-->
പത്തനംതിട്ട: മൂന്നാം ബാലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ വൈകിട്ട് അഞ്ചിന് മുമ്പായി കോടതിയില്‍ എത്തിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡി കാലാവധി നീട്ടി നല്‍കുന്നതിനായി അപേക്ഷ നല്‍കനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
എആര്‍ ക്യാമ്പില്‍ മണിക്കൂറകളോളം ചോദ്യം ചെയ്‌തെങ്കിലും രാഹുലിന്റെ നിസ്സഹകരണം അന്വേഷണ സംഘത്തിന് തിരിച്ചടിയായി. രണ്ടുദിവസം ചോദ്യം ചെയ്തിട്ടും മൊബൈല്‍ ഫോണുകളുടെ പാസ്വേര്‍ഡ് കൈമാറാനോ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എവിടെയാണെന്ന് പറയാനോ തയാറായിട്ടില്ല. ഉദ്യോഗസ്ഥരോട് പാസ്വേര്‍ഡ് തരാന്‍ ആകില്ലെന്ന് രാഹുല്‍ ഉറപ്പിച്ചു പറഞ്ഞു.
മൊബൈല്‍ ഫോണുകളില്‍ തനിക്ക് അനുകൂലമായ തെളിവുകള്‍ ഉണ്ടെന്നും അവ അന്വേഷണസംഘം നശിപ്പിക്കും എന്നതിനാലാണ് പാസ്വേര്‍ഡ് കൈമാറാത്തത് എന്നാണ് രാഹുലിന്റെ വിശദീകരണം. പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് 7 ഹോട്ടലില്‍ മാത്രമാണ് രാഹുലുമായി തെളിവെടുപ്പ് നടത്തിയത്. അടൂരിലെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും മൊബൈല്‍ഫോണുകളോ ലാപ്‌ടോപ്പോ കണ്ടെത്താനായില്ല.