-->
വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ അതിദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിലൂടെ വായനക്കാരെ ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. പിന്നീടത് ബ്ലെസി സിനിമയാക്കിയപ്പോള്‍ വെള്ളിത്തിരയില്‍ അസാധ്യപ്രകടനം കാഴ്ചവച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ പൃഥ്വിരാജ് സുകുമാരന് കഴിഞ്ഞിരുന്നു.
സിനിമയുടെ ഓരോ ഏടുകളിലും പൃഥ്വി എന്ന അഭിനേതാവിന്റെ മികച്ച പ്രകടനം കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തി. ശാരീരികമായും മാനസികമായും താരം ഏറെ വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിട്ട ഒരു സിനിമ കൂടിയായിരുന്നു ഇത്. മരുഭൂമിയിലെ നജീബ് ആവാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റമാണ് എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തിരുന്നു. ഈ സിനിമയ്ക്ക് ഉറപ്പായും ദേശീയ അംഗീകാരം കിട്ടുമെന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുകയും ചെയ്തു.
എന്നാല്‍ ഇത്തവണത്തെ ദേശീയ പുരസ്കാരത്തില്‍ ‘ആടുജീവിതം’ സിനിമയെ ജൂറി ഉപേക്ഷിച്ചു. കഥയുടെ അഡാപ്റ്റേഷനിൽ സ്വാഭാവികതയില്ലെന്നും അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് ആധികാരികതയില്ലെന്നുമാണ് ജൂറി അതിന് പറഞ്ഞ ന്യായം. എന്നാല്‍ ഈ ഒഴിവാക്കലിനെക്കുറിച്ച് ഇതുവരെ പൃഥ്വിരാജ് ഇതുവരെ ഒരു അഭിപ്രായവും പ്രകടിപ്പിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോഴിതാ ആടുജീവിതം എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കാത്തതില്‍ പരോക്ഷമായി പ്രതികരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.
ഏതെങ്കിലും ഒരു ജൂറി കണ്ട് മാർക്കിടാനല്ല സിനിമയെടുക്കുന്നതെന്നും ആത്യന്തികമായി സിനിമയെടുക്കുന്നത് പ്രേക്ഷകർക്കുവേണ്ടിയാണെന്നും പ്രേക്ഷകർ ആ സിനിമയ്ക്ക് ഏറ്റവും വലിയ അവാർഡ് തന്നുകഴിഞ്ഞു എന്നും താരം പറഞ്ഞു.
‘‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ടു മാർക്കിടാനോ, ഏതെങ്കിലും രാജ്യാന്തര ഫെസ്റ്റിവലുകളില്‍ പ്രദർശിപ്പിക്കാനോ വേണ്ടിയല്ല. തീർച്ചയായും അതൊക്കെ നല്ലതുതന്നെയാണ്. അതിന് അതിന്റേതായ ഗുണങ്ങളുമുണ്ടാകും. ഇല്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ആത്യന്തികമായി സിനിമ എടുക്കുന്നതു പ്രേക്ഷകർക്ക് വേണ്ടിയാണ്. പ്രേക്ഷകർ തിയറ്ററില്‍ പോയി കണ്ട് ആസ്വദിക്കുന്നതിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അപ്പോള്‍ ആ സിനിമ കാണുന്നതിലൂടെ പ്രേക്ഷകർ ആ സിനിമയ്ക്ക് ഏറ്റവും വലിയ അവാർഡ് തന്നുകഴിഞ്ഞു. അതിന് പ്രേക്ഷകർക്ക് നന്ദി. ആടുജീവിതം വളരെ സ്പെഷ്യലായ സിനിമയാണ്...’’ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ഷാർജയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ താരം തന്റെ നിലപാട് പങ്കുവച്ചത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നിരവധി പേരാണ് താരത്തെ പിന്തുണച്ച് കമന്റുകള്‍ കുറിക്കുന്നത്. ‘5 പേര് വട്ടം കൂടി ഇരുന്നു തരുന്ന അവാർഡിനേക്കാൾ എത്രയോ വലുത് ആണ് ഇത്, അപ്പോഴുണ്ടായ കൈയടി സാധാരണക്കാർ പോലും പ്രതികരിക്കാൻ അവസരം കാത്തിരിക്കുന്ന പോലെയുണ്ടായിരുന്നു എന്നതടക്കമാണ് കമന്റുകള്‍.
ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ 14 കാറ്റഗറിയില്‍ മത്സരിച്ച ആടുജീവിതത്തിന് ഒരു പുരസ്കാരവും കിട്ടിയിരുന്നില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. മികച്ച നടൻ, സംവിധായകൻ, ഛായാഗ്രാഹകൻ തുടങ്ങിയ തുടങ്ങിയ വിഭാഗങ്ങളില്‍ ആടുജീവിതത്തിന് പുരസ്കാരത്തിന് അർഹതയുണ്ടായിരുന്നെന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. ചിത്രത്തിലെ രംഗങ്ങളുടെ ചെറുക്ലിപ്പുകളും അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഒൻപത് അവാർഡുകളാണ് ആടുജീവിതം കരസ്ഥമാക്കിയത്. ബ്ലെസിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. എ.ആർ. റഹ്മാനായിരുന്നു സംഗീതസംവിധായകൻ.