-->
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയായ വീട്ടമ്മയ്ക്കു ദാരുണാന്ത്യം. എടവണ്ണ ഒതായി കിഴക്കേ ചാത്തല്ലൂര്‍ കാവിലട്ടിയിലെ പരേതനായ പട്ടീരി ചന്ദ്രന്റെ ഭാര്യ കല്യാണി അമ്മ(64)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11നാണ് നാടിനെ നടുക്കിയ സംഭവം. പത്തു ദിവസത്തോളമായി പ്രദേശത്ത് കൃഷി നശിപ്പിക്കുന്ന കാട്ടാനയെക്കുറിച്ച് നാട്ടുകാര്‍ നേരത്തെ തന്നെ വനം വകുപ്പിനോട് പരാതിപ്പെട്ടിരുന്നു. ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥരും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും ചേര്‍ന്ന് ആനയെ തുരത്തുന്നതിനിടയിലാണ് ആക്രമണം.
ചോലാര്‍ മലയിലെ കമ്പിക്കയം വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് വനപാലകര്‍ ആനയെ റബര്‍ ബുള്ളറ്റ് വച്ച് തുരുത്താന്‍ ശ്രമിച്ചു. ജനവാസ മേഖലയിലേക്ക് ആന ഓടി. കാട്ടാനയെ വെടിവച്ച് ഓടിക്കുന്ന വിവരമറിഞ്ഞ് കളിക്കാന്‍ പോയ കുട്ടികളെ തേടി വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിനു സമീപമെത്തിയപ്പോഴാണ് കല്യാണി അമ്മ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി ചവിട്ടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വെടിവയ്ക്കുന്ന കാര്യം വാര്‍ഡ് അംഗങ്ങളെയോ പഞ്ചായത്ത് അധികൃതരെയോ നാട്ടുകാരെയോ അറിയിച്ചിരുന്നില്ലെന്നാണ് ആരോപണം. ജില്ലയിലെ മലയോര ഗ്രാമങ്ങളില്‍ 42ലേറെ പേരാണ് ഇതുവരെ കാട്ടാനകളുടെ ആക്രമണങ്ങളില്‍ മരിച്ചത്. മൃതദേഹം വൈകിട്ട് ഏഴോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കല്യാണിയുടെ മരണം ആനയുടെ തുമ്പിക്കൈകൊണ്ടുള്ള പ്രഹരമേറ്റാണെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിന്റെ ഭാഗത്താണ് തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റത്. ഈ ഭാഗത്തെ എല്ലുകള്‍ പൊട്ടി ശ്വാസകോശത്തിലേക്കു തുളച്ചുകയറിയ നിലയിലായിരുന്നു. പരുക്കും രക്തസ്രാവവും മരണത്തിലേക്കു നയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഹിതേഷ് ശങ്കര്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു നേതൃത്വം നല്‍കി.