-->
മാമാട്ടിക്കുട്ടിയമ്മ, അനിയത്തിപ്രാവിലെ മിനി, നിറത്തിലെ സോന തുടങ്ങിയ കഥാപാത്രങ്ങൾ മാത്രം മതി മലയാളസിനിമാപ്രേക്ഷകര്‍ ശാലിനി എന്ന താരത്തെ സ്നേഹിക്കാന്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച കഥാപാത്രങ്ങള്‍ മലയാളത്തിലും തമിഴിലുമടക്കം നല്‍കാന്‍ ശാലിനിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായെങ്കിലും ഇന്നും ബേബിശാലിനിയായി പ്രേക്ഷകരുടെ മനസ്സില്‍ തന്റെ സ്ഥാനം ശാലിനി മാറ്റിവച്ചിട്ടുണ്ട്.
കരിയറിന്റെ പീക്ക് ടൈമിൽ തമിഴ് താരം അജിത് കുമാറിനെ വിവാഹം കഴിച്ച ശാലിനി, കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭിനയമെന്ന കരിയർ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. അജിത്തിന്റെ എല്ലാ വിജയത്തിനു പിന്നിലും മക്കളായ അനുഷ്കയ്ക്കും ആദ്വിക്കിനും വേണ്ടിയും ജീവിക്കുകയാണ് ശാലിനി. സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്ന ചിത്രങ്ങളിലൂടെയും പോസ്റ്റുകളിലൂടെയും ശാലിനി ലൈംലൈറ്റില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അജിത്തിനൊപ്പം റേസിങ് നടക്കുന്ന ഇടങ്ങളിലും, മറ്റ് സ്വകാര്യ ചടങ്ങുകളിലും ശാലിന് പങ്കെടുക്കാറുണ്ടെങ്കിലും പൊതു വേദികളിലേക്ക് അത്ര വരാറില്ല. ബാലതാരമായി വന്ന് ഒരുകാലത്ത് സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്ന ഒരു നായിക നടിയായിരുന്നു താന്‍ എന്നത് ശാലിനി പോലും സ്വയം മറന്നു എന്ന് തോന്നും വിധമാണ് ഇപ്പോഴുള്ള താരത്തിന്റെ പെരുമാറ്റം.
ഇക്കഴിഞ്ഞ ദിവസം 2026 ലെ ജെഎഫ്‌ഡബ്ല്യു മൂവി അവാർഡ് നിശയില്‍ വച്ച് തെന്നിന്ത്യൻ താരം സിമ്രാന് മികച്ച നടിക്കുള്ള അവാർഡ് നൽകിയത് ശാലിനിയാണ്. തെന്നിന്ത്യൻ സിനിമാ ലോകത്തെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാര്‍ എന്നതിലുപരി ഒരേ കാലഘട്ടത്തിൽ സിനിമയിൽ സജീവമായിരുന്ന കരുത്തുറ്റ രണ്ട് സ്ത്രീകളായ സിമ്രാനും ശാലിനിയും വർഷങ്ങൾക്ക് ശേഷം ഒരു വേദിയിൽ ഒന്നിച്ചെത്തിയപ്പോൾ ആരാധകർക്കത് ഹൃദയസ്പർശിയായ നിമിഷങ്ങളായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അവാര്‍ഡ് ഷോയില്‍ ശാലിനി സാന്നിധ്യം അറിയിച്ച വേദി കൂടിയായിരുന്നു ഇത്.
ഇപ്പോഴിതാ ശാലിനിയിൽ നിന്ന് അവാർഡ് സ്വീകരിച്ച ശേഷം സിമ്രാൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ശാലിനി തന്റെ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി ജീവിതം സമർപ്പിച്ചതിനെക്കുറിച്ച് വേദിയിൽ വെച്ച് സിമ്രാന്‍ അഭിനന്ദിച്ചു. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്ന ശാലിനി ഒരു മികച്ച വ്യക്തിയാണെന്ന് സിമ്രാൻ പറഞ്ഞു.
‘‘ഇത് എനിക്ക് വളരെ സ്പെഷ്യൽ ആണ്, പ്രത്യേകിച്ച് ശാലിനിയുടെ കൈയിൽ നിന്ന് ഈ അവാർഡ് വാങ്ങാൻ കഴിയുന്നത്. ചിലപ്പോൾ നമുക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടേക്കാം, പക്ഷേ ദൈവം എപ്പോഴും നമുക്ക് ശരിയായ വഴി കാണിച്ചുതരും.
