Tuesday, March 17, 2026 Last Updated 21 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 02.58 PM

പോക്കറ്റടിക്കുന്ന കള്ളനെ ചായ കുടിച്ച് കൊണ്ട് വീക്ഷിച്ച് പോലീസായ മമ്മൂട്ടി; മാപ്പപേക്ഷിച്ച് പഴ്സ് തിരികെ നല്‍കുന്ന കള്ളന്‍; കേരള പോലീസിന്റെ പരസ്യത്തിന് ഗോൾഡൻ ലൈക്ക്

uploads/news/2025/08/796876/Untitled-6.jpg
Mammootty on kerala police restrict pick pocketing (Image Source: Facebook)

ജനകീയ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയമാണ് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്. നിലവില്‍ ഇന്ത്യയിലെ തന്നെ പോലീസ് ഫെയ്‌സ്ബുക്ക് പേജുകളില്‍ ഒന്നാമതാണ് ഇത്. സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ വളരെ രസകരമായും പക്വമായും പങ്കിടാറുള്ള ഈ പേജിലെ പോസ്റ്റുകള്‍ വളരെപ്പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇവര്‍ പങ്കിടാറുള്ള പരസ്യചിത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ പോക്കറ്റടിക്കുന്നവരെ പിടിക്കാനായി എന്നും കേരള പോലീസ് ഒപ്പമുണ്ടാകും എന്നറിയിക്കുന്ന ഒരു പരസ്യചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഈ പരസ്യത്തില്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി എത്തുന്നു എന്നതു തന്നെയാണ് ജനങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രധാന കാരണം. ഒരു പോക്കറ്റടിക്കാരന്‍ മുന്നിലിരിക്കുന്ന ആളിന്റെ പോക്കറ്റില്‍ നിന്ന് പഴ്സ് അടിച്ചെടുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. വളരെ തന്ത്രപരമായി ഇതെടുത്ത ശേഷം നോക്കുന്ന പോലീസ് വേഷത്തിലുള്ള മമ്മൂട്ടിയുടെ മുഖ​ത്തേക്കാണ്. ചായ കുടിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ മുഖം കാണുമ്പോള്‍ തന്നെ ആ പഴ്സ് മോഷ്ടാവ് ഉടമയ്ക്ക് തിരികെ നല്‍കുന്നുമുണ്ട്. എല്ലാം കണ്ട് ചിരിക്കുന്ന മമ്മൂട്ടിയെയും വീഡി​​യോയില്‍ കാണാം. മമ്മൂട്ടിയുടെ സിനിമയില്‍ നിന്നുള്ള രംഗമാണ് ഇത്തവണ കേരള പോലീസ് പരസ്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
‘‘ഇവിടെ നിങ്ങൾക്കൊപ്പം തന്നെയുണ്ടാകും...സഹായങ്ങൾക്കായി വിളിക്കാം 112...’’ എന്ന ക്യാപ്ഷനും പരസ്യത്തിനൊപ്പം കേരള പോലീസ് നല്‍കിയിട്ടുണ്ട്.
വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്റുകളും കുറിക്കുന്നുണ്ട്. ‘മമ്മൂട്ടിയുടെ തിരിച്ചു വരവിലെ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ടുള്ള ഈ പോസ്റ്റിന് ഒരു ഗോൾഡൻ ലൈക്ക്, ആരാടാ ഇങ്ങനെയൊക്കെ കൺടെന്റ് ഉണ്ടാക്കുന്നത്... പ്രതിഭയാണ്.. പ്രതിഭാസമാണ്...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Wednesday 20 Aug 2025 02.58 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW