-->
ഗായിക അമൃത സുരേഷിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി സഹോദരി അഭിരാമി സുരേഷ്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അമൃതയുടെ ജീവിത്തതിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം റിക്രിയേറ്റ് ചെയ്ത കേക്കാണ് അഭിരാമി അമൃതയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്.
' ചേച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എ.ആര്‍.റഹ്മാന്‍ സാറിനു വേണ്ടി പാടുക എന്നത്. സിനിമയിലും പാടാന്‍ കഴിഞ്ഞു. അതല്ലാതെ അദ്ദേഹത്തോടൊപ്പം ഒരു സ്‌റ്റേജ് ഷോയും ചെയ്യാന്‍ കഴിഞ്ഞു. ആ പരിപാടിയുടെ ഫോട്ടോ ആണ് കേക്കില്‍ റിക്രിയേറ്റ് ചെയ്തിരിക്കുന്നത്. ആ നിമിഷം പുനഃരാവിഷ്‌കരിക്കുക എന്ന് പറയുന്നത് എന്റെ ചേച്ചിക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമായിരുന്നു. നമ്മള്‍ അവരെ അഭിനന്ദിക്കുന്നതു പോലെയാണത്. ഇത്രയൊക്കെ സൈബര്‍ ബുളളീയിങ് കിട്ടിയിട്ടും പുഞ്ചിരിക്കാന്‍ മടിക്കാത്ത ആള്‍ക്ക് ഇതെങ്കിലും ചെയ്ത് കൊടുക്കേണ്ടേ'.- അഭിരാമി സുരേഷ് പറഞ്ഞു.
വലിയ ആഘോഷങ്ങള്‍ നടത്താനുളള അവസ്ഥയില്‍ ആയിരുന്നില്ലെന്നും അതുകൊണ്ട് ചെറിയ രീതിയിലായിരുന്നു ഇത്തവണത്തെ പിറന്നാള്‍ ആഘോഷമെന്നും അഭിരാമി പറഞ്ഞു. ചേച്ചിയെ പോലെ കഷ്ടപ്പെടുന്ന ഒരാള്‍ ഇതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ടെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.