരക്ഷ, വാര്‍ത്താവിനിമയം എന്നീ അഞ്ച് അടിസ്ഥാന സ്ഥാപനങ്ങളില്‍ ഘടനാപരമായ പരിഷ്‌കാരങ്ങളും പുനഃക്രമീകരണങ്ങള്‍ വരുത്തുക തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.