Friday, March 13, 2026 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 28 Apr 2025 12.29 PM

ടോട്ടനത്തെ 5-1 ന് മുക്കി, നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ ലിവര്‍പൂളിന് പ്രീമിയര്‍ലീഗ് കിരീടം

uploads/news/2025/04/778147/liverpool.jpg

ലണ്ടന്‍ : അഞ്ചുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് കിരീടത്തിലേക്ക് മടങ്ങിയെത്തി ചെമ്പടയുടെ മുന്നേറ്റം. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ ലിവര്‍പൂള്‍ കിരീടം ചൂടി. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ആന്‍ഫീല്‍ഡ് ടീം കിരീടനേട്ടത്തിലേക്ക് എത്തിയത്. യുര്‍ഗന്‍ ക്‌ളോപ്പ് പരിശീലക കസേര ഉപേക്ഷിച്ച ശേഷം എത്തിയ മാനേജര്‍ ആര്‍നേ സ്‌ളോട്ടിന് പരിശീലിപ്പിച്ച ആദ്യ സീസണില്‍ ടീം കിരീടത്തിലെത്തി.

ടോട്ടന്‍ഹാമിനെതിരെ 5-1 ന് നേടിയ തകര്‍പ്പന്‍ വിജയത്തോടെ ലിവര്‍പൂള്‍ അവരുടെ ഇരുപതാം ടോപ്പ്-ഫ്‌ലൈറ്റ് കിരീടം നേടിയെടുത്തത്. 2019-20 സീസണിന് ശേഷമുള്ള അവരുടെ ആദ്യത്തെ പ്രീമിയര്‍ ലീഗ് കിരീടമാണിത്. കോവിഡ് പാന്‍ഡെമിക് കാരണം ആരാധകരെ സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കാതിരുന്ന സമയത്തായിരുന്നു ഇതിന് മുമ്പ് ലിവര്‍പൂള്‍ കിരീടം നേടിയത്. ഈ വിജയത്തോടെ പ്രീമിയര്‍ ലീഗില്‍ 20 കിരീടമെന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കിരീടനേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ ലിവര്‍പൂളിന് കഴിഞ്ഞിരിക്കുകയാണ്.

ഒരു ക്ലബ്ബില്‍ തന്റെ ആദ്യ സീസണില്‍ തന്നെ പ്രീമിയര്‍ ലീഗ് നേടുന്ന ആറാമത്തെ മാനേജരായി ആര്‍നെ സ്ലോട്ട് ഇന്നലെ മാറി. കഴിഞ്ഞ വേനല്‍ക്കാലത്ത് ജര്‍ഗന്‍ ക്ലോപ്പില്‍ നിന്ന് ആന്‍ഫീല്‍ഡില്‍ ചുമതലയേറ്റ ഡച്ച്മാന്‍, മുന്‍ ചെല്‍സി മാനേജര്‍മാരായ ജോസ് മൗറീഞ്ഞോ, കാര്‍ലോ ആന്‍സെലോട്ടി, അന്റോണിയോ കോണ്ടെ, ഒരു ക്ലബ്ബില്‍ അരങ്ങേറ്റ സീസണില്‍ തന്നെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടം നേടിയ മാനുവല്‍ പെല്ലെഗ്രിനി (മാഞ്ചസ്റ്റര്‍ സിറ്റി), ക്ലോഡിയോ റാനിയേരി എന്നിവര്‍ക്കൊപ്പം ചേര്‍ന്നു.

അവസാന മത്സരത്തില്‍ 5-1 നായിരുന്നു ലിവര്‍പൂള്‍ ജയിച്ച് കയറിയത്. ഡയസ്, മക് അലിസ്റ്റര്‍, ഗക്‌പോ, മൊഹമ്മദ് സലാ എന്നിവര്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ടോട്ടനം താരം ഉഡോഗിയുടെ വകയായിരുന്നു അവസാനഗോള്‍. സോളങ്കിയുടെ ഗോളില്‍ ആദ്യം മുന്നിലെത്തിയ ശേഷമായിരുന്നു ടോട്ടനത്തെ ലിവര്‍പൂള്‍ തകര്‍ത്തുവിട്ടത്. നാലു കളികള്‍ കൂടി ബാക്കി നില്‍ക്കേ 34 കളിയില്‍ നിന്നും ലിവര്‍പൂള്‍ 82 പോയിന്റുകളാണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിന് 67 പോയിന്റാണ് ഉള്ളത്.

അടുത്ത നാലു മത്സരം ജയിച്ചാല്‍ പോലും ആഴ്‌സണലിന് 79 പോയിന്റേ ലഭിക്കു. കളിച്ച 34 മത്സരങ്ങളില്‍ 25 ലും ജയിച്ച ലിവര്‍പൂള്‍ രണ്ടു മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. ഏഴു കളി സമനിലയിലായി. 80 ഗോളുകളാണ് ടീം നേടിയത്. വഴങ്ങിയത് 32 ഗോളുകളും. മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്താണ്. 61 പോയിന്റാണുള്ളത്. ചെല്‍സി അഞ്ചാമതും വന്നപ്പോള്‍ ലിവര്‍പൂളിനൊപ്പം 20 തവണ ചാംപ്യന്മാരായിട്ടുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 14 ാം സ്ഥാനത്താണ്.

Ads by Google
Ads by Google
TRENDING NOW