-->
ലണ്ടന്‍: ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളിലെ പുതിയ സീസണില്‍ ബോണ്‍മൗത്തിനെതിരേ നാടകീയ വിജയത്തോടെ ചാംപ്യന്മാരായ ലിവര്‍പൂള്‍ തുടങ്ങി. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ നാലുഗോളുകള്‍ എതിരാളികളുടെ വലയില്‍ നിക്ഷേപിച്ചാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീട പ്രതിരോധത്തിന് തുടക്കമിട്ടത്. എകിടികെ, ഗക്‌പോ, ചീയേസ, മൊഹമ്മദ് സലാ എന്നിവര്‍ ലിവര്‍പൂളിനായി ഗോളുകള്‍ കുറിച്ചപ്പോള്‍ സെമന്യോയായിരുന്നു ബേണ്‍മൗത്തിന്റെ രണ്ടു ഗോളുകളും നേടിയത്.
ജൂലൈയില്‍ ഒരു കാര്‍ അപകടത്തില്‍ മരിച്ച തങ്ങളുടെ മുന്‍ സഹപ്രവര്‍ത്തകന്‍ പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്‍ഡ്രെ സില്‍വയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ലിവര്‍പൂള്‍ കളിയ്ക്കിറങ്ങിയത്. കിക്കോഫിന് മുമ്പ് ഇരുടീമും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ജോട്ടയുടെ ജഴ്‌സി നമ്പറായ 20 നെ അനുസ്മരിപ്പിച്ച് കളിയുടെ 20-ാം മിനിറ്റില്‍ കരഘോഷം നടത്തുകയും ചെയ്തു.
ഇടവേളയ്ക്ക് എട്ട് മിനിറ്റ് മുമ്പ് ഒരു മികച്ച ഫിനിഷിലൂടെ ബോണ്‍മൗത്തിന്റെ കഠിനമായ ചെറുത്തുനില്‍പ്പിനെ തകര്‍ത്തത് ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ള 70 മില്യണ്‍ പൗണ്ടിന്റെ സൈനിംഗ് ഹ്യൂഗോ എകിറ്റികെ ആയിരുന്നു. ഇടവേളയ്ക്ക് ശേഷം നാല് മിനിറ്റ് കഴിഞ്ഞ് എകിറ്റികെ കോഡി ഗാക്‌പോയെക്കൊണ്ട് സ്‌കോര്‍ ചെയ്യിക്കുകയുമുണ്ടായി. റഫറി ആന്റണി ടെയ്ലര്‍ ആദ്യ പകുതിയില്‍ കളി നിര്‍ത്തി, ബോണ്‍മൗത്ത് ഫോര്‍വേഡ് അന്റോയിന്‍ സെമെന്യോ കാണികളില്‍ ഒരാളില്‍ നിന്ന് വംശീയമായി അധിക്ഷേപിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.
പിന്നാലെ സെമന്യ അതിന് മറുപടി നല്‍കി. മികച്ച സ്വഭാവവും ദൃഢനിശ്ചയവും പ്രകടിപ്പിച്ച സെമെന്യോ, 64 മിനിറ്റിനുശേഷം ക്ലോസ് റേഞ്ചില്‍ നിന്ന് ഒരു ഗോള്‍ നേടിയതോടെ ബോണ്‍മൗത്തിനെ വീണ്ടും മത്സരത്തിലേക്ക് നയിച്ചു, തുടര്‍ന്ന് 14 മിനിറ്റ് കഴിഞ്ഞ് സമനില ഗോള്‍ നേടി. ഒരു പോയിന്റ് നേടുമെന്ന് പ്രതീക്ഷയ്ക്ക് രണ്ടുമിനിറ്റേ ആയുസുണ്ടായിരുന്നുള്ളു. ഫെഡറിക്കോ ചീസയുടെ അപ്രതീക്ഷിത ഗോളിലൂടെ ലിവര്‍പൂള്‍ വീണ്ടും മുന്നിലെത്തി. തന്റെ ആദ്യ പ്രീമിയര്‍ ലീഗ് ഗോളായിരുന്നു. പിന്നാലെ, മുഹമ്മദ് സലായും ഗോള്‍ നേടി.