-->
മലപ്പുറം : കുന്നംകുളത്തെ കസ്റ്റഡിമര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എസ്‌ഐ യുടെ വീട്ടിലേക്ക് യൂത്ത്‌കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് യൂത്തകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശുകയും പോലീസിന് നേരെ സമരക്കാര്‍ കല്ലെറിയുകയും ചെയ്തു. സംഭവത്തില്‍ പോലീസിനും പരിക്കേറ്റിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി.
യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് അബിന്‍വര്‍ക്കി, ജില്ലാനേതാക്കള്‍ അടക്കമുള്ള യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ എസ്‌ഐ നുഹ്മാന്റെ വീട്ടിലേക്കായിരുന്നു യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. എന്നാല്‍ ഇവരെ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസിന് നേരെ കയ്യേറ്റ ശ്രമം നടത്തുകയും പോലീസ് ലാത്തിവീശുകയുമായിരുന്നു.
കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദനത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്നായിരുന്നു നേരത്തേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. പോലീസ് സ്‌റ്റേഷന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് പോലെയാകുന്നെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആഭ്യന്തരവകുപ്പ് പോലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് മുസ്‌ളീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും വിമര്‍ശിച്ചു.
സുജിത് നേരിട്ടത് ക്രൂരമര്‍ദ്ദനമെന്നും ഈ കേസില്‍ സത്യസന്ധമായ അന്വേഷണം നടന്നില്ലെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ക്രിമിനല്‍ കേസ് എടുക്കാനോ വകുപ്പുതല അന്വേഷണം നടത്താനോ തയ്യാറായില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. രാവും പകലുമിട്ട് സുജിത്തിനെ നിര്‍ത്തിയും ഇരുത്തിയും സിസിടിവി ക്യാമറയുണ്ടെന്ന് തിരിച്ചറിഞ്ഞ് ക്യാമറയുടെ പരിധിയില്‍ നിന്നും മാറ്റി നിര്‍ത്തിയും നടത്തിയ ക്രൂരമര്‍ദ്ദനം നടത്തിയിട്ടും നടപടിയുണ്ടായില്ലെന്നും പറഞ്ഞു.
സുജിത്തിനെ കൂടി ഇരുത്തിയായിരുന്നു സണ്ണിജോസഫ് വാര്‍ത്താസമ്മേളനം നടത്തിയത്. 2023 ല്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വിവരാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരമായിരുന്നു ദൃശ്യങ്ങള്‍ കൊടുത്തത്. സംഭവത്തില്‍ നാലു പോലീസുകാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും ദുര്‍ബ്ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും കൈകൊണ്ട് ഇടിച്ചു എന്ന് മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രതിപക്ഷം വിമര്‍ശിച്ചിട്ടുണ്ട്.