-->
യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയിലെ അധിനിവേശ സ്പീഷിസുകളില്‍ പ്രമുഖമരാണ് ബര്‍മീസ് പൈത്തണുകള്‍. പൈത്തണുകളെ എണ്‍പതുകളില്‍ വടക്കേ അമേരിക്കന്‍ മേഖലയില്‍ കൊണ്ടുവന്നിരുന്നു. ഇവ പിന്നീട് ഇവിടെ പെരുകി. ഇന്ന് യുഎസിലെ ചില മേഖലകളില്‍ ഇന്‍വേസീവ് സ്പീഷീസായിട്ടാണ് ഇവയെ കണക്കാക്കുന്നത്. ഫ്‌ലോറിഡയിലാണ് വിയുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നത്. ഇത്തരം ഇന്‍വേസീവ് സ്പീഷീസുകളെ കുറയ്ക്കാനായി അവയെ കൊന്നുതിന്നാന്‍ വേട്ടക്കാര്‍ക്കും തല്‍പരരായവര്‍ക്കും ഫ്‌ലോറിഡ അനുമതി കൊടുത്തിട്ടുണ്ട്.
എന്നാല്‍ ബര്‍മീസ് പൈത്തണുകളെ തിന്നരുതെന്ന് കഴിഞ്ഞ ദിവസം ഫ്‌ലോറിഡ മാര്‍ഗനിര്‍ദേശം നല്‍കി. ഇവയുടെ മാംസത്തിലുള്ള ഉയര്‍ന്ന മെര്‍ക്കുറി സാന്നിധ്യമാണ് വില്ലന്‍. ഇതു ഗുരുതര പ്രത്യാഘാതങ്ങള്‍ ഭക്ഷിക്കുന്നവരുടെ ശരീരത്തിനുണ്ടാക്കാമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ കാര്യം ഇതൊക്കെയാണെങ്കിലും ബര്‍മീസ് പൈത്തണുകളെ വേട്ടയാടുന്നവരും ഭക്ഷിക്കുന്നവരും ഫ്‌ലോറിഡയില്‍ ധാരാളമുണ്ട്. യുഎസില്‍ ഇതിനു നിയമപരമായ വിലക്കുമില്ല. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും പൈത്തണുകളുടെ മാംസത്തില്‍ ശാസ്ത്രജ്ഞര്‍ ഭാവിസാധ്യത കാണുന്നുണ്ട്. പരമ്പരാഗത മാംസ ശ്രോതസ്സുകളും ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നതുമായ ബീഫ്, പോര്‍ക്ക്, ചിക്കന്‍ എന്നിവയ്ക്ക് പകരം കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് കുറഞ്ഞ മാംസങ്ങളുണ്ടോയെന്ന ഗവേഷണങ്ങള്‍ ലോകത്തു തകൃതിയാണ്. പരമ്പരാഗത മാംസസ്രോതസ്സുകളേക്കാള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞതാണ് പൈത്തണുകളുടെ മാംസമെന്നാണു ചില ശാസ്ത്രജ്ഞരുടെ വാദം.
തെക്കുകിഴക്കന്‍ ഏഷ്യയിലെ പൈത്തണ്‍ ഫാമുകളില്‍ 12 മാസമായി നടത്തിയ ഗവേഷണത്തിനു ശേഷമാണ് ഇവര്‍ ഈ വിലയിരുത്തലിലെത്തിയത്. റെറ്റിക്കുലേറ്റഡ്, ബര്‍മീസ് എന്നിങ്ങനെ രണ്ടു പ്രധാനവിഭാഗം പൈത്തണുകളില്‍ ഇവര്‍ പരീക്ഷണങ്ങള്‍ നടത്തി. പൈത്തണുകള്‍ വളരെ പെട്ടെന്ന് പ്രജനനം നടത്തുന്നവയാണ്. പരമ്പരാഗത മാംസസ്രോതസ്സുകളെക്കാള്‍ പെട്ടെന്ന് മാംസോല്‍പാദനം ഇതുവഴി നടക്കും. ഭക്ഷണദൗര്‍ലഭ്യം ഉണ്ടാകുന്ന അവസ്ഥയിലും അതു പൈത്തണിനെ അങ്ങനെ ബാധിക്കുകയില്ല. ഇത്തരം സാധ്യതകളെല്ലാം ശാസ്ത്രജ്ഞര്‍ പരിഗണിക്കുന്നുണ്ട്.