ശാലിനി, ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ നിങ്ങളെ വളരെ അധികം ആരാധിക്കുന്ന ആളാണ്. ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു. ശാലിനി എങ്ങനെയാണ് തന്റെ കുട്ടികളെ വളര്‍ത്തുന്നത്, കുടുംബത്തിന് വേണ്ടി എങ്ങനെയാണ് തന്റെ ജീവിതം മുഴുവന്‍ സമർപ്പിച്ചത്, അച്ഛനും അമ്മയ്ക്കും വേണ്ടി, ഭര്‍ത്താവിന് വേണ്ടി, കുട്ടികള്‍ക്ക് വേണ്ടി, താനാരാണ് എന്ന് മറന്ന് ജീവിക്കുന്നത് എപ്പോഴും ഞാന്‍ അതിശയത്തോടെ നോക്കിക്കാണുന്ന ഒന്നാണ്. അതിനൊപ്പം ഇങ്ങനെയാണ് ഞാന്‍ എന്ന് സ്വയം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന താങ്കളുടെ രീതി അത്ഭുതകരമാണ്. ശാലിനി, താങ്കൾ ഒരു മികച്ച വ്യക്തിയാണ്...’’ സിമ്രാൻ പറഞ്ഞു. ‘ടൂറിസ്റ്റ് ഫാമിലി’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് ശാലിനിയില്‍ നിന്ന് ഏറ്റുവാങ്ങിയ ശേഷമാണ് സിമ്രാൻ ശാലിനിയെക്കുറിച്ച് സംസാരിച്ചത്. വേദിയില്‍ സിമ്രാന്റെയും ശാലിനിയുടെയും പഴയകാല സിനിമാ ദൃശ്യങ്ങൾ വേദിയിൽ പ്രദർശിപ്പിച്ചത് ഇരുവരെയും ഏറെ വികാരാധീനരാക്കുകയും ചെയ്തിരുന്നു.
ഒപ്പം ഇരുവരും തങ്ങളുടെ ദീർഘകാലത്തെ സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്നു സംസാരിച്ചു. സിമ്രാനിൽ നിന്നുള്ള ഈ വാക്കുകൾ തന്നെ ഒരുപാട് സ്പർശിച്ചുവെന്ന് ശാലിനിയും മറുപടി നൽകി. തങ്ങൾ നേരിൽ കാണുന്നത് കുറവാണെങ്കിലും ഫോണിലൂടെ സംസാരിക്കുമ്പോൾ തങ്ങളുടെ കുട്ടികളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും ദീർഘനേരം സംസാരിക്കാറുണ്ടെന്ന് ശാലിനിയും വെളിപ്പെടുത്തി.
‘‘ശരിക്കും സിമ്രനില്‍ നിന്ന് ഇത് കേള്‍ക്കുമ്പോള്‍ വളരെ അധികം സന്തോഷമുണ്ട്. ഇപ്പോള്‍ എന്നല്ല, എപ്പോഴൊക്കെ ഞങ്ങള്‍ സംസാരിക്കാറുണ്ടോ അപ്പോഴൊക്കെ സിമ്രന്‍ ഇത് പറയും. വല്ലപ്പോഴും മാത്രമേ ഞങ്ങള്‍ പരസ്പരം കാണാറുള്ളൂ, പക്ഷേ എന്നും സംസാരിക്കാറുണ്ട്. അപ്പോഴൊക്കെ പറയുന്നത് ഇതേ കാര്യമാണ്. സിമ്രനെ പോലൊരാളില്‍ നിന്ന് ഇങ്ങനെ കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പലപ്പോഴും നേരിട്ട് കാണാറില്ലെങ്കിലും, സംസാരിക്കുമ്പോൾ കുട്ടികളെക്കുറിച്ചും മറ്റും ഒരുപാട് കാര്യങ്ങൾ പങ്കുവെക്കാറുണ്ട്. സിമ്രാൻ പറഞ്ഞതുപോലെ തന്നെ പലപ്പോഴും ഞങ്ങൾ പരസ്പരം അഭിനന്ദിക്കാറുമുണ്ട്.
പിന്നെ പറയാനുള്ള മറ്റൊരു കാര്യം, ഞാൻ ആദ്യമായി ഗർഭിണിയായിരുന്ന സമയത്ത് അജിത് സിമ്രാനൊപ്പം ഒരു സിനിമയിൽ അഭിനയിക്കുകയായിരുന്നു. ആ സമയത്ത് സിമ്രാൻ എന്നെ വിളിച്ച് ഗർഭകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെയുള്ള ഭക്ഷണങ്ങൾ കഴിക്കണം എന്നതിനെക്കുറിച്ചൊക്കെ ധാരാളം ടിപ്‌സുകൾ നൽകുമായിരുന്നു. സിമ്രാൻ അന്ന് നൽകിയ ആ പിന്തുണയും കരുതലും എനിക്ക് വലിയൊരു ആശ്വാസമായിരുന്നു. അത് ഞാൻ എപ്പോഴും ഓർക്കുന്നു...’’ ശാലിനി പറഞ്ഞു.
അതിനു മറുപടിയായി, ‘‘അതൊക്കെ എന്റെ കടമയായിരുന്നു ശാലിനി. നമ്മൾ ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരാണല്ലോ. അജിത്തിനൊപ്പം അഭിനയിക്കുമ്പോൾ ശാലിനിയുടെ വിശേഷങ്ങൾ ഞാൻ എപ്പോഴും ചോദിക്കുമായിരുന്നു.ആ ഒരു സൗഹൃദം ഇപ്പോഴും ഇത്രയും മനോഹരമായി തുടരുന്നതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്...’’ എന്നാണ് സിമ്രാന്‍ പറഞ്ഞു.
90-കളിൽ ഒട്ടുമിക്ക തമിഴ്നാട് ജനങ്ങളെയും തന്റെ അഭിനയം കൊണ്ടും നൃത്തം കൊണ്ടും ആവേശഭരിതരാക്കിയ സിമ്രാൻ നായിക, സഹോദരി, വില്ലത്തി എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഒരു പവർഹൗസ് പെർഫോമറായ സിമ്രാന്‍ ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജെഎഫ്‌ഡബ്ല്യു മൂവി അവാർഡ്‌സിൽ 2026-ലെ മികച്ച നടിയായത്.