-->
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു രാജ്യമെമ്പാടും രക്ഷാബന്ധന്‍ മഹോത്സവം ആഘോഷിച്ചത്. സമൂഹത്തിന് മഹത്തായ സഹോദരി-സഹോദര ബന്ധം എന്ന സന്ദേശമാണ് രക്ഷാബന്ധന്‍ മഹോത്സവം നല്‍കുന്നത്. ഈ ദിവസത്തിലെ പ്രധാന ചടങ്ങ് രാഖി ബന്ധനമാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നതും ഒരു രക്ഷാബന്ധന്‍ ആഘോഷമാണ്.പട്‌നയില്‍ ഒരു അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികളോടൊപ്പമാണ് ഇത്തവണ രക്ഷാബന്ധന്‍ ആഘോഷമാക്കിയത്.
ഒന്നും രണ്ടും അല്ല 15,000 ഓളം രാഖികള്‍ ആണ് അദ്ദേഹത്തിന്റെ കൈയില്‍ കെട്ടിയിരിക്കുന്നത്. അധ്യാപകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ വിദ്യാര്‍ത്ഥികള്‍ തനിക്ക് സഹോദരിമാരെ പോലെയാണെന്നും അവരുടെ വാത്സല്യം തന്നെ വളരെയധികം സ്പര്‍ശിച്ചുവെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി. രാഖികളുടെ ഭാരം കാരണം തനിക്ക് കൈ ഉയര്‍ത്താന്‍ പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു അധ്യാപകന്‍ എന്ന നിലയില്‍ മാത്രമല്ല, മതമോ മറ്റ് വ്യത്യാസങ്ങളോ പരിഗണിക്കാതെ, അവരുടെ അക്കാദമിക് യാത്രയില്‍ അവരെ പിന്തുണയ്ക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു സഹോദരന്‍ എന്ന നിലയിലും തന്നെ വിലമതിച്ചതിന് അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളോട് നന്ദി പറഞ്ഞു. ''ജാതി, മതം, സംസ്ഥാനം, മറ്റ് വ്യത്യാസങ്ങള്‍ എന്നിവ മാറ്റിവെച്ചാണ് ഈ പെണ്‍കുട്ടികള്‍ എന്റെ കൈത്തണ്ടയില്‍ രാഖി കെട്ടുന്നത്. ഇത് മനുഷ്യത്വത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമാണ്. ഇതിനേക്കാള്‍ വലിയ ഒരു ഉത്സവം (രക്ഷാ ബന്ധന്‍) ഉണ്ടാകില്ല,'' അദ്ദേഹം പറഞ്ഞു.